ETV Bharat / state

വിമര്‍ശനങ്ങളില്‍ വീഴാതെ സിപിഎം; കോട്ട കാക്കാൻ പുതുമുഖങ്ങളും കരുത്തരും, കണ്ണൂരിലെ സ്ഥാനാർഥി ചിത്രം

കണ്ണൂർ സിപിഎം സ്ഥാനാർഥി പട്ടികയിൽ പിണറായിയും ശൈലജ ടീച്ചറും ഉൾപ്പെടെ പ്രമുഖർ ഇടംപിടിച്ചു. എന്നാൽ കുടുംബവാഴ്ചയും ഫണ്ട് വിവാദവും ആരോപിച്ച് അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്

CPM KANNUR CANDIDATE LIST
വി കെ സനോജ്, പി കെ ശ്യാമള, കാരായി രാജന്‍ (Facebook.com)
author img

By ETV Bharat Kerala Team

Published : March 4, 2026 at 5:01 PM IST

4 Min Read
Choose ETV Bharat

കണ്ണൂർ: കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് സിപിഎം മത്സരിക്കുന്ന കണ്ണൂർ ജില്ലയിലെ എട്ടു മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികളെക്കുറിച്ച് ധാരണയായത്. നിലവിൽ ഒരു തവണ പൂർത്തിയാക്കിയ പയ്യന്നൂർ, കല്ല്യാശ്ശേരി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റാതെ വി കെ സനോജിനേയും പി കെ ശ്യാമളയെയും കാരായി രാജനെയും പുതുമുഖങ്ങൾ ആക്കിയുള്ള പട്ടികയാണ് സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചത്.


ഫണ്ട് തിരിമറി ആരോപണത്തിൽ കുടുങ്ങിയ ടി ഐ മധുസൂദനൻ പയ്യന്നൂരിൽ തന്നെ വീണ്ടും മത്സരിക്കും. കല്യാശ്ശേരിയിൽ എം വിജിനും അഴീക്കോട് കെ വി സുമേഷും വീണ്ടും ജനവിധി തേടുമ്പോൾ പിണറായി വിജയൻ ധർമ്മടത്തു നിന്നു തന്നെ മൂന്നാം തവണയും മത്സരത്തിനിറങ്ങും. പിണറായി തന്നെയാകും എൽഡിഎഫിനെ നയിക്കുക. 2016ൽ കൂത്തുപറമ്പിൽ നിന്നും 2021ൽ മട്ടന്നൂരിൽ നിന്നും നിയമസഭയിൽ എത്തിയ കെ കെ ശൈലജയെ ഇത്തവണ പേരാവൂരിൽ ആണ് പാർട്ടി ഇറക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ആയതിനാൽ തളിപ്പറമ്പിൽ നിന്നും എം വി ഗോവിന്ദന്‍ ഇത്തവണ മത്സരിക്കില്ല. പകരം ഗോവിന്ദൻ മാഷുടെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. സ്പീക്കർ എ എൻ ഷംസീർ രണ്ടുതവണ പൂർത്തിയാക്കിയതിനാൽ തലശ്ശേരി നിയോജകമണ്ഡലത്തിൽ നിന്ന് കാരായി രാജൻ ജനവിധി തേടും.

ഇതുവരെ അഞ്ചുതവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശൈലജ ടീച്ചർക്ക് വീണ്ടും സീറ്റ് കൊടുക്കേണ്ടെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം. എന്നാൽ ടീച്ചറുടെ ജനപിന്തുണയും സീറ്റ് നൽകാതിരുന്നാൽ വരുന്ന പ്രതിഷേധവും കണക്കിലെടുത്ത് മുൻപ് പേരാവൂരിൽ സണ്ണി ജോസഫിനോട് മത്സരിച്ചു വിജയിച്ച കെ കെ ശൈലജ വീണ്ടും പേരാവൂരിൽ മത്സരിച്ചോട്ടെ എന്നാണ് ഒടുവിൽ പാർട്ടി വിലയിരുത്തിയത്. ശൈലജ ടീച്ചർ മത്സരിച്ച മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പോരിനിറങ്ങും. ഘടകകക്ഷികൾ മത്സരിക്കുന്ന കൂത്തുപറമ്പിൽ എൽജെഡി തന്നെ മത്സരിക്കും. കൂടാതെ കേരള കോൺഗ്രസ് എം ഇരിക്കൂറിലും കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രനും വീണ്ടും ജനവിധി തേടും.

