കൈക്കൂലി, റെയ്ഡ് വിവരം ചോർത്തൽ; സ്വർണക്കടത്ത് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന് 'നിർബന്ധിത വിരമിക്കൽ'
സ്വർണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ നടപടി.

Published : January 8, 2026 at 1:02 PM IST
എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള നിർണായക കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കൈക്കൂലി ആരോപണം, ഔദ്യോഗിക വിവരങ്ങൾ ചോർത്തൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നിർബന്ധിത വിരമിക്കൽ (Compulsory Retirement) നൽകി ഉത്തരവിറക്കിയത്. അഴിമതിക്കും കൃത്യവിലോപത്തിനുമെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അസാധാരണ നടപടിയുടെ ഭാഗമായി രാഷ്ട്രപതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ഉത്തരവിൽ ഒപ്പുവച്ചത്.
തിരുവനന്തപുരം സ്വദേശിയായ പി രാധാകൃഷ്ണൻ സംസ്ഥാനം കണ്ട ഏറ്റവും വലിയ വിവാദമായ സ്വർണക്കടത്ത് കേസിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥനാണ്. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിയപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. കേസ് അന്വേഷണം അട്ടിമറിക്കാനും റെയ്ഡ് വിവരങ്ങൾ ചോർത്താനും ഇദ്ദേഹം കൂട്ടുനിന്നു എന്ന് ബിജെപി നേതാക്കൾ അന്ന് ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വരെ അന്വേഷണം നീളുന്ന ഘട്ടത്തിൽ പെട്ടെന്ന് അന്വേഷണം നിലച്ചുപോയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സ്വപ്ന സുരേഷ്, എം ശിവശങ്കർ തുടങ്ങിയവരുടെ അറസ്റ്റിന് ശേഷം അന്വേഷണം എങ്ങുമെത്താതെ പോയത് ഒത്തുതീർപ്പിൻ്റെ ഭാഗമാണെന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ആക്ഷേപം.
കേസ് അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊമോഷൻ ലഭിച്ചിട്ടും അദ്ദേഹം കൊച്ചിയിൽ തന്നെ തുടർന്നു. പിന്നീട് കരുവന്നൂർ കേസ് അടക്കം ചില കാര്യങ്ങൾ നോക്കിയെങ്കിലും പ്രധാന ചുമതലകൾ നൽകിയിരുന്നില്ല. ഇതിനിടെ ധനകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ കൈക്കൂലി ആരോപണങ്ങളും വിവരങ്ങൾ ചോർത്തലുമടക്കമുള്ള പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ശിപാർശ ചെയ്തത്.
അന്വേഷണ വഴിയിലെ അട്ടിമറികൾ
കേന്ദ്ര സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അപൂർവമായി മാത്രം പ്രയോഗിക്കാറുള്ള അച്ചടക്ക നടപടിക്രമമാണ് ഇപ്പോൾ പി രാധാകൃഷ്ണൻ്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഫണ്ടമെൻ്റൽ റൂൾ 56 (ജെ) പ്രകാരമാണ് ഈ നിർബന്ധിത വിരമിക്കൽ നടപ്പിലാക്കിയിരിക്കുന്നത്. പൊതുതാത്പര്യം മുൻനിർത്തി, അഴിമതി ആരോപണങ്ങൾ നേരിടുന്നതോ കാര്യക്ഷമതയില്ലാത്തതോ ആയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണിത്.
നയതന്ത്ര സ്വർണക്കടത്ത് കേസിൻ്റെ നാൾവഴികളിൽ പി രാധാകൃഷ്ണൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ ചോദ്യം ചെയ്യുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും ഇദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. എന്നാൽ, അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും ഭരണതലത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്കും നീളുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മെല്ലെപ്പോക്ക് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. പല നിർണായക തെളിവുകളും ശേഖരിക്കുന്നതിൽ വീഴ്ച വരുത്തി എന്നും, റെയ്ഡ് നടത്തുന്നതിന് മുൻപ് തന്നെ ഇടനിലക്കാർ വഴി വിവരം ചോർത്തി നൽകി പ്രതികളെ തെളിവ് നശിപ്പിക്കാൻ സഹായിച്ചു എന്നും ഇൻ്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന പരാതിയുമായി ബിജെപി സംസ്ഥാന നേതൃത്വം പലതവണ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അന്വേഷണ ഏജൻസികളിലെ ചില ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചിലരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കേസ് അട്ടിമറിക്കാൻ കാരണമെന്ന് അവർ ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് സ്വപ്ന സുരേഷ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തിയതും രാധാകൃഷ്ണനെതിരെ റിപ്പോർട്ട് നൽകിയതും. ഇഡിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം കർശന നടപടിയുണ്ടാകുന്നത് സേനയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കമായി വിലയിരുത്തപ്പെടുന്നു.
കരുവന്നൂരിലും ദുരൂഹത
സ്വർണക്കടത്ത് കേസിന് പുറമെ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലും സമാനമായ രീതിയിലുള്ള ഒത്തുകളി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. കരുവന്നൂർ കേസിൽ സിപിഎം നേതാക്കൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം കൃത്യസമയത്ത് മുന്നോട്ട് കൊണ്ടുപോകാതിരുന്നത് ഇദ്ദേഹത്തിൻ്റെ ഇടപെടൽ മൂലമാണെന്ന ആക്ഷേപവും ശക്തമാണ്. ചെന്നൈ സോണൽ ഓഫിസിലേക്ക് ജോയിൻ്റ് ഡയറക്ടറായി സ്ഥലംമാറ്റം ലഭിച്ചിട്ടും അത് നിരസിച്ച് ഡെപ്യൂട്ടി ഡയറക്ടർ പദവിയിൽ കൊച്ചിയിൽ തന്നെ തുടരാൻ അദ്ദേഹം കാണിച്ച താത്പര്യം ദുരൂഹമായിരുന്നു. കൊച്ചിയിൽ തുടർന്നുകൊണ്ട് അന്വേഷണ വിവരങ്ങൾ പുറത്തുവിടുകയും പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടാക്കുകയും ചെയ്തുവെന്ന ഗുരുതരമായ കണ്ടെത്തലാണ് അദ്ദേഹത്തിന് വിനയായത്.
സർവീസിൽ നിന്ന് നീക്കം ചെയ്തതുകൊണ്ട് പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായി തടയപ്പെടില്ലെങ്കിലും, ഇത്തരമൊരു നടപടി അദ്ദേഹത്തിൻ്റെ സർവീസ് റെക്കോർഡിൽ വലിയ കരിനിഴൽ വീഴ്ത്തുന്നതാണ്. മാത്രമല്ല, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നു എന്ന സംസ്ഥാന സർക്കാരിൻ്റെ ആരോപണങ്ങൾക്കിടയിലും, സ്വന്തം ഏജൻസിയിലെ തന്നെ ‘കള്ളനാണയങ്ങളെ’ പുറത്താക്കാൻ കേന്ദ്രം തയാറായത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം കൂടി ഈ നടപടിക്ക് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മറ്റ് ഉദ്യോഗസ്ഥർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ നടപടി.
Also Read:- അനധികൃത സ്വത്ത് സമ്പാദനം: പി വി അൻവറിന് നിർണായകം; ഇഡി ചോദ്യം ചെയ്യുന്നു

