ETV Bharat / state

"നിഷ്‌പക്ഷതയുടെ വേര് അറുത്തു, ഇത് ഡീലോ?", മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേല്‍ക്കര്‍ ചുമതലയേറ്റതോടെ വിവാദം ആളിക്കത്തുന്നു

സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ തലപ്പത്തിരുന്ന ഉദ്യോഗസ്ഥനെ, ഭരണസിരാകേന്ദ്രത്തിൻ്റെ ഏറ്റവും നിർണായകമായ പദവിയിലേക്ക് തിടുക്കത്തിൽ കൊണ്ടുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷൻ സെബാസ്റ്റ്യൻ പോള്‍...

Dr Rathan U Kelkar  Rattan Khelkar posting Controversy  kerala cm vd satheesan  Kerala CM Secretary row
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേല്‍ക്കര്‍ ചുമതലയേറ്റതോടെ വിവാദം (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2026 at 3:01 PM IST

5 Min Read
Choose ETV Bharat

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ചതിനെച്ചൊല്ലി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥനെ തന്നെ മുഖ്യമന്ത്രിയുടെ പ്രധാന തസ്‌തികയിലേക്ക് നിയമിച്ചതാണ് വിവാദത്തിൻ്റെ കാതല്‍.

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി ഔദ്യോഗികമായി ഇന്ന് ചുമതലയേല്‍ക്കുകയും ചെയ്‌തു. സാധാരണയായി അവധി ദിവസങ്ങളിൽ ഇത്തരം സുപ്രധാന ചുമതലയേൽക്കലുകൾ നടക്കാറില്ലെങ്കിലും, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഞായറാഴ്‌ച തന്നെ അദ്ദേഹം ഓഫീസിലെത്തി ഫയലുകളിൽ ഒപ്പുവച്ചു.

Dr Rathan U Kelkar  Rattan Khelkar posting Controversy  kerala cm vd satheesan  Kerala CM Secretary row
മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നു (ETV Bharat)

വിവാദങ്ങളുടെ കനൽവഴികൾ

അതേസമയം, ഭരണ സംവിധാനത്തിൻ്റെ തലപ്പത്തേക്ക് ഖേൽക്കർ എത്തിയതിന് പിന്നാലെ രാഷ്ട്രീയ അണിയറകളിൽ വിവാദങ്ങളുടെ കനലുകൾ ആളിപ്പടരുകയാണ്. ആരാണ് രത്തൻ യു. ഖേൽക്കർ? എന്തുകൊണ്ട് ഈ നിയമനം ഒരു രാഷ്‌ട്രീയ കൊടുങ്കാറ്റായി? കേരള കേഡറിലെ ഏറ്റവും കാര്യക്ഷമതയുള്ള, കർക്കശക്കാരനായ ഉദ്യോഗസ്ഥരിൽ ഒരാളായാണ് 2003 ബാച്ച് ഐ.എ.എസ് ഓഫീസറായ ഖേൽക്കർ അറിയപ്പെടുന്നത്.

മുൻ സർക്കാരുകളുടെ കാലത്ത് ഐ.ടി, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ആരോഗ്യ വകുപ്പ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥൻ. എന്നാൽ, വി. ഡി. സതീശൻ നയിക്കുന്ന പുതിയ ഭരണകൂടത്തിൻ്റെ അതിശക്തമായ അധികാരകേന്ദ്രത്തിലേക്ക് ഖേൽക്കർ നിയമിതനായതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

സ്വതന്ത്രവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നിയന്ത്രിക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പദവിയിലിരുന്ന ഉദ്യോഗസ്ഥൻ, ഫലം വന്ന് ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സുപ്രധാന പദവിയിലേക്ക് മാറുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുൻപ് പ്രതിപക്ഷത്തിരുന്ന കാലത്ത് വി.ഡി. സതീശനും യു.ഡി.എഫ് മുന്നണിയും ശക്തമായി എതിർത്തിരുന്ന ചില പദ്ധതികളുടെയും ഉദ്യോഗസ്ഥ തീരുമാനങ്ങളുടെയും പശ്ചാത്തലമാണ് ഈ നിയമനത്തെ സംശയത്തിൻ്റെ നിഴലിലാക്കുന്നത്. "ഇതാണോ പ്രതിപക്ഷം വിഭാവനം ചെയ്ത മാറ്റം?" എന്ന ചോദ്യവുമായി രാഷ്ട്രീയ എതിരാളികൾ രംഗത്തെത്തിക്കഴിഞ്ഞു. ഈ നിയമനം പുറത്തുവന്ന നിമിഷം മുതൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ചർച്ചകളിലും വിമർശനങ്ങൾ കടുക്കുകയാണ്. വിവാദത്തിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. അതില്‍ ഒന്നാമത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് നയങ്ങളിലെ യു-ടേൺ ആണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Dr Rathan U Kelkar  Rattan Khelkar posting Controversy  kerala cm vd satheesan  Kerala CM Secretary row
മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നു (ETV Bharat)

