കൊച്ചി കായലിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പൊക്കിൾക്കൊടി മുറിക്കാത്ത നിലയിൽ പെൺകുഞ്ഞ്
ആശാവർക്കർമാരുടെ സഹായത്തോടെ ഗർഭിണികളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

Published : February 24, 2026 at 10:52 PM IST
എറണാകുളം: നഗരമധ്യത്തിലെ കായലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എറണാകുളം മറൈൻ ഡ്രൈവിന് സമീപമാണ് പൂർണവളർച്ചയെത്താത്ത പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുള്ള കുഞ്ഞിൻ്റെ തലയിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പൊലീസിൽനിന്നുള്ള പ്രാഥമിക വിവരം.
ചൊവ്വാഴ്ച രാവിലെ മറൈൻ ഡ്രൈവിൽ പ്രഭാതസവാരിക്കിറങ്ങിയവരും ബോട്ട് യാത്രക്കാരുമാണ് കായലിൽ സംശയാസ്പദമായ രീതിയിൽ ഒരു പൊതി ഒഴുകിനടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് കൊച്ചി സെൻട്രൽ പൊലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച കളമശേരി മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. ഇതിൻ്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നതിനെക്കുറിച്ചും വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം ഊർജിതം
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത സെൻട്രൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം കായലിലെ ഒഴുക്കിൽപ്പെട്ട് ദൂരെനിന്ന് എത്തിയതാണോ അതോ സമീപപ്രദേശത്ത് വച്ചുതന്നെ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. രാത്രികാലങ്ങളിൽ ആരെങ്കിലും മൃതദേഹം കായലിൽ ഉപേക്ഷിച്ചതാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കായൽ തീരത്തെ താമസക്കാരെയും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളെയും കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനും കുഞ്ഞിനെ ഉപേക്ഷിച്ചവരെ ഉടൻ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയുള്ള വിവരശേഖരണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഗർഭിണികളായിരുന്നവരും അടുത്തിടെ പ്രസവത്തീയതി കുറിച്ചിരുന്നവരുമായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പരിശോധന. ഗർഭിണിയായിരുന്ന വിവരം മറച്ചുവച്ചവരോ പെട്ടെന്ന് നാടുവിട്ടുപോയവരോ ഈ കൂട്ടത്തിലുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
എറണാകുളം നഗരത്തിന് പുറമെ വൈപ്പിൻ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ തീരദേശ മേഖലകളിലും സമീപ ജില്ലകളായ ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പുറമെ ജനവാസ മേഖലകളിലെ ചെറിയ ക്ലിനിക്കുകളിലും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രസവ കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കും. പൊക്കിൾക്കൊടി മുറിക്കാത്ത നിലയിലുള്ള മൃതദേഹം വ്യക്തമാക്കുന്നത്, മതിയായ വൈദ്യസഹായമില്ലാതെ ഏതെങ്കിലും ഫ്ലാറ്റിലോ വാടക മുറിയിലോ ആളൊഴിഞ്ഞ പ്രദേശത്തോ വച്ച് നടന്ന രഹസ്യ പ്രസവത്തിന് ശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ്.
ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും
സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. മറൈൻ ഡ്രൈവ് വാക്ക്‌വേ, ഹൈക്കോടതി ജംഗ്ഷൻ, മേനക, സുഭാഷ് പാർക്ക്, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലെ നൂറിലധികം കാമറകളാണ് പ്രധാനമായും പരിശോധിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ ഈ ഭാഗത്ത് സംശയാസ്പദമായി വന്നുപോയ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ നമ്പറുകൾ ട്രാഫിക് പൊലീസിൻ്റെ സഹായത്തോടെ ശേഖരിച്ചുവരികയാണ്.
ഇതിനൊപ്പം സൈബർ സെല്ലിൻ്റെ സഹായത്തോടെ മറൈൻ ഡ്രൈവ് പരിസരത്തെ മൊബൈൽ ടവർ ഡംപ് ഡാറ്റയും അനലൈസ് ചെയ്യുന്നുണ്ട്. അസ്വാഭാവിക സമയങ്ങളിൽ ഈ പ്രദേശത്ത് സജീവമായിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സംഘത്തിൻ്റെ തീരുമാനം. കുറ്റവാളികളെ കണ്ടെത്താൻ ഡിഎൻഎ പരിശോധന തന്നെയാകും പ്രധാന ആയുധം. ഫൊറൻസിക് വിദഗ്ധർ ശേഖരിക്കുന്ന കുഞ്ഞിൻ്റെ സാമ്പിളുകൾ പ്രതികളെ പിടികൂടിയാൽ അവരുടെ ഡിഎൻഎയുമായി ശാസ്ത്രീയമായി ഒത്തുനോക്കി തെളിവ് ഉറപ്പിക്കും.
കുഞ്ഞിൻ്റെ തലയിലുള്ള മുറിവ് പൊലീസിൽ വലിയ സംശയങ്ങളാണ് ഉയർത്തുന്നത്. കുഞ്ഞിനെ കായലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ കല്ലിലോ ബോട്ടിലോ തട്ടി ഉണ്ടായ മുറിവാണോ അതോ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജനിച്ചയുടനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതാണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതോടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. കുഞ്ഞ് ജനിക്കുമ്പോൾ ജീവനുണ്ടായിരുന്നോ അതോ മരിച്ചാണോ ജനിച്ചത് എന്ന കാര്യവും ശാസ്ത്രീയ പരിശോധനയിലൂടെ തെളിയേണ്ടതുണ്ട്. ജീവനുള്ള കുഞ്ഞിനെയാണ് കായലിലെറിഞ്ഞതെങ്കിൽ കൊലപാതകം ഉൾപ്പെടെയുള്ള അതിഗുരുതരമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തും.
Also Read:- പോഷക സമൃദ്ധമായ ആരോഗ്യമോദകവും ഹെല്‍ത്ത് മിക്‌സും, "ആരോഗ്യരഹസ്യം" തേടി തരംഗമായി കണ്ണൂരിലെ ആയുര്‍വേദ എക്‌സ്‌പോ

