ETV Bharat / state

കോടാലിക്കൈ പ്രയോഗം; പയ്യന്നൂരിൽ പിണറായിയുടെ പ്രസംഗം വിവാദത്തിൽ, ടി.പി വധം ഓർമിപ്പിച്ച് വിമതർ

തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന വിശദീകരണ യോഗങ്ങൾ ഇന്ന് തളിപ്പറമ്പിൽ സമാപിക്കുകയാണ്

Pinarayi Vijayan Speech Controversy Veena Masappadi Row TP Chandrasekharan Murder Payyanur Taliparamba Rebel Win
ടി.പി ചന്ദ്രശേഖരൻ, പിണറായി വിജയൻ (Special Arrangement)
author img

By ETV Bharat Kerala Team

Published : August 31, 2026 at 11:32 AM IST

2 Min Read
Choose ETV Bharat

കണ്ണൂർ: സംസ്ഥാനത്തെ ഇടതുപക്ഷത്തിൻ്റെ കനത്ത പരാജയത്തിനും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പാർട്ടി വിമതരുടെ വിജയത്തിനും പിന്നാലെ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ പ്രസംഗങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന വിശദീകരണ യോഗങ്ങൾ ഇന്ന് തളിപ്പറമ്പിൽ സമാപിക്കുകയാണ്. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം ജില്ല സെക്രട്ടറി കെ.കെ രാഗേഷും നടത്തിയ പ്രസംഗങ്ങൾ സൈബർ ഇടങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായി മാറി. പാർട്ടിക്കെതിരെ കോടാലിക്കൈ ആയവരെയൊന്നും പിന്നീട് വളരാൻ അനുവദിച്ചിട്ടില്ലെന്ന പിണറായി വിജയൻ്റെ പയ്യന്നൂരിലെ പരാമർശമാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ഈ പ്രസംഗം ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വിമത നേതാവ് വി കുഞ്ഞികൃഷ്ണൻ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി രംഗത്തെത്തി.

ടി.പി വധം ഓർമിപ്പിച്ച് വിമതർ
ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പിണറായി വിജയൻ സമാനമായ രീതിയിൽ പ്രസംഗിച്ചിരുന്നുവെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. സിപിഎം നേതൃത്വം ഇപ്പോഴും ഭീഷണിയുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. സിപിഎം പയ്യന്നൂരിൽ നടത്തിയത് പോലുള്ള രാഷ്ട്രീയ വിശദീകരണ യോഗം വടകരയിൽ നടത്തി ദിവസങ്ങൾക്കുശേഷമാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് ഓർമിപ്പിച്ച് കുഞ്ഞികൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചു. ടി.പിയോട് ചെങ്കൊടി താഴെവയ്ക്കാൻ ആവശ്യപ്പെട്ട് സിപിഎം നേതാവ് പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഇതോടെ ടി.പി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും സജീവ ചർച്ചയാവുകയാണ്.

രാഷ്ട്രീയ വിശദീകരണം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ മകൾ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടി പോലുള്ള വിഷയങ്ങളിൽ പിണറായി വിജയനിൽനിന്ന് കൃത്യമായ മറുപടി ജനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നു. എന്നാൽ ഇതിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് പിണറായിയുടെയും ജില്ല സെക്രട്ടറി കെ.കെ രാഗേഷിൻ്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കാലത്ത് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് നേതൃത്വം ഇപ്പോഴും ആവർത്തിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടി കോട്ടകളിൽ വിമതർ നേടിയ വിജയം സിപിഎമ്മിനെ വലിയ തോതിൽ ഞെട്ടിച്ചിരുന്നു. ഇതിൽനിന്ന് അണികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചത്. എന്നാൽ പിണറായിയുടെ പ്രസംഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ രാഷ്ട്രീയ പോര് കൂടുതൽ മുറുകുകയാണ്.

വിമതരെ പ്രതിരോധിക്കാൻ പാർട്ടി നേതൃത്വം കടുത്ത ഭാഷ ഉപയോഗിക്കുന്നത് വരും ദിവസങ്ങളിലും കണ്ണൂരിലെ രാഷ്ട്രീയ കാലാവസ്ഥയെ കൂടുതൽ കലുഷിതമാക്കാനാണ് സാധ്യത. പയ്യന്നൂർ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾ ഇപ്പോഴും പൂർണമായി പരിഹരിക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നത് വിമതർക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്.

Also Read:- ഷൊർണൂരിൽ ബസ് ഡ്രൈവർക്ക് ക്രൂര മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്