ETV Bharat / state

സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നു: 2024ൽ പൊലിഞ്ഞത് 1,385 ജീവനുകൾ; 'സവിശേഷ ദുരന്തമായി' പ്രഖ്യാപിക്കാനുള്ള നടപടി വൈകുന്നു

സംസ്ഥാനത്ത് മുങ്ങിമരണം കൂടുന്നു. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ (NCRB) പുറത്തുവിട്ട കണക്കുകള്‍.

DROWNING DEATHS KERALA NCRB DATA  NCRB  Drowning in Kerala
Representative image. (Getty.)
author img

By ETV Bharat Kerala Team

Published : August 8, 2026 at 1:40 PM IST

2 Min Read
Choose ETV Bharat

അരവിന്ദ് ബാബു

തിരുവനന്തപുരം: കേരളത്തിൽ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് മുങ്ങിമരിക്കുന്നവരുടെ എണ്ണം പ്രതിവർഷം പെരുകുമ്പോഴും അവ കുറച്ച് കൊണ്ടുവരാൻ കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ലെന്ന് റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ (NCRB) പുറത്തുവിട്ട 2024ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ 1,349 മുങ്ങിമരണ കേസുകളിലായി 1,385 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 1,160 പേർ പുരുഷന്മാരും 225 പേർ സ്ത്രീകളുമാണ്. അപകടങ്ങളിൽ 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

വർധിക്കുന്ന അപകടങ്ങളും പ്രതിരോധമില്ലായ്‌മയും

നദികളും കായലുകളും തടാകങ്ങളും സുദീർഘമായ തീരദേശവുമുള്ള കേരളത്തിൽ ശാസ്ത്രീയമായ നീന്തൽ പരിശീലനത്തിന്‍റെ കുറവും പ്രധാന വിനോദ സഞ്ചാര-ജലാശയ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതുമാണ് അപകടങ്ങൾ പെരുകാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിച്ച് വരുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ തക്കതായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്.

DROWNING DEATHS KERALA NCRB DATA  NCRB  Drowning in Kerala
മുങ്ങിമരണ കണക്കുകള്‍. (ETV Bharat)

മനുഷ്യാവകാശ കമ്മിഷന്‍റെ നിർണായക ഇടപെടൽ

സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, മുങ്ങിമരണത്തെ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ച് അപകടങ്ങൾ കുറച്ച് കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടുത്തിടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല നൽകിയ ഹർജിയെ തുടർന്ന് 2025 ഒക്‌ടോബറിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഈ നിർണായക ഉത്തരവ്.

മുഖ്യമന്ത്രിയുടെ വിശദീകരണം

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി മുങ്ങിമരണത്തെ 'സംസ്ഥാന സവിശേഷ ദുരന്തമായി' (State Specific Disaster) പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.

സവിശേഷ ദുരന്ത പ്രഖ്യാപനം ഉണ്ടായാലുള്ള നേട്ടങ്ങൾ

ആശ്രിതർക്ക് സാമ്പത്തിക സഹായം: മുങ്ങിമരണം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടാൽ, അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (SDRF) നിന്ന് 4 ലക്ഷം രൂപ വീതം നഷ്‌ട പരിഹാരം/ആശ്വാസ ധനം ലഭ്യമാകും.

DROWNING DEATHS KERALA NCRB DATA  NCRB  Drowning in Kerala
State specific disasters. (NCRB)

നീന്തൽ പരിശീലനവും സുരക്ഷയും: ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളിലും പ്രാദേശിക തലത്തിലും കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗജന്യ നീന്തൽ പരിശീലനം നൽകാൻ സാധിക്കും.

പ്രതിരോധ സംവിധാനങ്ങൾ: അപകട സാധ്യതാ മേഖലകൾ കണ്ടെത്തി വേലികെട്ടി തിരിക്കൽ, കൂടുതൽ ബോധവത്‌കരണ ബോർഡുകൾ സ്ഥാപിക്കൽ, പ്രാദേശികമായി ലൈഫ് ഗാർഡുകളെ നിയമിക്കൽ എന്നിവ വേഗത്തിൽ നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും.

NCRB 2024: മുങ്ങിമരണ കണക്കുകൾ ഒറ്റനോട്ടത്തിൽ (കേരളവും മറ്റ് സംസ്ഥാനങ്ങളും).

DROWNING DEATHS KERALA NCRB DATA  NCRB  Drowning in Kerala
Death data in India. (NCRB)

Also read: രാജേഷിൻ്റെ മൃതദേഹത്തോടുള്ള അനാദരവ്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കലക്‌ടർക്ക് കൈമാറും