ഗാന്ധി രക്തസാക്ഷി ദിനത്തിൽ 'ജനകീയ മുന്നേറ്റം'; ജമാഅത്തെ ഇസ്‌ലാമിയെ 'കൂട്ടുപിടിച്ച' യുഡിഎഫിനെതിരെ സിപിഎം
അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു, ഇന്ന് സതീശൻ മാറ്റുന്നു'; ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിൽ യുഡിഎഫിനെതിരെ സിപിഎം

Published : January 10, 2026 at 5:21 PM IST
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പഴയ നിലപാടുകൾ ഓർമിപ്പിച്ചും സിപിഎമ്മിൻ്റെ മതേതര നിലപാടുകൾ ആവർത്തിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ബാലൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വിശദീകരിച്ചത്.
ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള സിപിഎം നിലപാട് ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും അത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ സംഘടനയാണെന്ന് 2014 ജനുവരി 21ന് ഉമ്മൻ ചാണ്ടി സർക്കാർ തന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മന്ത്രിസഭയാണ് ഈ നിലപാട് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ സ്വഭാവം പുലർത്തുന്ന സംഘടനയാണെന്നും അവരുടെ ആത്യന്തിക ലക്ഷ്യം ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനമാണെന്നും വ്യക്തമാക്കിയിരുന്നു.
ആവശ്യമെങ്കിൽ ഈ സംഘടനയെ നിരോധിക്കാൻ സർക്കാർ തയാറാകുമെന്നും അന്ന് കോടതിയെ അറിയിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദികളല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ അന്ന് ആ സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎ ആയിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പഴയ കാര്യങ്ങൾ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾക്കെതിരെ വിമർശനം
വർഗീയതയെ തുറന്നുകാണിക്കുമ്പോൾ മാധ്യമങ്ങൾ അതിനെ മതത്തിന് എതിരായ വിമർശനമായി ചിത്രീകരിക്കുകയാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദുമതത്തിന് എതിരാണെന്നും ജമാഅത്തെ ഇസ്‌ലാമിക്ക് എതിരായ വിമർശനം മുസ്‌ലിങ്ങൾക്ക് എതിരെയാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമം. ഇത്തരം പ്രചാരണങ്ങൾ അറിവില്ലായ്മ കൊണ്ടല്ല, മറിച്ച് ബോധപൂർവം തന്നെ നടത്തുന്നതാണ്.
അതുപോലെ, ജമാഅത്തെ ഇസ്‌ലാമിക്കും മുസ്‌ലിം ലീഗിനും എതിരായ വിമർശനങ്ങളെ മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമായി ചിത്രീകരിച്ച് പൊതുബോധം സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ട്. മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന യാഥാർഥ്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും അതിനെതിരെ പോരാടാൻ വിശ്വാസികൾ ഒന്നിച്ചാൽ മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ മുന്നേറ്റം സംഘടിപ്പിക്കും
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് സിപിഎം അതിവിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. കോൺഗ്രസ് ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെതിരെയും ജനങ്ങളെ ബോധവത്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിൻ്റെ മതേതര ഉള്ളടക്കം കാത്തുസൂക്ഷിച്ചുകൊണ്ട് വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി മണ്ഡലം അടിസ്ഥാനത്തിൽ ജാഥകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾ, യുവജനങ്ങൾ, വനിതകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കേരളത്തെ വർഗീയവത്‌കരിച്ച് ഇടതുപക്ഷ മനസ്സിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫ് വർഗീയ ശക്തികളുമായി സന്ധി ചെയ്യുന്നതിനെതിരെയും ഈ മുന്നേറ്റം ശബ്ദമുയർത്തും.
വിശ്വാസവും വർഗീയതയും
ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസം മതവിശ്വാസവും മതവർഗീയതയും തമ്മിലുള്ള വ്യത്യാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി ഒരു വിശ്വാസിയായിരുന്നുവെങ്കിൽ ഗോഡ്‌സെ മതത്തെ ഉപകരണമാക്കിയ വർഗീയവാദിയായിരുന്നു. ഈ വ്യത്യാസം തിരിച്ചറിയാത്തതാണ് നിലവിലെ പ്രശ്നമെന്നും വർഗീയതയെയും മതവിശ്വാസത്തെയും വേർതിരിച്ചു കാണേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാന്ധിജിയെ വധിച്ച വർഗീയവാദികളുമായി വിവിധ തരത്തിൽ കൂട്ടുചേരുന്ന നിലപാടാണ് കോൺഗ്രസും ലീഗും യുഡിഎഫും സ്വീകരിക്കുന്നത്. മുൻപ് കണ്ട കോ-ലീ-ബി സഖ്യം ഇപ്പോൾ കൂടുതൽ വികസിച്ചിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃശൂരിലെ മറ്റത്തൂരിലടക്കം കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് ചേക്കേറിയതും പരസ്പരം സഹായിച്ച് സ്റ്റാൻഡിങ് കമ്മിറ്റികളിൽ വിജയിക്കുന്നതും ഇതിൻ്റെ തെളിവാണ്. വർഗീയവാദികൾ യഥാർഥത്തിൽ വിശ്വാസികളല്ലെന്നും അവർ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിൽ തടഞ്ഞുവച്ച് ഗവർണർ
വന്യമൃഗശല്യം രൂക്ഷമായ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ഊന്നൽ നൽകി. കേന്ദ്രസർക്കാർ ആവശ്യമായ നിയമഭേദഗതികൾ വരുത്താൻ തയാറാകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രത്യേക നിയമം പാസാക്കിയെങ്കിലും അത് ഗവർണർ രാഷ്ട്രപതിക്ക് അയയ്ക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും ഗവർണർ ഈ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ തയാറാകുന്നില്ല.
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണങ്ങളെ ഇത്തരത്തിൽ തടയുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനല്ലാതെ ഗവർണറുടെ നടപടിക്കെതിരെ ഒരക്ഷരം മിണ്ടാൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് എസ്ഐടി നടപടി
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) നടപടിയാണെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. തന്ത്രിയെ പിടിക്കാൻ പാടില്ലെന്നുണ്ടോ എന്ന് ചോദിച്ച അദ്ദേഹം അറസ്റ്റിൽ തീരുമാനമെടുക്കുന്നത് എസ്ഐടിയാണെന്നും ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന നിലപാടാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:- ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന

