ആരോഗ്യവകുപ്പിൻ്റെ വീഴ്ചകൾ മറയ്ക്കാൻ 'നാടകം'? കണ്ണൂർ സംഭവത്തിൽ ഭരണ- പ്രതിപക്ഷ പോര് മുറുകുന്നു
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെതിരെ നടന്ന കെഎസ്‌യു പ്രതിഷേധവും തുടർന്നുണ്ടായ അക്രമാരോപണങ്ങളും ഗൂഢാലോചന പരാതികളും കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് കടുപ്പിക്കുന്നു

Published : February 26, 2026 at 1:12 PM IST
|Updated : February 26, 2026 at 1:22 PM IST
തിരുവനന്തപുരം/കാസര്‍കോട്/കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിൽ അക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ചൂടേറിയ രാഷ്ട്രീയ പ്രചാരണത്തിന് സിപിഎമ്മും ഇടതുമുന്നണിയും തുടക്കമിടുമ്പോൾ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി യുഡിഎഫും കോൺഗ്രസും രംഗത്തിറങ്ങി. സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധവികാരം മറികടക്കാൻ വീണജോർജിനെതിരായ പ്രതിഷേധം ഉപയോഗപ്പെടുത്താനാണ് സിപിഎമ്മിൻ്റെ നീക്കം. നിരന്തരം ആക്ഷേപങ്ങളുടെ നിഴലിൽ നിൽക്കുന്ന ആരോഗ്യ വകുപ്പിനെതിരായ ജനവികാരവും ഇതിലൂടെ മറികടക്കുകയെന്ന അടവുനയവും സിപിഎം പുറത്തെടുക്കുകയാണ്.
എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള ആദ്യപടിയായി മന്ത്രിക്കെതിരയെുള്ള കെഎസ്‌യു പ്രതിഷേധത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് അക്രമം നടന്നിട്ടില്ലെന്ന വാദം ശക്തമാക്കുകയാണ് കോൺഗ്രസ്. പ്രതിഷേധത്തിന് ശേഷം റെയിൽവേ സ്‌റ്റേഷനിലുണ്ടായിരുന്ന സ്പീക്കർ എ എൻ ഷംസീറും മന്ത്രിയുമായി വിഷയത്തിൽ നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.
സംഭവം പിടിവള്ളിയാക്കാൻ സിപിഎം
നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തു നിൽക്കേ കിട്ടിയ ഒരു പിടിവള്ളി എന്ന നിലയിലാണ് സിപിഎം ഇതിനെ ഉപയോഗിക്കുന്നതെന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നവാദം. സംസ്ഥാനത്ത് നിലവിലുള്ള ഭരണവിരുദ്ധവികാരം മറികടക്കാനും യുഡിഎഫിനെതിരായ ജനവികാരമുയർത്തി രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും പാർട്ടിയും മുന്നണിയും ശ്രമിക്കുന്നുണ്ട്. ഇന്നലെ നടന്ന വിഷയത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം ആഹ്വാനം നൽകിയിരുന്നു.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ സംഭവത്തെ അപലപിച്ച് രംഗത്ത് വരികയും ചെയ്തു. വീണാ ജോർജിൻ്റെ കൈയും കഴുത്തും കെഎസ്‌യു പ്രവർത്തകർ പിടിച്ചു തിരിച്ചുവെന്നായിരുന്നു സംഭവശേഷം നൽകിയ ആദ്യ്രപതികരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. പരാമാവധി വിഷയം കത്തിച്ച് നിർത്തി പാർട്ടിവികാരമുണർത്തി സംസ്ഥാനത്താകെയുള്ള സിപിഎം പ്രവർത്തകരെ സജ്ജരാക്കാനും സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്.
ആരോഗ്യ വകുപ്പിനെതിരായ ജനവികാരം മറികടക്കാനും നീക്കം
ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിവിധ സർക്കാർ ആശുപത്രികളിലുണ്ടായ നിരവധി ചികിത്സാപ്പിഴവുകൾ പൊതുജനങ്ങളിൽ കടുത്ത അവമതിപ്പ് സൃഷ്ടിച്ചിരുന്നു. വിവിധ വിഷയങ്ങളിൽ നാല്‍പ്പതിലധികം റിപ്പോർട്ടുകൾ മന്ത്രി വീണാജോർജ് തേടിയിരുന്നുവെങ്കിലും ശക്തമായ നടപടി ഒരു വിഷയത്തിലും ഉണ്ടായിട്ടില്ലെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഏറ്റവും അവസാനം ആലപ്പുഴ മെഡിക്കൽ കോളജിൽ മുമ്പ് നടന്ന ശസ്ത്രക്രിയയിൽ വീട്ടമ്മയുടെ വയറിനുള്ളിൽ കത്രിക അകപ്പെട്ടതും വലിയ വിവാദമായിരുന്നു. വിഷയത്തിൽ ആരോഗ്യ വകുപ്പിൻ്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് മന്ത്രി ക്കെതിരെ പ്രതിഷേധമുണ്ടായത്.
അഞ്ച് വർഷക്കാലം വകുപ്പിൻ്റെ പ്രവർത്തനങ്ങളിലെ കാര്യക്ഷമതക്കുറവിൽ മന്ത്രി വീണാ ജോർജിൻ്റെ പ്രതിച്ഛായയ്ക്ക് ഏറ്റ മങ്ങൽ മറികടക്കാനുള്ള അടവുനയമായും സംഭവത്തെ ഉപയോഗിക്കാൻ സിപിഎമ്മും മന്ത്രിയും ശ്രമിക്കുന്നുവെന്ന വാദം രാഷ്ട്രീയ നിരീക്ഷകരും ഉയർത്തുന്നുണ്ട്. വിഷയത്തിലൂടെ മന്ത്രിക്കനുകൂലമായി പരമാവധി ജനവികാരം ഉണ്ടാക്കാനുള്ള നീക്കമുണ്ടെന്നാണ് പൊതുവേ ഉയരുന്ന വാദം.
