ETV Bharat / state

ഐസ്ക്രീം കോൺ മുതൽ കുല്‍ഫിയും ചോക്കലേറ്റും വരെ; തേങ്ങയിൽ വിരിഞ്ഞ 'കൽപ' വിഭവങ്ങളുമായി സിപിസിആർഐ

കർഷകർക്ക് തെങ്ങിൽ നിന്നും ഇടവിളകളിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കുക എന്നതാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിസിആർഐ ഡയറക്ടർ ഡോ. കെ ബി ഹെബ്ബാർ ഇ ടിവി ഭാരതിനോട്

CPCRI Launches HEALTHY COCONUT BASED TREATS
തേങ്ങയിൽ വിരിഞ്ഞ 'കൽപ' വിഭവങ്ങളുമായി സിപിസിആർഐ (ETV Bharat)
author img

By ETV Bharat Kerala Team

Published : January 6, 2026 at 5:29 PM IST

2 Min Read
Choose ETV Bharat

കാസർകോട്‌: നാളികേരത്തിൻ്റെ തനിമ നിലനിർത്തിക്കൊണ്ട് പുതുതലമുറയെ ആകർഷിക്കുന്ന വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങളുമായി കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആർഐ). ഇളനീരിൻ്റെയും തേങ്ങാപ്പാലിൻ്റെയും തനതായ രുചിയും ഗുണവും ഒത്തുചേരുന്ന കുൽഫി, വേഫർ കോൺ, ക്യുബിറ്റ്‌സ്, ചോക്കലേറ്റ് എന്നിവയാണ് ഗവേഷണകേന്ദ്രം വിപണിയിലെത്തിച്ചിരിക്കുന്നത്. സ്ഥാപനത്തിൻ്റെ 110-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്.

പരമ്പരാഗത രീതികളിൽ നിന്ന് മാറി, പൂർണമായും ആരോഗ്യദായകമായ ചേരുവകളാലാണ് ഈ ഉൽപന്നങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇളനീരിൻ്റെ രുചിയുള്ളതാണു കൽപ വേഫർകോൺ. കോക്കനട്ട്‌ വേഫർകോൺ ആകട്ടെ മധുരക്കിഴങ്ങ്‌ പൊടിയും തേങ്ങാപ്പാലും തേങ്ങയിൽ നിന്നുള്ള പഞ്ചസാരയും ചേർന്നതാണ്‌. നാളീകേര പഞ്ചസാരയും തേങ്ങാപ്പാലും ഏലക്കയും ചേർന്നതാണ്‌ നാവിലലിയുന്ന കുൽഫി. വിപണിയിലെ പരമ്പരാഗത കുൽഫയേക്കാൾ രുചികരവും ആരോഗ്യദായകവുമാണ്‌ തേങ്ങാകുൽഫിയെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

തേങ്ങയിൽ വിരിഞ്ഞ 'കൽപ' വിഭവങ്ങളുമായി സിപിസിആർഐ (ETV Bharat)

നീരയുടെ മധുരം ചേർന്നതാണ്‌ കൽപ ക്യുബിറ്റ്‌സ്‌. ജ്യൂസി ജെൽ മാതൃകയിലുള്ള ക്യുബിറ്റ്‌സ്‌ പാകമായ നാളീകേരവെള്ളത്തിൽ നിന്നാണ്‌ ഉൽപാദനം. സിപിസിആർഐയും ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ കശുവണ്ടി ഗവേഷണകേന്ദ്രവും കൈകോർത്താണ്‌ കൽപ വെൽവെറ്റ്‌ ചോക്കലേറ്റ്‌ വികസിപ്പിച്ചത്‌. കൊക്കോ, തേങ്ങാപ്പൊടി, തേങ്ങാപഞ്ചസാര, കശുവണ്ടിപ്പരിപ്പ്‌, വെണ്ണ എന്നിവയാണ്‌ പ്രധാന അസംസ്‌കൃതവസ്‌തുക്കൾ.

CPCRI Launches HEALTHY COCONUT BASED TREATS
കുല്‍ഫി (ETV Bharat)

കർഷകർക്ക് തെങ്ങിൽ നിന്നും ഇടവിളകളിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കുക എന്നതാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിസിആർഐ ഡയറക്ടർ ഡോ. കെ ബി ഹെബ്ബാർ ഇ ടിവി ഭാരതിനോട് പറഞ്ഞു. കാർഷിക മേഖലയിലെ പുതിയ സാധ്യതകൾ കർഷകരിലേക്ക് എത്തിക്കുന്നതിനായി ഓരോ വർഷവും വിപുലമായ ഗവേഷണങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CPCRI Launches HEALTHY COCONUT BASED TREATS
ഐസ്ക്രീം കോൺ (ETV Bharat)

സ്ഥാപക ദിനാഘോഷചടങ്ങ്‌ കേന്ദ്ര സർവകലാശാല വൈസ്‌ ചാൻസലർ പ്രൊഫ. സിദു പി അൽഗുർ ഉദ്‌ഘാടനം ചെയ്‌തു. ഈ ഉൽപ്പന്നങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ താല്പര്യമുള്ള സംരംഭകർക്ക് സിപിസിആർഐ ലൈസൻസ് നൽകും.

ദേശീയ സിമ്പോസിയം: ഭാവിയുടെ കൃഷി

സമഗ്രക്ഷേമത്തിനായുള്ള തോട്ടവിള മേഖലയിലെ മുന്നൊരുക്കങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന സിമ്പോസിയം നാളെ അവസാനിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികമായ 2047-ലെ കാർഷിക ഗവേഷണ മുൻഗണനകളാണ് സിമ്പോസിയം പ്രധാനമായും ചർച്ച ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം, കാർബൺ ശേഖരണം (Carbon Sequestration), മൂല്യവർധനവ്, യന്ത്രവൽക്കരണം, നിർമിത ബുദ്ധി (AI) തുടങ്ങിയവ തോട്ടവിള മേഖലയിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് 200-ലധികം ശാസ്ത്രജ്ഞരും വിദഗ്ധരും ആശയവിനിമയം നടത്തുന്നുണ്ട്.

CPCRI Launches HEALTHY COCONUT BASED TREATS
തേങ്ങയിൽ വിരിഞ്ഞ 'കൽപ' വിഭവങ്ങളുമായി സിപിസിആർഐ (ETV Bharat)

2024 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ വച്ച് പ്രകാശനം ചെയ്ത 109 വിളകളിൽ നാലു വിളകളിൽ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തായിരുന്നു. സിപിസിആർഐ വികസിപ്പിച്ച അത്യുത്‌പാദന ശേഷിയുള്ള രണ്ടിനം തെങ്ങും കൊക്കോയും ആണ് അന്ന് പുറത്തിറങ്ങിയത്. കൽപ്പ സുവർണ, കൽപ്പ ശതാബ്‌ദി, വിടിഎൽ 1 കൊക്കോ, വിടിഎൽ 2 കൊക്കോ എന്നിവയാണ് വികസിപ്പിച്ചെടുത്തത്.

CPCRI Launches HEALTHY COCONUT BASED TREATS
തേങ്ങയിൽ വിരിഞ്ഞ 'കൽപ' വിഭവങ്ങളുമായി സിപിസിആർഐ (ETV Bharat)

Also Read: യേശുവിൻ്റെ ജനനം മുതൽ ഉത്ഥാനം വരെ;ശ്രദ്ധേയമായി ഇരട്ട സഹോദരികളുടെ ചിത്രപ്രദർശനം "ദൈവപുത്രൻ"