ETV Bharat / state

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; ധാരണ ലംഘിച്ച് കമ്പനി, ജീവനക്കാർ ഓഫീസിന് പുറത്ത്, പ്രതിഷേധം ശക്തം

കമ്പനി കേരളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കുകയാണെന്നും കൊച്ചി, കോഴിക്കോട് ബ്രാഞ്ചുകൾ പൂട്ടുകയാണെന്നും പെട്ടെന്ന് പ്രഖ്യാപിച്ചതോടെ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ ഉപജീവനമാർഗ്ഗമാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത്.

CORO HEALTH COMPANY  EMPLOYEES PROTEST  OFFICE IN KOCHI  CORO HEALTH MASS LAYOFFS
CORRO HEALTH (ETV Bharat)
author img

By ETV Bharat Kerala Team

Published : July 6, 2026 at 3:37 PM IST

2 Min Read
Choose ETV Bharat

എറണാകുളം: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത്കെയർ ബിപിഒ കമ്പനിയായ ‘കോറോ ഹെൽത്ത്’ (CorroHealth) കേരളത്തിലെ ഓഫീസുകൾ പൂട്ടി എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി കൂടുതൽ പ്രതിസന്ധിയിലേക്ക്. പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിക്കാമെന്ന ജനപ്രതിനിധികളുമായുള്ള മുൻധാരണ ലംഘിച്ച കമ്പനി, കൊച്ചിയിൽ ജോലിക്കെത്തിയ ജീവനക്കാരെ ഓഫീസിനുള്ളിൽ പ്രവേശിപ്പിക്കാതെ മണിക്കൂറുകളോളം പുറത്തുനിർത്തി. ഇതോടെ ജീവനക്കാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി.

നാടകീയ രംഗങ്ങളും ജനപ്രതിനിധികളുടെ ഇടപെടലും
ഓഫീസിനു മുന്നിൽ മണിക്കൂറുകളോളം പുറത്തുനിൽക്കേണ്ടി വന്ന ജീവനക്കാരെ ഡി വൈ എഫ് ഐ നേതാക്കളായ വി. വസീഫ്, വി.കെ. സനോജ് എന്നിവരുടെ നേതൃത്വത്തിൽ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. എങ്കിലും നിലവിൽ ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യമില്ലായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രശ്‌നം രൂക്ഷമായതിനെത്തുടർന്ന് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ അടിയന്തര ചർച്ച നടന്നു. കമ്പനിയുടെ ലീഗൽ അഡ്വൈസർ പങ്കെടുത്ത ഈ യോഗത്തിൽ, വരും ദിവസങ്ങളിൽ പ്രശ്‌നപരിഹാരമുണ്ടാകുന്നത് വരെ (പത്താം തീയതി വരെ) ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ (ETV Bharat)

വിഷയത്തിൽ ശക്തമായ നിലപാടുമായി ജനപ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. പിരിച്ചുവിടപ്പെട്ട മുഴുവൻ പേരെയും ജോലിയിൽ തിരിച്ചെടുക്കാൻ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്ന് ഹൈബി ഈഡൻ എം.പി വ്യക്തമാക്കി.

വിഷയം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ഉമ തോമസ് എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് തിങ്കളാഴ്‌ച വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കാൻ ധാരണയാക്കിയിരുന്നത്. എന്നാൽ ഈ ധാരണയാണ് കമ്പനി ഇപ്പോൾ ലംഘിച്ചിരിക്കുന്നത്.

ആരോപണങ്ങൾ തള്ളി തൊഴിലാളികൾ

യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് കമ്പനി ഞങ്ങളെ പിരിച്ചുവിട്ടതെന്ന് ജീവനക്കാർ ഇടിവി ഭാരതിനോട് പറഞ്ഞു.
കമ്പനി നഷ്‌ടത്തിലാണെന്ന തെറ്റായ ന്യായീകരണമാണ് മാനേജ്മെൻ്റ് കാരണമായി ഉന്നയിക്കുന്നത്. ഇത് വിശ്വാസയോഗ്യമല്ല.

തൊഴിൽ ചൂഷണങ്ങളെ ചോദ്യം ചെയ്‌തതിലുള്ള പ്രതികാര നടപടിയാണിത്. മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിൽ മറ്റ് കമ്പനികളിൽ ജോലിക്ക് ശ്രമിക്കാമായിരുന്നു. ഇത്രയും നാൾ കമ്പനിക്ക് വേണ്ടി അധ്വാനിച്ച ഞങ്ങളെ നിഷ്ക്കരുണം തെരുവിലേക്ക് തള്ളിയിടുകയാണ് ചെയ്തെതെന്ന് ദുരിതത്തിലായ ജീവനക്കാർ വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാവിലെ പതിവുപോലെ ഓഫീസിലെത്തി ലോഗിൻ ചെയ്‌ത ഉടൻ തന്നെ സിസ്റ്റം ക്ലോസ് ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കുകയാണെന്നും കൊച്ചി, കോഴിക്കോട് ബ്രാഞ്ചുകൾ പൂട്ടുകയാണെന്നും പെട്ടെന്ന് പ്രഖ്യാപിച്ചതോടെ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ ഉപജീവനമാർഗ്ഗമാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത്.

നഷ്‌ടപരിഹാരത്തെച്ചൊല്ലി തർക്കം

പെട്ടെന്നുള്ള പിരിച്ചുവിടലിന് പകരമായി തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളം കോമ്പൻസേഷനായി നൽകാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മറ്റൊരു ജോലി കണ്ടെത്തുക പ്രയാസമായതിനാൽ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. മുൻപും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ കമ്പനി അർഹമായ നഷ്‌ടപരിഹാരം നൽകാതെ വഞ്ചിച്ചതായി തൊഴിലാളികൾ ആരോപിക്കുന്നു.

കൃത്യമായ നഷ്‌ടപരിഹാര പാക്കേജിലോ തൊഴിൽ സുരക്ഷിതത്വത്തിലോ അന്തിമ തീരുമാനമാകാത്തതിനാൽ എണ്ണൂറോളം വരുന്ന ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇപ്പോൾ കടുത്ത ആശങ്കയിലും വലിയ പ്രതിസന്ധിയിലുമാണ്. അടുത്ത ഘട്ട ചർച്ചകളിൽ ജീവനക്കാരുടെ ആവശ്യങ്ങളും നഷ്‌ട പരിഹാര പാക്കേജും വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.

Also read: മോൻസൻ കേസിൽ പുതിയ വഴിത്തിരിവ്; പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ആക്രിക്കാര്‍ക്ക് നൽകി പൊലീസ്