ETV Bharat / state

ആരോഗ്യമന്ത്രിയുടെ ഡിസ്‌ചാര്‍ജ്; 'യാത്ര പാടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍, യോഗം ചേര്‍ന്ന് തീരുമാനം മാറ്റി'; പരിഹസിച്ച് പ്രതിപക്ഷം

ആരോഗ്യമന്ത്രിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. മന്ത്രിക്ക് യാത്ര ചെയ്യാനാകില്ലെന്നായിരുന്നു ആദ്യ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനം മാറ്റിയെന്നും കോണ്‍ഗ്രസ്. മന്ത്രി തലസ്ഥാനത്തേക്ക് പോയത് ഇന്ന് പുലര്‍ച്ചെ സ്വന്തം വാഹനത്തില്‍.

വീണാ ജോര്‍ജ് ആക്രമണം  ആരോഗ്യമന്ത്രിയുടെ ഡിസ്‌ചാര്‍ജ്  സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്  കെഎസ്‌യു ആക്രമണം കണ്ണൂര്‍
Minister Veena George and Representative image. (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 12:27 PM IST

4 Min Read
Choose ETV Bharat

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടതില്‍ പരിഹാസവുമായി പ്രതിപക്ഷം. ഇന്നലെ (ഫെബ്രുവരി 26) രാത്രിയോടെ അടിയന്തര മെഡിക്കൽ യോഗം ചേർന്നാണ് മന്ത്രി വീണാ ജോർജിന്‍റെ ഡിസ്‌ചാർജ് സംബന്ധിച്ച തീരുമാനമായത്. ഇന്ന് പുലർച്ചെ നാലുമണിയോടുകൂടി സ്വന്തം വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിൻ ആകെ കീഴ്മേൽ മറിയുന്നതായിരുന്നു മന്ത്രിയുടെ ഡിസ്‌ചാർജിലൂടെ പുറത്ത് വന്നത്.

മന്ത്രി വീണാ ജോർജിന് കഴുത്തിലേറ്റ ക്ഷതത്തിന്‍റെ ഭാഗമായി വലത് കൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് നിലവിൽ നൽകിവരുന്ന ചികിത്സയിലൂടെ നേരിയ കുറവുണ്ടെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിൻ. ചികിത്സ തുടരാനാണ് മെഡിക്കൽ കോളജിന്‍റെ തീരുമാനം. ഉയർന്ന രക്തസമ്മർദം നിയന്ത്രണ വിധേയമായി, എംആർഐ സ്‌കാൻ എന്നിവയുടെ റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തി. മെഡിക്കൽ കോളജ് സൂപ്രണ്ട് കെ സുദീപ് ചെയർമാന്‍ അടക്കം 13 പേരാണ് അടിയന്തര മെഡിക്കൽ യോഗം ചേര്‍ന്നത്.

കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്‌കുകളിൽ രണ്ടിടങ്ങളിൽ നാഡി മൂലാഗ്രങ്ങളലിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തുടരണം. നിലവിലെ ശാരീരികാവസ്ഥയിൽ യാത്ര അനുവദനീയമല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിൻ.

എന്നാൽ അടിയന്തരമായി യോഗം ചേർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇതാണ് പ്രതിപക്ഷത്തിന് അടിക്കാനുള്ള വഴിയായത്. റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് മർദനമോ പൊലീസിന് സുരക്ഷ വീഴ്‌ചയോ ഉണ്ടായിട്ടില്ലെന്നാണ് സിറ്റി ജില്ലാ പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇതുകൂടി പുറത്ത് വന്നതോടെ സർക്കാർ ആകെ കുടുക്കിലായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശവും മന്ത്രിയെ പ്രവർത്തകർ ആക്രമിച്ചുവെന്ന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്‌ത സാഹചര്യത്തിൽ യാഥാർഥ്യം റിപ്പോർട്ട് ചെയ്യാനാകാത്ത സ്ഥിതിയിലാണ് പൊലീസ്. അതിനാൽ മുകളിൽ നിന്നുള്ള നിർദേശം വരുന്നത് വരെ തത്‌കാലം ഇത് സംബന്ധിച്ച് അന്വേഷണം വേണ്ടെന്ന നിലപാടിലാണ് പൊലീസ്.

റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ അക്രമം ഉണ്ടായിട്ടില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉത്തരമേഖല യതീഷ് ചന്ദ്ര സിറ്റി പൊലീസ് മേധാവി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആർപിഎഫ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും അക്രമ ദൃശ്യങ്ങൾ ഒന്നും കണ്ടെത്താനായില്ല. മന്ത്രി സമരക്കാർക്കെതിരെ തിരിഞ്ഞതോടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നാണ് സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച റിപ്പോർട്ട്. മന്ത്രിക്കെതിരെ ആക്രമണം നടന്നാൽ അത് പൊലീസിന്‍റെ വീഴ്‌ചയായി കണ്ട് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. നിലവിൽ റെയിൽവേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സുരക്ഷാ വീഴ്‌ച സംബന്ധിച്ചും നിലവിൽ അന്വേഷണം നടക്കുന്നില്ല.

മന്ത്രിയെ പിന്തുണച്ച് നഴ്‌സ്: ഐസിയുവിൽ ഉള്ള മന്ത്രി വീണാ ജോർജിനൊപ്പമുള്ള നഴ്‌സുമാരുടെ ഫോട്ടോ ഇന്നലെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ പുറത്തുവിട്ടിരുന്നു. ഇത് മന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനത്തിന് കാരണമായി. സാധാരണക്കാർക്ക് പോലും രോഗിയെ കാണാൻ ചെല്ലാന്‍ സാധിക്കാത്ത ഒരിടത്ത് എങ്ങനെയാണ് നഴ്‌സുമാര്‍ സെൽഫി എടുക്കുന്നത് എന്നായിരുന്നു കോൺഗ്രസ് ഹാൻഡിലൂടെ ചോദ്യം. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് നഴ്‌സുമാരിൽ ഒരാളായ സ്‌മിത പിസി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

നഴ്‌സിന്‍റെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ: എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ Veena George വിദഗ്‌ധ പരിശോധനയ്‌ക്ക് പരിയാരം മെഡിക്കൽ കോളജിൽ എത്തുന്നത് . MRI സ്‌കാൻ രാത്രി തന്നെ ചെയ്‌തു. കടുത്ത കഴുത്ത് വേദന, ഉയർന്ന രക്തസമ്മർദം, രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ട് മണിക്കൂർ. കടുത്ത ശരീര വേദനയ്‌ക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിന് ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ icuവിലെ സിസ്റ്റേഴ്‌സ്‌ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. മിനിസ്റ്ററെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ്. എന്‍റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. മന്ത്രിയെന്നതിനപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മിനിസ്റ്റർ അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്‌മയാണ്. മിനിസ്റ്റർക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട്, മന്ത്രി cannula ഇട്ടിട്ടുണ്ട്. ഭക്ഷണസമയം disconnect ചെയ്‌തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്ത് നിറം മാറ്റം ഉണ്ടായത് കൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്‍പം ദയ കാണിക്കുക.

Also Read: ആരോഗ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്, ദൃശ്യം പുറത്ത്