സംസ്ഥാനത്ത് 38 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്‌റ്റംബർ 28ന് ; വോട്ടെണ്ണല്‍ 29ന്
ഒഴിവുവന്ന ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ ഉള്‍പ്പെടെ, സംസ്ഥാനത്തെ 38 തദ്ദേശ ഭരണ വാര്‍ഡുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

Published : September 1, 2026 at 5:53 PM IST
|Updated : September 1, 2026 at 6:05 PM IST
തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സുധീര്‍ഷാ പാലോട് രാജിവച്ചതിലൂടെ ഒഴിവുവന്ന ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ ഉള്‍പ്പെടെ, സംസ്ഥാനത്തെ 38 തദ്ദേശ ഭരണ വാര്‍ഡുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വിജ്ഞാപനം സെപ്‌തംബര്‍ മൂന്നിന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ
കല്ലറ ഡിവിഷന് പുറമേ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷന്‍, മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ്, തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട, പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി, റാന്നി ഗ്രാമപഞ്ചായത്തിലെ 14 ബ്ലോക്ക് പടി വാര്‍ഡുകളിലും കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ചീരംകുളം വാര്‍ഡ്, ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍, പാമ്പാടി ഗ്രാമപഞ്ചായത്തിലെ കുമ്പന്താനം വാര്‍ഡ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടുക്കി ജില്ലയിൽ മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡ്, എറണാകുളം വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മടപ്ലാത്തുരുത്ത്, പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്‌റ്റ്, പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയനം തെക്ക്, കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡുകള്‍, തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി ഡിവിഷനുകള്‍, തളിക്കുളം ഗ്രാമപഞ്ചായത്ത് ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി മുന്‍സിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ ഓഫിസ് വാര്‍ഡുകള്‍.
പാലക്കാട് ജില്ലയിൽ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ള, കറിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം, ശ്രീകൃഷ്‌ണപുരം ഗ്രാമപഞ്ചായത്തിലെ രാഗംകോര്‍ണര്‍ വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷന്‍, ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാര്‍ഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗര്‍ ഡിവിഷന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷന്‍, മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ, മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ, കാലടി ഗ്രാമപഞ്ചായത്തിലെ വെറൂര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കല്‍, കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്‌റ്റ്, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ വാര്‍ഡുകള്‍, വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡ്, കാസര്‍കോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പിലിക്കോട് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് സെപ്‌തംബർ 28 ന്
സെപ്‌തംബർ 28 ന് രാവിലെ എഴുമുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്‌തംബര്‍ 29 ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ ഇന്നു മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ അറിയിച്ചു.
കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 5000 രൂപയും മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും മത്സരിക്കുന്നവര്‍ 4000 രൂപയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ 2000 രൂപയും നിക്ഷേപത്തുകയായി കെട്ടിവയ്ക്കണം. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഇതിൻ്റെ പകുതി തുക മതി. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിയ്‌ക്ക് പരമാവധി 1.5 ലക്ഷം രൂപയും മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കു മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് 75000 രൂപയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് 25,000 രൂപയുമാണ് തെരഞ്ഞെടുപ്പ് ചെലവ് പരിധി.
Also Read: തൂഫാനെ എതിർത്തിട്ടില്ല; എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അറിയില്ലെങ്കിൽ രേവന്ത് റെഡ്ഡിയോട് ചോദിക്കണം: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി പിണറായി

