ബിവറേജസിൽ മദ്യക്കുപ്പി തിരിച്ചെത്തിച്ചാൽ ഇനി മുതൽ പണമില്ല; അധികമായി 20 രൂപ ഈടാക്കുന്ന പദ്ധതി അവസാനിപ്പിച്ച് കോർപ്പറേഷൻ
ഇന്നുമുതൽ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകേണ്ട. ഇതിനകം വിറ്റഴിച്ച കുപ്പികൾ സ്റ്റിക്കർ സഹിതം ഈ മാസം 20നകം തിരിച്ചേൽപ്പിക്കാം

Published : August 6, 2026 at 12:23 PM IST
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പി തിരിച്ചേൽപ്പിച്ചാൽ ഇനിമുതൽ 20 രൂപ തിരികെ ലഭിക്കില്ല. മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ തുക മടക്കി നൽകുന്ന ഡിപ്പോസിറ്റ് റീഫണ്ട് സ്‌കീം കോർപ്പറേഷൻ അവസാനിപ്പിച്ചു. ഓണക്കാലത്തെ തിരക്കും പ്ലാസ്റ്റിക് സംസ്‌കരണത്തിൻ്റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് നടപടി. ഇന്നുമുതൽ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകേണ്ട. ഇതിനകം വിറ്റഴിച്ച കുപ്പികൾ സ്റ്റിക്കർ സഹിതം ഈ മാസം 20നകം തിരിച്ചേൽപ്പിക്കാം.
ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള പ്ലാസ്റ്റിക് കുപ്പി വിൽപ്പന വ്യാപകമായതിനാൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിൻ്റെ ഭാഗമായാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് 2025 സെപ്റ്റംബറിൽ ഡിപ്പോസിറ്റ് റീഫണ്ട് സ്‌കീം കൊണ്ടുവന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുത്ത പത്തുവീതം ഔട്ട്‌ലെറ്റുകളിൽ നടപ്പാക്കിയിരുന്നു. കുപ്പികളിൽ സിഡിറ്റ് രൂപകൽപ്പന ചെയ്ത പ്രത്യേക ലേബൽ പതിപ്പിച്ചാണ് നൽകിയിരുന്നത്. അതിൽ ഔട്ട്‌ലെറ്റിൻ്റെ പേരും പതിപ്പിച്ചിരുന്നു. കുപ്പി തിരിച്ചെത്തിക്കുമ്പോൾ ബിൽ ഹാജരാക്കണമെന്നില്ലെങ്കിലും കുപ്പിക്കു പുറത്തെ സ്റ്റിക്കർ അതേപടിയുണ്ടാകണമെന്ന നിബന്ധനയുണ്ടായിരുന്നു.
ഓരോ ഔട്ട്ലെറ്റിനും ഇതിനായി വെയർഹൗസ് മാനേജർമാർ 10,000 രൂപ വീതം നൽകിയിരുന്നു. ഈ തുകയിൽ നിന്നാണ് 20രൂപ തിരികെ നൽകിയിരുന്നത്. കുപ്പി തിരിച്ചെടുക്കാൻ രൂപീകരിച്ച പ്രത്യേക കൗണ്ടറിൽ കുടുംബശ്രീ അംഗത്തെ ദിവസം 710 രൂപ വേതനത്തില്‍ ജോലിക്കു നിയോഗിച്ചിരുന്നു. എട്ടുമണിക്കൂറിൽ അധികം ജോലി ചെയ്യുന്നതിന് 420 രൂപ കൂടി നൽകിയിരുന്നു. തിരിച്ചെടുക്കുന്ന കുപ്പി ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുത്തശേഷം ബിവറേജസ് കോർപ്പറേഷന് പണം നൽകിയിരുന്നത്. സൗകര്യമൊരുക്കാൻ ഓരോ ഔട്ട്ലെറ്റിലും കുറഞ്ഞത് 80,000 രൂപ വീതം ചെലവുണ്ടെന്നായിരുന്നു കോർപ്പറേഷൻ്റെ കണക്കുകൾ.
ഡിപ്പോസിറ്റ് റീഫണ്ട് സ്‌കീം തൽക്കാലം നിർത്തലാക്കിയെങ്കിലും ഓണക്കാലത്തിനുശേഷം തീരുമാനം പുന:പരിശോധിക്കും. ഓണക്കാല തിരക്കിന്റെൻ്റെ സാഹചര്യം കണക്കിലെടുത്താണു പദ്ധതി പ്രധാനമായും നിർത്തിയത്. കൺസ്യൂമർഫെഡ് എതിർത്തതും കുപ്പിശേഖരണത്തിനു ടെൻഡർ വിളിച്ചിട്ട് അനുയോജ്യമായ കമ്പനിയെ കണ്ടെത്താതെ വന്നതും തടസ്സമായി. പലരും ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ എത്തിക്കുന്നതും ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരിച്ചെത്തിക്കുന്ന കുപ്പികൾ സൂക്ഷിക്കുന്നതും പ്രയാസമായിത്തുടങ്ങിയിട്ടുണ്ട്.
കുപ്പി ശേഖരിക്കുന്ന പദ്ധതി നിർത്തിവെക്കണമെന്ന് ചില ഷോപ്പ് ചുമതലക്കാർ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിലെ ഷോപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ബെവ്‌കോ എംഡിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ആവശ്യം ഉന്നയിച്ചത്. സ്‌കീം വഴി തിരിച്ചുകിട്ടിയ കാലിക്കുപ്പികളുടെയും ലഭിച്ച തുകയുടെയും കണക്ക് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജ്ജനത്തിന് യുഡിഎഫ് സർക്കാർ മുൻഗണന നൽകുന്നതിനാൽ പദ്ധതി തുടരണമോ, പുതിയ മാർഗം ആലോചിക്കണോയെന്ന കാര്യത്തിൽ ബിവറേജസ് കോർപ്പറേഷൻ വിശദമായ ചർച്ച നടത്തും. ഓണം കഴിഞ്ഞശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

