മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വിട നല്‍കാനൊരുങ്ങി കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്
ആലങ്ങാട് ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30ഓടെയാണ് ഖബറടക്കം.

Published : January 7, 2026 at 8:25 AM IST
എറണാകുളം: അന്തരിച്ച മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ സംസ്‌കാരം ഇന്ന് (ജനുവരി 07) നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30ഓടെയാണ് ഖബറടക്കം. ഇന്നലെയാണ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് മരിച്ചത്. വിവരം അറിഞ്ഞ് ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
ഇന്നലെ രാത്രിയാണ് കളമശേരിയിെല പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടില്‍ എത്തിച്ചത്. രാവിലെ 9 മണി വരെ വീട്ടിലെ പൊതുദര്‍ശനം തുടരും. തുടര്‍ന്ന് 10.30ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ആലങ്ങാട് ജുമാ മസ്‌ജിദില്‍ ഖബറടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി മന്ത്രി പി. രാജീവ് എന്നിവര്‍ ഇന്നലെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കെസി വേണുഗോപാല്‍ പികെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍ തുടങ്ങിയവരും ആലുവയിലെ വീട്ടിലെത്തി. കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള മറ്റ് രാഷ്‌ട്രീയ നേതാക്കള്‍ ഇന്ന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മരണം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ലീഗിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസം നടക്കാനിരുന്ന പരിപാടികള്‍ മാറ്റിവച്ചിരിക്കുകയാണ് മുസ്‌ലീം ലീഗ്. എംഎസ്‌എഫിലൂടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ്.
Also Read: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

