ETV Bharat / state

ദുബായിലെ സ്പായിൽ ബിനാമി നിക്ഷേപം; എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ

ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡിജിപിക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാൽ നിലവിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്

Kerala High Court Sabarimala Gold Theft Benami Investment Dubai Last Bench Music Band
ഹൈക്കോടതി, ഡിജിപി എസ്. ശ്രീജിത്ത് (Special Arrangement)
author img

By ETV Bharat Kerala Team

Published : August 31, 2026 at 12:34 PM IST

2 Min Read
Choose ETV Bharat

എറണാകുളം: ഡിജിപി എസ്. ശ്രീജിത്തിനെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പരാതിയും തെളിവുകളും ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറിൽ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ എടവണ്ണ നൽകിയ ഹർജിയിലാണ് നടപടി.

ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡിജിപിക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാൽ നിലവിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ശ്രീജിത്തിന് അനുകൂലമായി ഉത്തരവിറക്കിയിരുന്നു.

എന്നാൽ, കൃത്യമായ അന്വേഷണം നടത്താതെയും വസ്തുതകൾ പരിശോധിക്കാതെയുമാണ് ഈ ക്ലീൻ ചിറ്റ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ ഹാജരാക്കുന്ന രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരായ കേസ് ആയതിനാൽ കോടതിയുടെ ഇടപെടൽ ഏറെ നിർണായകമാണ്.

ഗുരുതര ആരോപണങ്ങൾ
ഗുരുതരമായ അഴിമതിയും ബിനാമി ഇടപാടുകളും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കെതിരെ ഹർജി നൽകിയിരിക്കുന്നത്. ദുബായിലെ ഒരു സ്വകാര്യ സ്പായിൽ എസ്. ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ടെന്നാണ് ഇതിലെ പ്രധാന ആരോപണം. സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ അദ്ദേഹം വിദേശയാത്ര നടത്തിയെന്നും, കള്ളപ്പണം വെളുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ യാത്രകളെന്നും ഹർജിയിൽ പറയുന്നു.

കൂടാതെ, വിദേശത്തെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം ഔദ്യോഗിക പൊലീസ് യൂണിഫോമിൽ പങ്കെടുത്തതായും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള 'ലാസ്റ്റ് ബെഞ്ച്' എന്ന മ്യൂസിക് ബാൻഡ് വഴി വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും, ഇതിൻ്റെ ഉറവിടം അന്വേഷിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ശബരിമല സ്വർണക്കവർച്ചാ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്. ശ്രീജിത്തിന് അടുത്ത ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, പരാതിക്കാരനെ നേരിട്ട് കേട്ട ശേഷം തീരുമാനമെടുക്കാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ശ്രീജിത്തിൻ്റെ സാന്നിധ്യത്തിലായിരുന്നു ആദ്യം ഹിയറിങ് നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത് ശരിയായ നടപടിക്രമമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പരാതിക്കാരനെ തനിച്ച് കേൾക്കാൻ വീണ്ടും നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രണ്ടാമതും ക്ലീൻ ചിറ്റ് നൽകിയത്. ഈ റിപ്പോർട്ട് പൂർണമായും റദ്ദാക്കണമെന്നാണ് ഹർജിക്കാരൻ്റെ പ്രധാന ആവശ്യം. വരും ദിവസങ്ങളിൽ മുദ്രവച്ച കവറിൽ സർക്കാർ നൽകുന്ന രേഖകൾ പരിശോധിച്ച ശേഷം കോടതി സ്വീകരിക്കുന്ന നിലപാട് ഡിജിപി എസ്. ശ്രീജിത്തിനും സംസ്ഥാന സർക്കാരിനും ഒരുപോലെ നിർണായകമാകും.

Also Read:- സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സമയക്രമം അറിയാം