രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി: യുവതിയുടെ ഭർത്താവിൻ്റെ പരാതിയുടെ പകർപ്പ് ഇടിവി ഭാരതിന്, രണ്ടാം പ്രതിക്കും മുന്‍കൂര്‍ ജാമ്യം
ലൈംഗികാതിക്രമ പരാതിക്കാരിയുടെ ഭർത്താവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിജിപിക്ക് പരാതി നൽകി. കുടുംബജീവിതം തകർത്തെന്നും സൈബർ ആക്രമണം നടത്തിയെന്നുമാണ് ആരോപണം

Published : January 3, 2026 at 1:43 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കുരുക്കുകളിൽ നിന്ന് ഉടൻ മോചനമുണ്ടാകുന്ന ലക്ഷണമില്ല. ലൈംഗിക പീഡനക്കേസിൽ രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ് ഇപ്പോൾ പുതിയ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തെത്തിയതു മുതൽ സമൂഹമാധ്യമങ്ങളിൽ രാഹുൽ നിറഞ്ഞതിനു പിന്നാലെയാണ് ഈ നീക്കം.
ഏറെ സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയും വിവാഹിതനായ തൻ്റെ കുടുംബ ജീവിതം പ്രതി മനഃപൂർവം തകർക്കുകയായിരുന്നു എന്നാണ് സംസ്ഥാന പൊലീസ് മേധാവി റാവദ ചന്ദ്രശേഖറിനു നൽകിയ പരാതിയിൽ ഭർത്താവ് ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു മഹാലക്ഷ്മിയെപ്പോലെയാണ് ഭാര്യയെ വീട്ടിലേക്ക് വരവേറ്റത്. എന്നാൽ സ്വന്തം കുഞ്ഞ് മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ വേണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ഗർഭിണിയാകുമ്പോൾ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തത് തെറ്റാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പ്രതിയുമായുള്ള അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിൻ്റെ പിതൃത്വം ഭർത്താവായ തന്നിൽ ചാർത്താനുള്ള ബോധപൂർവമായ ശ്രമവും രാഹുലിൻ്റെ ഭാഗത്തു നിന്നുണ്ടായി. അവിഹിത ബന്ധത്തിലേർപ്പെട്ട ഒരു നിയമസഭ സാമാജികൻ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം മാധ്യമ വാർത്തയാകുകയും യുവതി പരാതി നൽകുകയും ചെയ്തതോടെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർ വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തനിക്കും കുടുംബത്തിനും വലിയ അഭിമാനക്ഷതമുണ്ടാക്കി.
സമൂഹമാധ്യമങ്ങളിൽ രാഹുലിൻ്റെ അനുയായികൾ തൻ്റെ ലൈംഗിക ശേഷിയെ വരെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചത് മാനസിക നില തകർക്കുന്നതായിരുന്നു. ഇത്തരമൊരു മാനസികാവസ്ഥയിൽ ആയതിനാലാണ് യുവതി പരാതി നൽകിയിട്ടും താൻ പരാതി നൽകാൻ വൈകിയതെന്നും ഭർത്താവ് വിശദീകരിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്ത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
2022 മുതൽ പരാതിക്കാരിയായ യുവതിയുമായി താൻ പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരുടെയും വീട്ടുകാർ ചേർന്ന് 2024 ഓഗസ്റ്റ് 22ന് വിവാഹം നടത്തി. ഇതിനുശേഷം തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാതാപിതാക്കൾക്ക് ഏക മകനായ താൻ ഇടയ്ക്കൊക്കെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. തനിക്കും ഭാര്യക്കും ഇടയിലുള്ള ചെറിയ സൗന്ദര്യപ്പിണക്കങ്ങളെ മുതലെടുത്തുകൊണ്ട് പ്രതി തികച്ചും ക്രിമിനൽ ഉദ്ദേശ്യത്തോടെ യുവതിയെ വശീകരിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
ഗാർഹിക പീഡനം നേരിട്ടപ്പോൾ മധ്യസ്ഥ ചർച്ചകൾക്കായാണ് യുവതിയുമായി ബന്ധപ്പെട്ടതെന്ന രാഹുലിൻ്റെ വാദം പച്ചക്കള്ളമാണ്. ചർച്ചകൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്നുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഭർത്താവ് ആരോപിച്ചു. അതേസമയം, രാഹുലിനെതിരായ യുവതിയുടെ പരാതിയിൽ രണ്ടാം പ്രതിയായ ജോസി ജോസഫിന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ ഗർഭ നിരോധന ഗുളികകൾ എത്തിച്ചത് ഇയാളാണെന്നായിരുന്നു യുവതിയുടെ മൊഴി.

