ശബരിമല സ്വർണക്കൊള്ള: 'തന്ത്രി നാട്ടുകാരൻ' എന്ന് സജി ചെറിയാൻ; 'അന്വേഷണം കൃത്യ'മെന്ന് പി. രാജീവ്
തന്ത്രിയുമായുള്ള വ്യക്തിബന്ധം സജി ചെറിയാൻ പരസ്യമായി സമ്മതിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് പി രാജീവ്. കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് സർക്കാർ.

Published : January 10, 2026 at 11:41 AM IST
എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മന്ത്രിമാരായ സജി ചെറിയാനും പി രാജീവും. തന്ത്രി തൻ്റെ നാട്ടുകാരനും വ്യക്തിപരമായി അടുപ്പമുള്ളയാളുമാണെന്ന് സജി ചെറിയാൻ വെളിപ്പെടുത്തിയപ്പോൾ, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് പി രാജീവ് വ്യക്തമാക്കി.
കേസ് അന്വേഷണം വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ അഭിപ്രായപ്രകടനങ്ങൾക്ക് മുതിരുന്നില്ല. അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാം. ചെങ്ങന്നൂർ സ്വദേശിയായ തന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം തൻ്റെ നാട്ടുകാരനാണെന്നും മന്ത്രി തുറന്നുസമ്മതിച്ചു. എന്നാൽ തെറ്റ് ചെയ്തവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം ശരിയായ ദിശയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസിലെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. അന്വേഷണം അതിൻ്റെ പൂർണതയിൽ എത്തുന്നത് വരെ കാത്തിരിക്കണമെന്നും ഈ ഘട്ടത്തിൽ സർക്കാർ പ്രത്യേകമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെ പിന്തുണയ്ക്കുന്നതിന് പകരം എസ്ഐടി അന്വേഷണം പോരെന്നും സിബിഐ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമനിർമാണ സെഷൻ ബഹിഷ്കരിക്കുകയാണുണ്ടായത്. പ്രതിപക്ഷം ഓരോ ദിവസവും ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. തുടക്കത്തിൽ എസ്ഐടിയെ എതിർത്ത അവർ ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിന് മറുപടിയായി അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണെന്ന് പി രാജീവ് ഓർമിപ്പിച്ചു. സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയുള്ള ആരോപണങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സാധാരണക്കാർ വന്ന് ഫോട്ടോ എടുക്കുന്നത് പോലെയല്ല ഇതെന്നും കവർച്ച ചെയ്തവനും ഒത്താശ ചെയ്തവനും ഒരേ ഫ്രെയിമിൽ വന്നതിനെക്കുറിച്ച് എസ്ഐടി അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സോപാനത്തിൽ ഉപയോഗിച്ച സ്വർണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ ഉപയോഗിച്ചുവെന്നും, യഥാർഥ സ്വർണം പുറത്തേക്ക് കടത്തി ഉരുക്കി വിറ്റുവെന്നുമാണ് കേസ്. ഫോറൻസിക് പരിശോധനയിൽ സ്വർണത്തിൻ്റെ അളവിൽ വലിയ കുറവ് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കരാറുകാരും നേരത്തെ പിടിയിലായിരുന്നുവെങ്കിലും, ക്ഷേത്രത്തിനകത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്ന തന്ത്രിയുടെ പങ്ക് സംബന്ധിച്ച അന്വേഷണമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്.
രാഷ്ട്രീയ പോര് മുറുകുന്നു
കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മന്ത്രി പി രാജീവ് അന്വേഷണത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. കേസിലെ പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നുമാണ് കോൺഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്. എന്നാൽ, ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ കേന്ദ്ര ഏജൻസിയുടെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവർ കേസിലെ പ്രതികളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് രാഷ്ട്രീയമായ പ്രതിരോധം തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

