ETV Bharat / state

ഇവിടെ ഭാഷ അടിച്ചേൽപ്പിക്കില്ല... ഹിന്ദിയിലും ഉറുദുവിലും പ്രാർഥന നടത്താം; അതിഥി തൊഴിലാളികള്‍ക്ക് പള്ളി തുറന്ന് നൽകി മഹല്ല് കമ്മിറ്റി

200 ഓളം അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ഉറുദു ഭാഷകളിൽ ഖുത്‌ബ ചൊല്ലിയാണ് പള്ളി തുറന്ന് കൊടുത്തത്.

EDAVANNA MAHAL COMMITTEE  LATEST NEWS MALAYALAM  LAJNATHUL ISLAHI MAHALLU COMMITTEE  EDAVANNA MAHAL MALAPPURAM
Renovated Edavanna Mosque And Workers Praying Inside The Mosque (ETV Bharat)
author img

By ETV Bharat Kerala Team

Published : February 26, 2026 at 5:05 PM IST

2 Min Read
Choose ETV Bharat

മലപ്പുറം: ഈ റമദാൻ മാസത്തിൽ അതിഥി തൊഴിലാളികള്‍ക്ക് ഇനി അവരുടെ ഭാഷയിൽ തന്നെ ഖുത്‌ബ ചൊല്ലാം. സാധാരണ മലയാളത്തിലുള്ള പ്രാർഥനകള്‍ അതിഥി തൊഴിലാളികള്‍ക്ക് മനസിലാകാറില്ല. ഈ സാഹചര്യത്തിലാണ് പഴയ പള്ളി പുതുക്കിപ്പണിഞ്ഞ് തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയിൽ തന്നെ പ്രാർഥന ചൊല്ലാനായി തുറന്ന് കൊടുത്തത്.

200 ഓളം അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ഉറുദു ഭാഷകളിൽ ഖുത്‌ബ ചൊല്ലിയാണ് പള്ളി തുറന്ന് കൊടുത്തത്. അതിഥി തൊഴിലാളികളുടെ മാതൃഭാഷയായ ഹിന്ദിയിൽ ഖുത്ബ‌ നിർവഹിക്കാൻ സൗകര്യമൊരുക്കി ജുമാ മസ്‌ജിദ് തുറന്നുകൊടുത്തത് സമാവിഷ്‌ടതയുടെയും സൗഹൃദത്തിൻ്റെയും ഉദാഹരണമായി മാറിയിരിക്കുന്നുവെന്ന് പള്ളി ഭാരവാഹികള്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വര്‍ഷങ്ങളായി പ്രദേശത്തെ പല കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടിരുന്നൊരു പ്രധാന പ്രശ്‌നമായിരുന്നു ജുമുഅയ്ക്ക് മുമ്പുള്ള മലയാളം ഖുത്ബ. ഇത് അതിഥി തൊഴിലാളികൾക്ക് മനസിലാക്കാൻ ഏറെ പ്രയാസമായിരുന്നു. ഇതേത്തുടർന്ന് തൊളിലാളികൾ ഖുത്‌ബയിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു. തുടര്‍ന്ന് വിഷയം കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജുമുഅ നടത്തുന്നതിനായി പള്ളി തന്നെ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

അങ്ങനെ പുതുക്കി പണിത പള്ളി എല്ലാ സജ്ജീകരങ്ങളോടും കൂടിയാണ് തൊഴിലാളികൾക്ക് കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആദ്യത്തെ ഉറുദു ഖുത്ബയും നടത്തിയത്. പള്ളിയുടെ ഇരുനിലകളും നിറഞ്ഞു വിശ്വാസികൾ പുറത്തേക്കും നിരന്ന കാഴ്‌ചയാണിപ്പോള്‍ ഇവിടെ കാണാൻ സാധിക്കുക. അതിഥി തൊഴിലാളികള്‍ ധാരാളമായി താമസിക്കുന്ന പ്രദേശമാണിവിടം.

സമീപ പ്രദേശങ്ങളിലെ ഇമാമുമാരുടെ സഹകരണത്തോടെയും തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നേരിട്ട് വിവരം അറിയിച്ചുമാണ് വലിയ പങ്കാളിത്തം ഉറപ്പാക്കിയത്. എടവണ്ണ ജാമിഅ നദ്‌വിയ്യ അറബിക് കോളജില്‍ (Edavanna Jamia Nadwiyya) നിന്ന് ഹിന്ദിയിലും ഉറുദുവിലും പ്രാവീണ്യമുള്ള ഒരു ഖുർആൻ അധ്യാപകനാണ് ഉർദുവിൽ ഖുത്ബ‌യ്ക്ക് നേതൃത്വം നൽകിയത്. ഇദ്ദേഹത്തെ ഖത്തീബ് (പ്രഭാഷണം നടത്തുന്ന വ്യക്തി) ആയി നിയമിക്കുകയും ചെയ്‌തു.

നോമ്പ് വെറും പട്ടിണിയല്ല, ആത്മീയ ഉണർവിൻ്റെയും പാപമോചനത്തിൻ്റെയും കാലമാണെന്ന സന്ദേശം ഖുത്ബ‌യിൽ ഉയർന്നു. നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്ന വിശ്വാസികൾക്ക് നോമ്പുതുറക്കാനുള്ള ഈന്തപ്പഴം നൽകി കമ്മിറ്റി സ്വീകരിച്ചു. സ്വന്തം ഭാഷയിൽ ആത്മീയ ആശ്വാസം ലഭിച്ചതിൻ്റെ സന്തോഷം തൊഴിലാളികളുടെ മുഖങ്ങളിൽ തെളിഞ്ഞിരുന്നു.

തൊഴിലിനായി കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് തങ്ങളുടെ ഭാഷയിൽ ആത്മീയ സന്ദേശം കേൾക്കാനുള്ള അവസരം അപൂർവമാണെന്ന തിരിച്ചറിവാണ് മഹല്ല് കമ്മിറ്റിയെ പുത്തൻ തീരുമാനത്തിലേക്ക് നയിച്ചത്. മുൻപ് നിസ്‌കാര പള്ളിയായിരുന്ന കെട്ടിടം, പൂർണമായി ശീതീകരിച്ച് ആധുനിക സൗകര്യങ്ങളോടെ ജുമാ മസ്‌ജിദായി നവീകരിക്കുകയായിരുന്നു.

Also Read: 'കേരള സ്റ്റോറി' ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും; സിനിമ കാണുന്ന തീയതിയിൽ തീരുമാനമായില്ല