എതിർപ്പുകൾ തള്ളി സെക്രട്ടറിയേറ്റ്; ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ, പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ കെ കെ ശൈലജ
പ്രവർത്തകരുടെ എതിർപ്പ് മറികടന്ന് സിപിഎം സ്ഥാനാർഥി പട്ടിക. തളിപ്പറമ്പിൽ പി കെ ശ്യാമളയും ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനും. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ കെ കെ ശൈലജ എത്തും

Published : March 4, 2026 at 6:13 PM IST
തിരുവനന്തപുരം: പ്രവർത്തകരുടെ എതിർപ്പ് മറികടന്ന് കണ്ണൂർ തളിപ്പറമ്പിൽ പി കെ ശ്യാമളയെയും ഇടുക്കി ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനെയും സ്ഥാനാർഥിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. തെരഞ്ഞെടുപ്പിൽ നിന്ന് വീണ ജോർജിനെ ഒഴിവാക്കണമെന്ന ഭർത്താവിൻ്റെ ആവശ്യം തള്ളിയ സെക്രട്ടറിയേറ്റ്, അവരെ ആറൻമുളയിൽ മത്സരിപ്പിക്കാനും തീരുമാനിച്ചു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കപ്പെട്ട കെ കെ ശൈലജ പേരാവൂരിലും ടി പി രാമകൃഷ്ണൻ പേരാമ്പ്രയിലും കാരായി രാജൻ തലശ്ശേരിയിലും മത്സരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തുടർ ചർച്ചകൾ നടക്കും.
സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം വി ഗോവിന്ദൻ്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ പി കെ ശ്യാമളയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ മണ്ഡലത്തിലെ പ്രവർത്തകർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ശ്യാമളയെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കണ്ണൂരിൽ നിന്ന് നൽകിയത്. സോഷ്യൽ മീഡിയയിലും ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനം ചെയ്ത ജെയിംസ് മാത്യുവിൻ്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ സുകന്യയുടെ പേരും സാധ്യത പട്ടികയിൽ ഉയർന്നിരുന്നു.
മന്ത്രി വീണാ ജോർജ് മൂന്നാമതും മത്സരിക്കുന്നതിലുള്ള എതിർപ്പ് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിൽ ചർച്ചയായിരുന്നു. ആറന്മുള മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വീണാ ജോർജിൻ്റെ പേരു മാത്രമാണ് ജില്ല സെക്രട്ടറിയേറ്റ് നൽകിയത്. അത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
മട്ടന്നൂർ ആവശ്യപ്പെട്ട കെ കെ ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് തീരുമാനം. 2021ൽ സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് അനുകൂലതരംഗത്തിലും യുഡിഎഫിനെ കൈവിടാത്ത സീറ്റാണ് പേരാവൂർ. 15 വർഷം മുമ്പ് ശൈലജയിൽ നിന്ന് മണ്ഡലം തിരിച്ച് പിടിച്ച സണ്ണി ജോസഫിനെയാണ് നേരിടേണ്ടി വരുന്നത്. 2006ൽ കോൺഗ്രസിനെ അട്ടിമറിച്ച് പേരാവൂർ പിടിച്ചടക്കിയ ശൈലജയെ മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം നിയോഗിക്കുന്നത്. 15 വർഷത്തിനിപ്പുറം ഇരുവരും വീണ്ടും മുഖാമുഖം വരുമ്പോൾ ഒരാൾ കെപിസിസി അധ്യക്ഷനും എതിരാളി ഏറ്റവും ജനസമ്മതിയുള്ള സിപിഎം നേതാക്കളിലൊരാൾ കൂടിയാണ്. നിയമസഭയിലേക്ക് അഞ്ചുതവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്.
ഉടുമ്പൻചോലയിൽ എം എം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രമായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ കെ കെ ജയചന്ദ്രനെ പരിഗണിക്കുകയായിരുന്നു. വിജയ സാധ്യത കൂടുതൽ എം എം മണിക്കാണെന്നും അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 38,000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചത് എം എം മണിയുടെ ജനകീയത കാരണമാണെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ നേതൃത്വം. എന്നാൽ, ജില്ലാ നേതൃത്വത്തിൻ്റെ പട്ടിക തിരുത്തിയാണ് സംസ്ഥാന നേതൃത്വം കെ കെ ജയചന്ദ്രനെ പരിഗണിച്ചത്.

