ETV Bharat / state

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റില്‍

തിരുവള്ളൂർ സ്വദേശിയായ ഇദ്ദേഹം, സിപിഎമ്മിന്‍റെ സൈബർ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.

DYFI LEADER  KAFIR SCREENSHOT CASE  ARREST
കാഫിർ സ്ക്രീൻഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റില്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : June 16, 2026 at 5:27 PM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. വടകര ബ്ലോക്ക് മുൻ ഭാരവാഹി ജിതിൻ ഭാസ്കർ ആണ് അറസ്റ്റിലായത്. വടകര സ്കോഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജിതിൻ ആണ് വിവാദ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനിടെയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരുവള്ളൂർ സ്വദേശിയായ ഇദ്ദേഹം, സിപിഎമ്മിന്‍റെ സൈബർ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തേയും വിളിപ്പിച്ചു വരുത്തുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു.

വടകരയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വലിയ രീതിയിൽ സ്വാധീനിച്ച ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

നേരത്തെ അന്വേഷണം ചെന്നെത്തി നിന്നത് ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്‌ണനിലാണ്. എന്നാൽ, തനിക്ക് ആരാണ് ഈ സ്ക്രീൻഷോട്ട് നൽകിയത് എന്ന് വെളിപ്പെടുത്താൻ റിബേഷ് വിസമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ മൊബൈൽ ഫോൺ പരിശോധനയിലാണ് ജിതിൻ ഭാസ്‌കറിൻ്റെ ഫോണിൽ നിന്നാണ് റിബേഷിൻ്റെ ഫോണിലേക്ക് ഈ വ്യാജ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. നേതാക്കളെ ഒന്നിച്ച് ചോദ്യം ചെയ്യുന്നതോടെ വ്യാജ സന്ദേശത്തിൻ്റെ ഉറവിടം വ്യക്തമാകുമെന്നാണ് കരുതുന്നത്. ഇതിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരുന്നത്.

വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്തവരെ മാത്രമേ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ഇതിൻ്റെ യഥാർഥ ഉറവിടം കണ്ടെത്താനായി ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റയോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ എസ്ഐടി തീരുമാനിച്ചിരുന്നു. നേരത്തെ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. നിലവിൽ പരിശോധനയ്ക്ക് അയച്ച പല മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ ലബോറട്ടറി ഫലം കൂടി ലഭിച്ചതോടെയാണ ജിതിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ 'കാഫിറായ സ്ത്രീ' എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. നിലവിലെ ഈ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

Also Read: വിലക്കയറ്റം; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ, ദിവസങ്ങൾ തള്ളിനീക്കുന്നത് കടം വാങ്ങി, ദുരിതം പങ്കുവച്ച് അധ്യാപകർ