ETV Bharat / state

ശബരീശ സന്നിധിയിൽ ഇനി നിങ്ങളുടെ സ്വരവും; ഭക്തിഗാനങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം

ഭക്തരുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഗാനങ്ങളെയും ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ദേവസ്വം പിആർഒ ജി എസ് അരുൺ

Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)
author img

By ETV Bharat Kerala Team

Published : January 6, 2026 at 7:25 PM IST

2 Min Read
Choose ETV Bharat

പത്തനംതിട്ട: അയ്യപ്പഭക്തർക്കായി ഒരു സുവർണാവസരം. ശബരിമല സന്നിധാനത്തെ സ്പീക്കറുകളിലൂടെ ഭക്തർക്ക് സ്വന്തം ഭക്തിഗാനങ്ങൾ കേൾപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അവസരമൊരുക്കുന്നു. പ്രമുഖ ഗായകരുടെ പാട്ടുകൾക്കൊപ്പം പുതുതായി രചിച്ച് സംഗീതം നൽകി ആലപിച്ച ഗാനങ്ങളും ഇനി മുതൽ സന്നിധാനത്ത് മുഴങ്ങും.

നിലവിൽ കെ ജെ യേശുദാസ്, ജയവിജയന്മാർ തുടങ്ങിയ പ്രഗത്ഭരുടെ ഗാനങ്ങളാണ് ശബരിമലയിൽ പ്രധാനമായും കേൾപ്പിക്കുന്നത്. എന്നാൽ ഭക്തരുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഗാനങ്ങളെയും ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ദേവസ്വം പിആർഒ ജി എസ് അരുൺ പറഞ്ഞു.

ശബരിമലയില്‍നിന്ന് (ETV Bharat)

പുതിയ ഗാനങ്ങൾ ശബരിമലയിലെ പ്ലേലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ചില നിബന്ധനകളുണ്ട്. ഗാനം സ്വന്തം സൃഷ്ടിയാണെന്നും മറ്റാർക്കും പകർപ്പവകാശമില്ലെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലവും സമ്മതപത്രവും സമർപ്പിക്കണം. രചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നിവരുടെ സമ്മതം അപേക്ഷയിൽ ഉണ്ടായിരിക്കണം. ഗാനങ്ങൾ പെൻഡ്രൈവിലാക്കി ശബരിമല സന്നിധാനത്തെ പബ്ലിക് റിലേഷൻസ് ഓഫീസിലാണ് നൽകേണ്ടത്. ലഭിക്കുന്ന ഗാനങ്ങൾ വിദഗ്ധ സമിതി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമായിരിക്കും പട്ടികയിൽ ഉൾപ്പെടുത്തുക.

Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)

സന്നിധാനത്തെ സംഗീത ധാര

ശബരിമലയിലെ ഓരോ സമയവും നിശ്ചയിച്ചിട്ടുള്ള ഭക്തിഗാനങ്ങളാലാണ് ധന്യമാകുന്നത്. പുലർച്ചെ നട തുറക്കുന്നത് യേശുദാസിൻ്റെ 'വന്ദേ വിഘ്‌നേശ്വരം' കേട്ടുകൊണ്ടാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നട തുറക്കുമ്പോൾ ജയവിജയന്മാരുടെ 'ശ്രീകോവിൽ നട തുറന്നു' എന്ന പ്രശസ്തമായ ഗാനം മുഴങ്ങും. ഹരിവരാസനം പാടിയാണ് രാത്രി നടയടയ്ക്കുന്നത്.

Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)

ഭക്തർക്കുള്ള അറിയിപ്പുകൾക്കിടയില്‍ നിരവധി ഗാനങ്ങൾ കേൾപ്പിക്കാറുണ്ട്. ഇക്കൂട്ടത്തിലാണ് പുതിയ ഗാനങ്ങൾക്കും അവസരം നൽകുന്നത്. സന്നിധാനം മുതൽ താഴെ മരക്കൂട്ടം വരെ ഈ ഗാനങ്ങൾ കേൾക്കാൻ സാധിക്കും. സ്വന്തം ശബ്ദത്തിലും രചനയിലും ശബരീശന് പാട്ടുകൾ അർച്ചനയായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വലിയൊരു അനുഗ്രഹമാണ്.

Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)

സന്നിധാനത്ത് ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാരുടെ ഭക്തി ഗാനമേള

ഫയർ ആൻഡ് റെസ്ക്യൂ ടീം ശബരിമല സന്നിധാനത്ത് അവതരിപ്പിച്ച ഭക്തിഗാനമേള അയ്യപ്പ ഭക്തരുടെ മനം കവർന്നു. കേട്ടുപരിചയിച്ച ജനപ്രിയ ഭക്തിഗാനങ്ങളാണ് ഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി പി രാഹുൽ, പ്രിതിൻ ആർ മോഹൻ, ധീരജ് ലാൽ എന്നിവർ ചേർന്നാണ് ഗാനമേള നയിച്ചത്.

Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)


ഡിസംബർ 29നാണ് 83 പേരടങ്ങുന്ന ഫയർ ആൻഡ് റെസ്ക്യൂവിൻ്റെ നിലവിലുള്ള ടീം ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയത്. ജനുവരി ഒൻപത് വരെ ഇവരുടെ സേവനം തുടരും. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തുന്ന ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ എല്ലാവർഷവും വലിയ നടപ്പന്തലിലെ സ്വാമി അയ്യപ്പൻ ഓഡിറ്റോറിയത്തിൽ ഭക്തി ഗാനമേള അവതരിപ്പിക്കാറുണ്ട്.

Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)
ശബരിമലയിൽ ഭക്തജനതിരക്ക്‌ ഇന്നലെ (ജനുവരി 5) 77,887 തീർഥാടകരാണ് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയത്.
Sabarimala
ശബരിമലയില്‍നിന്ന് (ETV Bharat)
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ (ജനുവരി 5) 5,38,000 ത്തിലധികം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി 14 നാണ് മകരവിളക്ക്.

Also Read: ഐസ്ക്രീം കോൺ മുതൽ കുല്‍ഫിയും ചോക്കലേറ്റും വരെ; തേങ്ങയിൽ വിരിഞ്ഞ 'കൽപ' വിഭവങ്ങളുമായി സിപിസിആർഐ