പ്രതിരോധത്തിന് യുഡിഫും കോൺഗ്രസും
വിഷയത്തിൽ യുഡിഫും കോൺഗ്രസും കടുത്ത പ്രതിരോധമുയർത്തി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും സിപിഎം വാദത്തിനെതിെര രംഗത്ത് വന്നിട്ടുണ്ട്.
പ്രതിഷേധമുണ്ടായപ്പോൾമന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്ന വാദമാണ് പ്രതിപക്ഷനേതാവ് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കൈയിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പിൽ പരിഹാസ്യയായിരിക്കുകയാണ് അവർ. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല.
ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നുവെന്നും എൽഡിഎഫ് നടത്തിയ മൂന്ന് ജാഥകൾ പൊളിഞ്ഞു പോയെന്നും അത് മനസ്സിലായപ്പോൾ പുതുയുഗ യാത്രയെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സ്പീക്കർക്കെതിരെ പരാതി
ഇന്നലെ കണ്ണൂർ റെയിൽ വേ സ്‌റ്റേഷനിലുണ്ടായ സംഭവം മന്ത്രിയുടെ പേഴ്‌സണൽ വീഡിയോഗ്രാഫറും മാധ്യമപ്രവർത്തകരും കവർ ചെയ്തിട്ടുള്ളതാണ്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് ശേഷം റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചന നടത്തിയാണ് മന്ത്രി ആശുപത്രിയിൽ അഡ്മിറ്റായതെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കാട്ടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.




സംഭവത്തെ മുൻനിർത്തി സംസ്ഥാനത്ത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനുള്ള സിപിഎം ശ്രമം പാളിയെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ എ ജയശങ്കർ ഇടിവി ഭാരതിനോട് പറഞ്ഞു. ആകെ മുങ്ങിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന് കിട്ടിയ കച്ചിത്തുരുമ്പാണിത്. എന്നാൽ അത് പരാജയപ്പെട്ടു. പ്രതിഷേധത്തിൻ്റെ ഭാഗമായി മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ദേഹോപദ്രവം എൽപ്പിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നു വ്യക്തമാവുന്നത്. പ്രതിഷേധമുണ്ടാവുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നും മന്ത്രി വീണാ ജോർജിനറിയില്ല. അവർ രാഷ്ട്രീയക്കാരിയല്ലാത്തത് കൊണ്ടുള്ള പ്രശ്‌നമാണത്. ആരോഗ്യ വകുപ്പിൽ തൻ്റെ ഭരണകാലത്തുണ്ടായ പരാജയങ്ങളിൽ നിന്നു കരകയറാനുള്ള അവസരമായിട്ടാണ് മന്ത്രിയും സംഭവത്തെ മാറ്റാൻ ശ്രമിക്കുന്നത്.
കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. മന്ത്രിയുടെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്നും കെഎസ് യു കുട്ടികൾ തൊട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിയാരത്തെ ആശുപത്രിയിൽ ഉള്ള ആരോഗ്യമന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം. പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്. ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും ഉണ്ണിത്താൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ ഉണ്ണിത്താൻ വെല്ലുവിളിച്ചു.
നടക്കുന്നത് സമര നാടകമെന്ന് കെ സുരേന്ദ്രൻ
കണ്ണൂരിൽ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലെന്നു ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. സമര നാടകമാണ് നടക്കുന്നത്. സർക്കാരിനെതിരെ എന്ത് പ്രതിഷേധമാണ് കോൺഗ്രസ് ഇത്രയും കാലം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. പിണറായി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു വി ഡി സതീശൻ എന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ആവേശം മാത്രമാണ് ഇപ്പോഴുള്ളത്. മന്ത്രിക്ക് പരിക്ക് പറ്റിയിട്ടില്ല എന്ന് പറയുന്നില്ല. പരിക്കുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനകൾ നടത്തട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
വ്യാപക പ്രതിഷേധം; പലയിടത്തും അക്രമസംഭവങ്ങൾ
അതേസമയം വീണ ജോര്‍ജിനെതിരെയുണ്ടായ അക്രമത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫിസിന് തീയിട്ടു. പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫിസിന് തീയിട്ടത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഡിവൈഎഫ്ഐ ഇന്നലെ പ്രകടനത്തിനിടെ നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തതായും പരാതിയുണ്ട്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടത് സംഘടനകൾ ഇന്ന് നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. മുക്കം, കുരുവട്ടൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങൾക്കിടെ വ്യാപകമായ തോതിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു.
മുക്കത്ത് സംഘർഷം; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
മുക്കത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രതിപക്ഷ നേതാവിൻ്റെ പൊതുയോഗ പ്രചാരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മുക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും മുക്കത്ത് പ്രകടനം നടത്തി.
കുന്ദമംഗലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് മർദനം
കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധക്കാർ കോൺഗ്രസിൻ്റെ കൊടികളും ബാനറുകളും നശിപ്പിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി സംജിത്തിന് പരിക്കേറ്റു. മർദനമേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുരുവട്ടൂർ അങ്ങാടിയിലും ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദവും പോർവിളികളും ഉണ്ടായി.
പൊലീസ് സന്നാഹം ശക്തം
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കുന്ദമംഗലം അങ്ങാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. രാഷ്ട്രീയ സംഘർഷങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ കുന്ദമംഗലം ഉൾപ്പെടെയുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ വലിയ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

