ETV Bharat / state

ജീവിതം മാറ്റി മറിച്ചത് അപ്രതീക്ഷിത അപകടം; ശാരീരിക വെല്ലുവിളിയെ തോൽപ്പിച്ച നിശ്ചയദാർഢ്യം, സിവില്‍ സര്‍വീസ് നേട്ടത്തിൽ ഡോ ആതിര

സിവിൽ സർവീസിൽ 483ാം റാങ്ക് നേടിയ ഡോ ആതിരയുടെ കഥ ഇതാ...

സിവില്‍ സര്‍വീസ്  ഐഎഎസ്  ഡോ ആതിര  കോഴിക്കോട്
സിവില്‍ സര്‍വീസിൽ നേട്ടം കൊയ്‌ത് ഡോ ആതിര (ETV Bharat)
author img

By ETV Bharat Kerala Team

Published : March 7, 2026 at 5:21 PM IST

3 Min Read
Choose ETV Bharat

കോഴിക്കോട്: നിറയെ സ്വപ്‌നങ്ങളുമായാണ് ആതിര എന്ന പെണ്‍കുട്ടി കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയത്. എന്നാൽ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. 2016ൽ ബംഗളൂരുവിൽ ബിഡിഎസ് അവസാന വർഷം പഠിക്കുന്നതിനിടയിലാണ് ആതിരയുടെ ജീവിതത്തെ മാറ്റി മറച്ച ഒരു അപകടം ഉണ്ടാകുന്നത്. ഒരു ബൈക്ക് ആസിഡൻ്റ്. പിന്നീട് 10 വർഷത്തോളം നീണ്ട ചികിത്സ. ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും വാഹനാപകടത്തിൽ അരക്ക് താഴെ തളർന്നുപോയിരുന്നു. അപ്പോഴും ആതിര തളര്‍ന്നില്ല.... ആത്മവിശ്വാസം മുറകെ പിടിച്ചു.

വിശേഷങ്ങൾ പങ്കുവച്ച് ആതിര (ETV Bharat)

അന്നത്തെ ആ 21കാരിയെ ഈ അപകടം വല്ലാതെ വേദിനിപ്പിച്ചു. വീട്ടിൽ തിരികെ എത്തിയ ആതിരയുടെ മനസിൽ നിരവധി ചോദ്യങ്ങളായിരുന്നു. എത്രകാലം അമ്മയ്ക്കും അച്ഛനും തനിക്ക് സംരക്ഷണം നൽകാൻ കഴിയും എന്ന തോന്നൽ ആതിരയ്ക്ക് മനോധൈര്യം നൽകിയെന്ന് വേണം പറയാൻ. പിന്നീട് അങ്ങോട്ട് അതിജീവനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ദിനങ്ങളായിരുന്നു. കൂടെ പിന്തുണയുമായി കുടുംബവും രംഗത്തെത്തി. അങ്ങനെ പെരുവയൽ ദേവീ നിലയത്തിൽ ആതിരയെ സിവിൽ സർവീസ് എന്ന മോഹത്തിലേക്ക് എത്തുകയായിരുന്നു.

പ്രതിസന്ധികൾ തളര്‍ത്താത്ത നിശ്ചയദാർഢ്യം

ഇതിനിടയിൽ സോഷ്യൽ വർക്ക് വൊളൻ്റിയറായി പ്രവർത്തിച്ചു. പല സംഘടനകളും ചാരിറ്റി നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും നൽകിത്തുടങ്ങി. അതിനൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകുന്നതിനും ആതിര സജീവമായി രംഗത്തിറങ്ങി. ഇതിനിടയിലും സിവിൽ സർവീസ് പഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. അങ്ങനെ കഠിനാധ്വാനത്തിന് ഫലം കണ്ടു.

സിവില്‍ സര്‍വീസ്  ഐഎഎസ്  ഡോ ആതിര  കോഴിക്കോട്
ആതിരക്കൊപ്പം ഡോ ജോബിൻ എസ് കൊട്ടാരത്തിൽ (ETV Bharat)

മരണത്തെ തോൽപ്പിച്ച ഡോ ആതിരയുടെ പോരാട്ടവീര്യത്തിന് ലഭിച്ചത് 483-ാം റാങ്കാണ്. സിവിൽ സർവീസ് നേടിയ സന്തോഷത്തിലാണ് ആതിരയും കുടുംബവും. വായനയിലൂടെയാണ് സിവിൽ സർവീസ് നേടണമെന്ന ആഗ്രഹം ഉരുതിരിഞ്ഞത്. അങ്ങനെ അബ്‌സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനായ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച പ്രോജക്‌ട ചിത്രശലഭം എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിൽ ചേർന്നു. നാലാം തവണയാണ് പരീക്ഷ എഴുതുന്നത്. ലിസ്‌റ്റിൽ വരുമെന്ന് ഉറപ്പായിരുന്നു. പക്ഷേ റാങ്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് ആതിര പറയുന്നു.

പരീശീലനം ചിത്രശലഭം എന്ന പ്രോജക്‌ടിന് കീഴില്‍

അഞ്ചു വർഷം മുൻപ് ഇത്തരമൊരു പരിശീലന പദ്ധതിക്ക് തുടക്കമിടുമ്പോൾ അതിൻ്റെ ആദ്യ വിദ്യാർഥിനിയായിരുന്നു ആതിര. നേരത്തെ സിവിൽ സർവീസ് നേടിയ ഷെറിൻ ഷഹാന, എകെ ശാരിക എന്നിവർക്ക് പിന്നാലെ ഡോ ആതിരയും ഈ ലക്ഷ്യം കൈവരിക്കുമ്പോൾ അത് ഡോ ജോബിൻ്റെ നേതൃത്വത്തിലുള്ള സംരംഭത്തിന് മറ്റൊരു നേട്ടമായി മാറി. തുടക്കത്തിൽ ധാരാളം പരിമിതികളും പല ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാൽ മറ്റുള്ളവരെ പോലെ മുഴുവൻ സമയം പഠിക്കുക എന്നത് വലിയ പ്രതിസന്ധിയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നീട് ദിവസവും വെറും നാല് മണിക്കൂർ മാത്രം ഉറങ്ങിയാണ് പഠനത്തിനായി സമയം കണ്ടെത്തിയത്. ഏകാഗ്രമായ പഠനവും വിട്ടുവീഴ്‌ചയില്ലാത്ത പരിശ്രമവുമാണ് തൻ്റെ വിജയരഹസ്യമെന്ന് ആതിര പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ പവർ വേറെയാണെന്നും വിദ്യാഭ്യാസത്തിന് എന്തും മാറ്റാൻ സാധിക്കുമെന്നാണ് ആതിരയുടെ അഭിപ്രായം. അത്കൊണ്ടാണ് താൻ ഇന്ന് ഇവിടെ ഇരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പരാജയങ്ങളിൽ തളരാതെ ലക്ഷ്യം കാണും വരെ പോരാടണമെന്ന വലിയ സന്ദേശമാണ് വരാനിരിക്കുന്ന ഉദ്യോഗാർഥികൾക്കായി ആതിര പകർന്നുനൽകുന്നത്. ലക്ഷ്യബോധമുണ്ടെങ്കിൽ ഏതൊരു തടസ്സവും മറികടക്കാമെന്ന് അവൾ ലോകത്തോട് വിളിച്ചുപറയുന്നു.

സിവില്‍ സര്‍വീസ്  ഐഎഎസ്  ഡോ ആതിര  കോഴിക്കോട്
ഡോ ആതിര കുടുംബത്തിന് ഒപ്പം (ETV Bharat)

മലയാളം ഓപ്ഷണൽ വിഷയമായി തെരഞ്ഞെടുത്ത ആതിര, ഇൻ്റർവ്യൂ ബോർഡിന് മുന്നിലും മാതൃഭാഷയിലാണ് ആശയങ്ങൾ പങ്കുവെച്ചത്. മലയാള സാഹിത്യത്തോടുള്ള ഇഷ്‌ടം കൊണ്ടാണ് വിഷയം തെരഞ്ഞെടുത്തത്. സിവില്‍ സര്‍വീസ് പഠനത്തില്‍ അച്ഛനും അമ്മയും സഹോദരിയുമാണ് പ്രചോദനം നൽകിയത്. പരീക്ഷയുടെ ഓരോ ഘട്ടത്തിലും വിദഗ്‌ധരായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ ആതിരയ്ക്ക് കരുത്തായി. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ റോയ് പോൾ, മുൻ ഡിജിപി ഋഷിരാജ് സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മോക്ക് ഇൻ്റർവ്യൂ പരിശീലനങ്ങൾ ആതിരയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

വിജയം കൈവരിച്ചത് നാലാം ശ്രമത്തിൽ

തുടർച്ചയായ മൂന്ന് പരാജയങ്ങളിലും തളരാതെ, നാലാം ശ്രമത്തിലാണ് നാല് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ആതിര ലക്ഷ്യം കണ്ടത്. ചേച്ചിയുടെ ഇന്നത്തെ അവസ്ഥ കണ്ടാണ് അനിയത്തിയായ അനഘ നേഴ്‌സിങ് തെരഞ്ഞെടുത്തത്. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം സഹോദരിയുടെ പരിചരണം അനഘ ഏറ്റെടുത്തതോടെ സിവിൽ സർവീസിനുള്ള ആതിരയുടെ പോരാട്ടം എളുപ്പമായി. മകളുടെ വിജയത്തില്‍ ആഹ്ലാദത്തിലാണ് ഈ കുടുംബം. ഇത്ര പെട്ടെന്നൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം മാറ്റി വച്ചാണ് മകളുടെ കാര്യം നോക്കിയതെന്നും ഇപ്പോൾ സന്തോഷം ഇരട്ടിയാണെന്നും ആതിരിയുടെ അമ്മ പറയുന്നു.

സിവില്‍ സര്‍വീസ്  ഐഎഎസ്  ഡോ ആതിര  കോഴിക്കോട്
ഡോ ആതിര (ETV Bharat)

ബിഡിഎസ് ബിരുദധാരിയായ ആതിര ചെറുകുളത്തൂര്‍ ദേവിനിലയത്തില്‍ എല്‍ഐസി എജൻ്റുമാരുമായ സുഗതൻ്റെയും മിനിയുടെയും മൂത്തമകളാണ്. സഹോദരി അനഘ. ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ അനുഭവിച്ചറിഞ്ഞ തനിക്ക് അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നും അതിന് മുൻതൂക്കം നൽകുമെന്നും ആതിര ഉറപ്പുനൽകി. പലപ്പോഴും ജീവിതത്തിൽ അല്പം ഒരു തളർച്ച സംഭവിക്കുമ്പോൾ ഉൾവലിഞ്ഞ് പോകുന്നവർക്ക് മുമ്പിൽ ഇനി എന്നും ഒരു പ്രതീക്ഷയുടെ നാളമായി ഡോ ആതിരയുടെ ഈ ജീവിത വിജയം സൂര്യ തേജസായി ജ്വലിച്ച് നിൽക്കും.

Also Read: ഗവേഷണ മോഹത്തിൽനിന്ന് സിവില്‍ സര്‍വീസിലേക്ക്; വിഷ്ണുപ്രിയയുടെ സ്വപ്നനേട്ടം