തദ്ദേശ തെരഞ്ഞെടുപ്പുകളിലെ എഐ ഉപയോഗം; 'വ്യാജ പ്രചരണങ്ങളുണ്ടാകും'; നിയന്ത്രണമേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ എഐ ഉപയോഗത്തിന് നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വ്യാജ ചിത്രങ്ങളും പേരുകളും അടക്കം പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് വിശദീകരണം. നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പ്.

Published : November 17, 2025 at 5:52 PM IST
വിദ്യാഭ്യാസം അടക്കം സര്‍വ്വ മേഖലയിലും ഇന്ന് എഐ സ്വാധീനമാണ്. എഐ സ്വാധീനമില്ലാത്ത മേഖലകൾ വളരെ കുറവാണ് അല്ല അങ്ങനെയൊരു മേഖല ഇല്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും സ്വാധീനം ചെലുത്തുകയാണ് എഐ.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കം എഐയുടെ സ്വാധീനം ചെറുതൊന്നുമല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എഐ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എഐ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നങ്ങളും ഫോട്ടോയും അടക്കം ദുരുപയോഗം ചെയ്യപ്പെടുന്നമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത്തരം വ്യാജ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്‌ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.
പ്രചാരണത്തിൻ്റെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാർഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കമ്മിഷണർ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടൻ്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും അത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മിഷൻ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗ നിർദ്ദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്താൻ എല്ലാവരും സഹകരിക്കണമെന്ന് കമ്മിഷണർ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങൾക്കെതിരായ അക്രമം പ്രചരിപ്പിക്കുന്നത് തുടങ്ങിയവയെല്ലാം പൂർണമായി വിലക്കുന്നു. ഒരാളുടെ രൂപം, ശബ്‌ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്‌താല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം.
കൂടാതെ അവയുടെ സൃഷ്‌ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതാത് പ്ലാറ്റ്‌ഫോമുകളിൽ റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്‌ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിൻ്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

