ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി; സർക്കാർ സന്ദേശങ്ങൾ അയക്കുന്നത് ഔദ്യോഗിക സംവിധാനത്തിലൂടെ
സർക്കാർ സന്ദേശങ്ങൾ അയക്കുന്നത് ഔദ്യോഗിക ഐടി മിഷൻ വഴിയാണെന്നും വിവരങ്ങൾ സുരക്ഷിതമാണെന്നും മുഖ്യമന്ത്രി. ചെന്നിത്തലയുടെ ഡാറ്റാ ചോർച്ചാ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളുടെ അവകാശമാണെന്നും പിണറായി വിജയൻ

Published : February 25, 2026 at 4:59 PM IST
തിരുവനന്തപുരം: ജീവനക്കാർക്ക് സന്ദേശമയച്ച മുഖ്യമന്ത്രിയുടെ നടപടി സംബന്ധിച്ച് കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല പുറത്തുവിട്ട കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും സർക്കാർ തീരുമാനങ്ങളും സംബന്ധിച്ച അന്വേഷണങ്ങൾ അഭിസംബോധന ചെയ്യാനുള്ള മാർഗം എന്ന നിലയിൽ ഓരോരുത്തരും അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഒരു കേന്ദ്രീകൃത അറിയിപ്പ് സംവിധാനത്തിലൂടെ (Centralised notification hub for government services) നൽകണമെന്നാണ് സർക്കാർ തീരുമാനിച്ചത്. അതിൻ്റെ ഭാഗമായാണ് വിവിധ വകുപ്പുകൾ മുഖേന നൽകിവരുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട ആളുകളിലേക്ക് എത്തിക്കാനുള്ള സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചത്.
വിവരശേഖരണത്തിലും വിതരണത്തിനുമുള്ള സർക്കാരിൻ്റെ ഔദ്യോഗിക ഏജൻസിയാണ് ഐടി മിഷൻ. ഐടി മിഷൻ മുഖേനതന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയച്ചിട്ടുള്ളതെന്നും മുഖ്യമ്രന്തി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സന്ദേശങ്ങൾ അയക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഇന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തമാണ്. ചോർത്തിയെടുത്തു എന്ന് അവകാശപ്പെട്ട് അദ്ദേഹം പുറത്തുവിട്ട കത്തിൽ തന്നെ ഔദ്യോഗിക നടപടിക്രമങ്ങൾ കൃത്യമായി വിശദീകരിക്കുന്നുമുണ്ട്. സർക്കാർ സംവിധാനത്തിലൂടെ കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഔദ്യോഗിക കത്ത് സംഘടിപ്പിച്ച്, അത് അരുതാത്തത് എന്തോ നടന്നതിന് തെളിവ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് മറ്റെന്തോ ലക്ഷ്യം വെച്ചാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.
ചട്ടപ്രകാരമുള്ള വിവരശേഖരണം, അവയുടെ ക്രമീകരണം എന്നിവ മാത്രമല്ല സ്വീകരിച്ച വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഐടി മിഷൻ്റെ സുപ്രധാന ഉത്തരവാദിത്തമാണ്. അതിലൊന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല.
വ്യക്തിഗതമായ എല്ലാ വിവരങ്ങളും സർക്കാർ സംവിധാനങ്ങളിൽ ഭദ്രമാണ്. ഈ വിവരങ്ങൾ ഒന്നും തന്നെ സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുമായും പങ്കുവയ്ക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. കൂടാതെ എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുവാൻ സർക്കാരിന് ഐ ടി വകുപ്പിൻ്റെ കീഴിൽ തന്നെ വിപുലമായ സ്റ്റേറ്റ് ഡാറ്റ സെൻറർ (SDC) സംവിധാനവും ഉണ്ട്. ഡിഎ കുടിശിക അനുവദിച്ചത് അടക്കമുള്ള അറിയിപ്പുകൾ സർക്കാരിൻ്റെ സന്ദേശങ്ങളായി അയക്കുന്നത് ഡാറ്റ ചോർച്ചയായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ജനങ്ങൾക്കുവേണ്ടി സർക്കാർ രൂപീകരിക്കുന്ന എല്ലാ പദ്ധതികളെയും എതിർത്തുകൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ റെസ്‌പോൺസ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയപ്പോഴും ഇതേ രീതിയിലുള്ള എതിർപ്പാണ് ഉയർത്തിയത്. ജനങ്ങൾ വിവരങ്ങൾ അറിയുന്നത് തടയാൻ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ എതിർപ്പ്.
സർക്കാർ തീരുമാനങ്ങൾ ബന്ധപ്പെട്ട ആളുകളെ അറിയിക്കുന്നത് ഏതെങ്കിലും പ്രചാരണത്തിൻ്റെ ഭാഗമായല്ല, മറിച്ച് സർക്കാരിൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെയും ഓരോരുത്തരുടെയും അറിയാനുള്ള അവകാശത്തിൻ്റെയും ഭാഗമാണ്. അത് ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിൻ്റെ നയം. ഏറ്റവും സദുദ്ദേശപരമായി, ജനങ്ങളെ മുന്നിൽകണ്ട് സർക്കാർ ആരംഭിച്ച ഈ പദ്ധതിക്കെതിരെ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമായ പ്രചാരണം നടത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്‍മാറണമെന്നും മുഖ്യമ്രന്തി ആവശ്യപ്പെട്ടു.
Also Read: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്

