മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടു; മലയാളി സംഘം നേപ്പാളിൽ നിന്ന് തിരികെയെത്തി
കൈലാസ് മാനസസരോവർ യാത്രയ്ക്കുപോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘം ഇന്നലെ രാത്രി 12.30ഓടെ കാഠ്‌മണ്ഡുവിലെത്തി.

Published : August 30, 2026 at 4:07 PM IST
കോഴിക്കോട്: നേപ്പാളിലെ കനത്ത പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരും വിനോദസഞ്ചാരികളും സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങുന്നു. കൈലാസ് മാനസസരോവർ യാത്രയ്ക്കുപോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘം ഇന്നലെ രാത്രി 12.30ഓടെ കാഠ്‌മണ്ഡുവിലെത്തി. കൈലാസത്തിൻ്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ പ്രളയത്തിൽ കുടുങ്ങിയ സംഘത്തെ കോട്ടാരി വഴി സേവ ക്യാമ്പിലെത്തിച്ച ശേഷമാണ് കാഠ്‌മണ്ഡുവിലേക്ക് മാറ്റിയത്. സംഘം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്‌ടർമാരുടെ സംഘവും സുരക്ഷിതമായി യാത്ര തുടരുകയാണ്. കൈലാസ് ദർശനം പൂർത്തിയാക്കിയ സംഘം ഇന്ന് വൈകുന്നേരത്തോടെ കാഠ്‌മണ്ഡുവിലെത്തും. സംഘത്തിലെ മറ്റുള്ളവർ കേരളത്തിൽ വേരുകളുള്ള ബ്രിട്ടീഷ് പൗരന്മാരാണ്. അതേസമയം, ട്രാവൽ ഏജൻസി വഴി കാഠ്‌മണ്ഡുവിലേക്ക് വിനോദയാത്ര പോയ 44 അംഗ സംഘവും സുരക്ഷിതമായി ഇന്ത്യയിലെത്തി. ഗോരഖ്‌പൂരിൽ നിന്ന് ബസ് മാർഗം യാത്ര തിരിച്ച സംഘം ഇന്ന് രാത്രി 8.30ഓടെ ബെംഗളൂരുവിലെത്തും. തുടർന്ന് സംഘം നാളെ (ഓഗസ്റ്റ് 31) രാവിലെ കോഴിക്കോട്ടെത്തും.
പ്രളയസാഹചര്യത്തിൽ നോർക്ക റൂട്ട്സ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണെന്ന് പിആർഡി അറിയിച്ചു. ഇതിൽ 16 പേർ ഇന്നലെ നാട്ടിലെത്തി. ശേഷിക്കുന്ന ഏഴ് പേരെക്കുറിച്ചാണ് ഇനി വിവരങ്ങൾ ലഭിക്കാനുള്ളത്. ഇവരിൽ നാല് പേർ ഓസ്ട്രേലിയൻ പൗരന്മാരും മറ്റുള്ളവർ യുഎസ്, ബ്രിട്ടീഷ് പൗരന്മാരുമാണ്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മലയാളികൾക്ക് കേരളത്തിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് സ്വീകരിച്ചുവരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേപ്പാൾ പ്രളയം
നേപ്പാളിലുണ്ടായ മിന്നൽ പ്രളയം വൻ നാശനഷ്‌ടമാണ് പ്രദേശമത്താകമാനം സൃഷ്‌ടിച്ചത്. നിലവിൽ 691 പേർ മരിച്ചതായാണ് കണക്ക്. പ്രദേശത്ത് തെരച്ചിൽ നാലാദിവസവും തുടരുകയാണ്. തെരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഇതിനോടകം 18000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ദുരന്തത്തിൽപ്പെട്ടവരെ തിരിച്ചറിയുന്നതിനും ഫോറൻസിക് പരിശോധനകൾക്കുമായി പ്രത്യേക ഡിഎൻഎ ഉപകരണങ്ങളുമായി ഇന്ത്യൻ ഫോറൻസിക് വിദഗ്ദ്ധരുടെ ഒരു സംഘവും നേപ്പാളിൽ എത്തിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിന് അടിയന്തര സാങ്കേതിക, മെഡിക്കൽ, മെറ്റീരിയൽ സഹായം നൽകാനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമത്തിൻ്റെ ഭാഗമായാണ് നാലാമത്തെ വിമാനവും ഇന്ത്യ ദുരന്തബാധിത പ്രദേശത്തേയ്‌ക്ക് അയച്ചിട്ടുണ്ട്.
ALSO READ: നേപ്പാളിലും ടിബറ്റിലും വെള്ളപ്പൊക്കം; പെട്ടെന്നുള്ള ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം?

