ETV Bharat / state

ആഗോള റാങ്കിങ്ങില്‍ കുതിച്ചുചാട്ടവുമായി കുസാറ്റ്; കമ്പ്യൂട്ടർ സയൻസിലും ലൈഫ് സയൻസിലും മികച്ച നേട്ടം

പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കുസാറ്റ് 601–800 ഗ്ലോബൽ ബാൻഡിൽ ഇടംപിടിച്ചു.

CUSAT  കുസാറ്റ്  എഡ്യൂക്കേഷൻ  വിദ്യാഭ്യാസം
CUSAT (ETV Bharat)
author img

By ETV Bharat Kerala Team

Published : March 9, 2026 at 5:56 PM IST

2 Min Read
Choose ETV Bharat

എറണാകുളം: ലോകപ്രശസ്തമായ ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി സബ്ജക്ട് റാങ്കിങ്സ് 2026-ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയ്ക്ക് (കുസാറ്റ്) ശ്രദ്ധേയമായ മുന്നേറ്റം. വിവിധ അക്കാദമിക വിഷയങ്ങളിൽ ആഗോളതലത്തിൽ റാങ്കിംഗ് മെച്ചപ്പെടുത്തിയ കുസാറ്റ്, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ് എന്നീ വിഭാഗങ്ങളിൽ സർവ്വകലാശാല വൻ കുതിച്ചുചാട്ടം നടത്തി.

പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കുസാറ്റ് 601–800 ഗ്ലോബൽ ബാൻഡിൽ ഇടംപിടിച്ചു. 2025-ലെ റാങ്കിംഗിൽ 801–1000 ബാൻഡിലായിരുന്ന സർവ്വകലാശാല ഒരു വർഷത്തിനുള്ളിൽ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അതുപോലെതന്നെ ലൈഫ് സയൻസ് വിഭാഗത്തിലും സമാനമായ നേട്ടം കൊയ്യാൻ സർവ്വകലാശാലയ്ക്കായി.

801–1000 ബാൻഡിൽ നിന്ന് 601–800 ബാൻഡിലേക്കാണ് ലൈഫ് സയൻസ് വിഭാഗം ഉയർന്നത്. എഞ്ചിനീയറിംഗ് മേഖലയിലും കുസാറ്റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 1001–1250 ബാൻഡിലായിരുന്ന എഞ്ചിനീയറിംഗ് വിഭാഗം ഇത്തവണ 801–1000 ബാൻഡിലേക്ക് ഉയർന്നു. ഫിസിക്കൽ സയൻസസ് വിഭാഗത്തിൽ 1001–1250 ബാൻഡിലാണ് സർവ്വകലാശാല നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

അധ്യാപന നിലവാരം (Teaching), ഗവേഷണ പരിസ്ഥിതി (Research Environment), ഗവേഷണത്തിന്‍റെ ഗുണനിലവാരം (Research Quality), വ്യവസായ സഹകരണം (Industry Connection), അന്താരാഷ്ട്ര കാഴ്ചപ്പാട് (International Outlook) എന്നിങ്ങനെ അഞ്ച് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ ഈ പട്ടിക തയ്യാറാക്കുന്നത്. ഈ മേഖലകളിലെല്ലാം കുസാറ്റ് കാഴ്ചവെച്ച മികച്ച പ്രകടനമാണ് റാങ്കിംഗിലെ ഈ മാറ്റത്തിന് ആധാരമായത്. സർവ്വകലാശാലയുടെ ഈ നേട്ടം അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്ന് കുസാറ്റ് വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു.

കമ്പ്യൂട്ടർ സയൻസിലും ലൈഫ് സയൻസിലും ഉണ്ടായ ഈ മുന്നേറ്റം സർവ്വകലാശാലയുടെ ഗവേഷണ സ്വാധീനവും ആഗോളതലത്തിലുള്ള ദൃശ്യതയും വർധിച്ചുവരുന്നതിന്‍റെ തെളിവാണ്. ഗവേഷണ നിലവാരം വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണങ്ങൾ ഉറപ്പാക്കുന്നതിനും വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

വരും വർഷങ്ങളിൽ കുസാറ്റിന്‍റെ ആഗോള നിലവാരം ഇനിയും മെച്ചപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവേഷണ മേഖലയിൽ ആഗോള നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങളും അന്താരാഷ്ട്ര സർവ്വകലാശാലകളുമായുള്ള ധാരണാപത്രങ്ങളും കുസാറ്റിന്‍റെ ഈ നേട്ടത്തിന് കരുത്തുപകർന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന്‍റെ ഉദാഹരണമാണ് കുസാറ്റിന്‍റെ ഈ റാങ്കിംഗ് നേട്ടം.