സ്ഥാനാർഥി നിർണയത്തിന് പിന്നാലെ പൊട്ടലും ചീറ്റലും

സിപിഎമ്മിൻ്റെ ഏറ്റവും ശക്തികേന്ദ്രമായ കണ്ണൂരിലെ എട്ട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഏതാണ്ട് തീരുമാനം ആയതോടെ സോഷ്യൽ മീഡിയയിൽ അണികളുടെ ഭാഗത്തുനിന്നുണ്ടായത് പരസ്യ പ്രതിഷേധമാണ്. പ്രധാനമായും തളിപ്പറമ്പ്, പേരാവൂർ, പയ്യന്നൂർ സീറ്റുകളുടെ കാര്യത്തിലാണ് സോഷ്യൽ മീഡിയയിൽ അണികൾ തുറന്നടിച്ചത്. കുടുംബ രാഷ്ട്രീയത്തിനെതിരെ പറയുന്ന രാഷ്ട്രീയ പാർട്ടി എങ്ങനെയാണ് ഭാര്യയ്ക്ക് സീറ്റ്‌ നൽകുക എന്നായിരുന്നു പി കെ ശ്യാമളയ്ക്ക് എതിരെ ഉയർന്ന വിമർശനം. പാർട്ടി സെക്രട്ടറിയുടെ ഭാര്യയ്ക്ക് സീറ്റ് കൊടുത്തിനെതിരെയായിരുന്നു പ്രതിഷേധം.

എന്നാൽ സോഷ്യൽ മീഡിയയിലെ പ്രതിഷേധങ്ങൾക്ക് മുഖം കൊടുക്കേണ്ടെന്നാണ് തീരുമാനം. ജില്ലാ കമ്മിറ്റി തത്വത്തിൽ അംഗീകരിച്ച പട്ടിക സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിക്കുകയായിരുന്നു. രക്ത സാക്ഷി ഫണ്ട്‌ കട്ടെന്ന ആരോപണത്തിൽ കുടുങ്ങിയ ടി ഐ മധുസൂദനനെതിരെയും സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആണ്.

കഴിഞ്ഞതവണ 60,000 വോട്ടിന് മട്ടന്നൂരിൽ ജയിച്ച കെ കെ ശൈലജയെ ധർമ്മടത്തേക്ക് പരിഗണിച്ചില്ല എന്നതിലാണ് മറ്റൊരു അതൃപ്തി. കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും ശക്തിയുള്ള പേരാവൂരിലെ മണ്ണിൽ ശൈലജ ടീച്ചറെ മത്സരിപ്പിക്കുന്നത് പരാജയപെടുത്താൻ ആണെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. യഥാർഥത്തിൽ അത് ശരിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ കെ സി ഉമേഷ് ബാബുവിൻ്റെയും പക്ഷം. 2009ലെ മണ്ഡലം പുനർനിർണയത്തിന് ശേഷം പേരാവൂർ മണ്ഡലം തീർത്തും യുഡിഎഫ് അനുകൂല മണ്ഡലമാണ്. അതുകൊണ്ടുതന്നെ ടീച്ചർക്ക് ജയിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും ടീച്ചറെ പരാജയപ്പെടുത്തി വീട്ടിൽ ഇരുത്തുവാൻ ഉള്ള തന്ത്രം ആണ് പിണറായി വിജയൻ പ്രയോഗിച്ചിട്ടുണ്ടാവുക എന്നും ഉമേഷ് ബാബു പറഞ്ഞു.