മുൻ ഭരണകാലത്ത് ഇതേ ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്‌ത ചില വകുപ്പുകളിലെ തീരുമാനങ്ങളെ വി. ഡി. സതീശൻ അന്ന് കഠിനമായി വിമർശിച്ചിരുന്നു. ഇന്ന് അതേ ഓഫീസറെ തൻ്റെ ഏറ്റവും അടുത്ത വിശ്വസ്തനായി നിയമിച്ചതിന് പിന്നിൽ എന്ത് രാഷ്ട്രീയ ഒത്തുതീർപ്പാണുള്ളതെന്നാണ് പ്രധാന ആക്ഷേപം. സീനിയോറിറ്റി മറികടന്നോ എന്നതാണ് മറ്റൊരു ആരോപണം. സിവിൽ സർവീസിലെ മറ്റ് പല മുതിർന്ന ഉദ്യോഗസ്ഥരെയും സൈഡ്‌ലൈൻ ചെയ്തുകൊണ്ട്, ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ കൃത്യമായ ചില അജണ്ടകളുണ്ടെന്ന് പ്രതിയോഗികൾ ആരോപിക്കുന്നു. സതീശൻ സർക്കാരിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്ന താഴേത്തട്ടിലെ രാഷ്ട്രീയ അണികൾക്ക്, മുൻ ഭരണസംവിധാനങ്ങളുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥർ വീണ്ടും താക്കോൽസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത് അത്ര എളുപ്പം ദഹിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയെ തകര്‍ത്തു, പ്രതികരിച്ച് സെബാസ്റ്റ്യൻ പോള്‍

വിഷയം വിവാദമായിരിക്കെ ഇടിവി ഭാരതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷൻ, മുൻ പാർലമെൻ്റ് അംഗം, മികച്ച നിയമപണ്ഡിതൻ, മാധ്യമ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ സെബാസ്റ്റ്യൻ പോള്‍. നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ ഒന്നടങ്കം ചോദ്യം ചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

"തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമായരിക്കണം, അത് നിഷ്‌പക്ഷമായിരിക്കണം, അത് ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. അതിൻ്റെ ഉത്തരവാദിത്വം നിറവേറ്റുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യവ്യാപകമായി നിഷ്‌പക്ഷതയോടെയുള്ള തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കേന്ദ്രം നിയമിക്കുന്നു. പക്ഷേ, ആ നിഷ്‌പക്ഷതയ്‌ക്ക് കോട്ടം വരുന്ന, ഒരു പ്രവര്‍ത്തി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകുകയും, ഇത് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് സെബാസ്റ്റ്യൻ പോള്‍ വിമര്‍ശിച്ചു.

എക്‌സിക്യൂട്ടിവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ ബന്ധം പുലര്‍ത്തുമ്പോള്‍ അത് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രി ആകട്ടെ, അല്ലെങ്കില്‍ മുഖ്യമന്ത്രിയാകട്ടെ, ഒരു എക്‌സിക്യൂട്ടിവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ബന്ധം പുലര്‍ത്തിയാല്‍ അത് കമ്മീഷൻ്റെ വിശ്വാസ്യതയെ സംശയിക്കുന്ന രീതിയിലേക്ക് നയിക്കുന്നു. പണ്ട് കാലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അന്ന് രഹസ്യമായിട്ടായിരുന്നു എക്സിക്യൂട്ടിവുമായി ബന്ധം പുലര്‍ത്തിയതെങ്കില്‍ ഇന്ന് ബംഗാളിലും കേരളത്തിലും അത്‌ നേരിട്ട് തന്നെ പ്രകടമാണ്.

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാർ, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചപ്പോള്‍ അതിനെ കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മുമെല്ലാം എതിര്‍ത്തിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഗഹുല്‍ ഗാന്ധിയും, ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശനും ഈ നിയമനത്തെ അന്ന് ചോദ്യം ചെയ്യുകയുണ്ടായി. ആ എതിര്‍പ്പ് ഇപ്പോള്‍ ഖേല്‍ക്കറുടെ നിയമനത്തോടെ അര്‍ഥമില്ലാത്തതായി മാറിയെന്നും സെബാസ്റ്റ്യൻ പോള്‍ വിമര്‍ശിച്ചു.

"ഇവിടെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് തൻ്റെ സെക്രട്ടറിയായി ഖേല്‍ക്കറെ നിയമിച്ചത്. അങ്ങനെയെങ്കില്‍ ബംഗാളിലെ ബിജെപി സര്‍ക്കാരിനെ ഇവര്‍ക്ക് വിമര്‍ശിക്കാൻ സാധിക്കുമോ? ബംഗാളില്‍ നടന്ന ഒരു അനൗചിത്യത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേരളത്തില്‍ നടന്ന ഈ അനൗചിത്യത്തെ ചോദ്യം ചെയ്യാനാകുമോ? ഇതില്‍ ആര്‍ക്കും മിണ്ടാട്ടമില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യതയുടെ വേര്‌ അറുക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നത് ഭരണഘടനയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടവരാണ്. ഇതൊരു നിസാരമായി കാണേണ്ട വിഷയമല്ല. ഇതൊരു തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവമല്ല, തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ഒരു നക്‌സസ് ബന്ധം എക്‌സിക്യൂട്ടീവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ഉണ്ടായിരുന്നു" അദ്ദേഹം ആരോപിച്ചു.

Dr Rathan U Kelkar  Rattan Khelkar posting Controversy  kerala cm vd satheesan  Kerala CM Secretary row
സെബാസ്റ്റ്യൻ പോള്‍ (ETV Bharat)

നമ്മള്‍ ഇപ്പോള്‍ കണ്ടതിലും കേട്ടതിലും അതീധമായി എന്തൊക്കെ സംഭവിച്ചു എന്ന് വേണം മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുൻ കേരള സര്‍ക്കാരാണ് രത്തൻ യു ഖേല്‍ക്കറെ നിയമിച്ചതെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയെയും സെബാസ്റ്റ്യൻ പോള്‍ വിമര്‍ശിച്ചു. രമേശ് ചെന്നിത്തല പറയുന്ന കാര്യത്തില്‍ നീതിയോ യുക്തിയോ ഇല്ല. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ നിയമിക്കപ്പെടേണ്ട ഉദ്യോഗമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ആ സമയത്ത് വിവാദങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം എന്തൊക്കെയോ ഡീല്‍ മണക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നും സെബാസ്റ്റ്യൻ പോള്‍ ആരോപിച്ചു.

സാധാരണ രീതിയില്‍ വിശ്വസിക്കാൻ കഴിയാത്ത അവിശ്വസിനീയ ഫലമാണ് കേരളത്തില്‍ ഉണ്ടായത്. അതുകൊണ്ട് തന്നെ, ഈ തെരഞ്ഞെടുപ്പ് കമ്മീഷണറും പ്രതിപക്ഷ പാര്‍ട്ടിയുമായി അന്നേ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജനങ്ങള്‍ക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും സംഭവിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിൻ്റെ പ്രതിരോധം

എന്നാൽ പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ പൂർണമായും തള്ളിക്കളയുകയാണ് ഭരണപക്ഷം. ഡോ. രത്തൻ യു. ഖേൽക്കർ (2003 ബാച്ച് കേരള കേഡർ ഐ.എ.എസ്) മുൻപ് കണ്ണൂർ കളക്ടറായും മെഡിക്കൽ മിഷൻ ഡയറക്ടറായും തൻ്റെ ഭരണനൈപുണ്യം തെളിയിച്ച മികച്ച ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഭരണസിരാകേന്ദ്രത്തിൻ്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് സർക്കാരിൻ്റെ വിവേചനാധികാരത്തിൽ പെട്ടതാണെന്നും ഇതിൽ യാതൊരുവിധ രാഷ്ട്രീയ പ്രീണനവുമില്ലെന്നും കെ.പി.സി.സി പ്രസിഡൻ്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ വിവാദങ്ങൾ ഒരു വശത്ത് കൊടുങ്കാറ്റായി വീശിയടിക്കുമ്പോഴും, ഭരണപരമായ വെല്ലുവിളികളെ നേരിടാനാണ് പുതിയ സെക്രട്ടറിക്ക് മുൻഗണന. പുതിയ സർക്കാരിൻ്റെ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുക, വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുക എന്നിവയാണ് രത്തൻ ഖേൽക്കറെ കാത്തിരിക്കുന്ന പ്രധാന ചുമതലകൾ. ഈ നിയമനം സർക്കാരിൻ്റെ പ്രതിച്ഛായ വർധിപ്പിക്കുമോ അതോ പ്രതിപക്ഷത്തിന് കൂടുതൽ സമരവീര്യം നൽകുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Also Read: 'രാജ്യത്തെ യുവാക്കളോട് അസഹിഷ്‌ണുത പാടില്ല', സിജെപിക്കെതിരായ നീക്കത്തിൽ മോദിയെ വിമർശിച്ച് കെസി വേണുഗോപാൽ