പയ്യന്നൂരിൽ വിമതൻ ഉറപ്പ്


ടി ഐ മധുസൂദനൻ പയ്യന്നൂരിൽ നിന്ന് ജന വിധി തേടുന്നതോടെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് പയ്യന്നൂരിലെ പോരാട്ടം ആകും. സ്വന്തം മണ്ഡലത്തിലെ എംഎൽഎക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണം ഉയർത്തി ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ തന്നെ രംഗത്ത് വന്നതോടെയാണ് പയ്യന്നൂർ ചിത്രത്തിൽ ഇടം നേടിയത്. ധനരാജ് ഫണ്ട് ഉൾപ്പെടെ ധനാപഹരണം നടന്നു എന്ന് ആരോപിച്ചതിനാണ് ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയത്. രക്തസാക്ഷി ഫണ്ടിൽ എംഎൽഎ തന്നെ വെട്ടിപ്പ് നടത്തി എന്ന ആരോപണം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത് ചെറുതായിട്ടൊന്നുമല്ല. എന്നാൽ ടി ഐ മധുസൂദനൻ തന്നെ പയ്യന്നൂരിൽ വീണ്ടും മത്സര രംഗത്തിറങ്ങും എന്ന് ഉറപ്പായത്തോടെ വിമത വിഭാഗത്തിൽ നിന്ന് ഒരാൾ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കുഞ്ഞികൃഷ്ണനെ തന്നെ രംഗത്ത് ഇറക്കാനാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ചർച്ച മുന്നോട്ട് പോകുന്നത്. കുഞ്ഞി കൃഷ്ണനെ സ്വതന്ത്രനായി അവതരിപ്പിച്ചുകൊണ്ട് യുഡിഎഫിൻ്റെ പിന്തുണ തേടുക എന്ന രാഷ്ട്രീയ തന്ത്രമാണ് വിമത കൂട്ടായ്മ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

സാമുദായിക സന്തുലനവും ആകെ പാളി

കണ്ണൂരിലെ സിപിഎം സ്ഥാനാർഥി പട്ടികയിൽ മത സാമുദായിക സന്തുലനവും ആകെ പാളി എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ തവണ തലശ്ശേരിയിൽ നിന്ന് മത്സരിച്ച എ എൻ ഷംസീർ പിൻവാങ്ങുന്നതോടെ കാരായി രാജൻ ആണ് അവിടെ ഇറങ്ങുന്നത്. കൂടാതെ പേരാവൂരിൽനിന്ന് മത്സരിച്ച സക്കീർ ഹുസൈനും പിൻവാങ്ങിയതോടെ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു പ്രതിനിധി പോലും കണ്ണൂരിൽ നിന്ന് സ്ഥാനാർഥിയായിട്ടില്ല.

കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് തൃക്കരിപ്പൂരിൽ മത്സരിക്കുന്ന പി പി മുസ്തഫയും ബേപ്പൂരിൽ മത്സരിക്കുന്ന മുഹമ്മദ് റിയാസും ഒഴികെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള മറ്റൊരു സ്ഥാനാർഥികളും സിപിഎം പട്ടികയിലില്ല എന്നതാണ് മറ്റൊരു കൗതുകം. ക്രൈസ്തവസഭകളിൽനിന്ന് കണ്ണൂരിൽ സിപിഎമ്മിന് സ്ഥാനാർഥികൾ ഇല്ലെങ്കിലും ഇരിക്കൂറിൽ കേരള കോൺഗ്രസ് എം മത്സരിക്കുമ്പോൾ അത് നികത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്.

Also Read: മുത്താമ്പി പാലത്തിന് ഇനി സുരക്ഷാകവചം; ബജറ്റിൽ തുക വകയിരുത്തി നഗരസഭ