'വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റം നടന്നിട്ടില്ല: എംഎസ്‌സി-അദാനി ചർച്ച എൽഡിഎഫിന് അറിയാമായിരുന്നു': മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി. എംഎസ്‌സി - അദാനി ചർച്ച ഒരുവർഷമായി നടക്കുന്നു. ദേശാഭിമാനി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നുവെന്നും വിഡി സതീശന്‍.

Published : July 8, 2026 at 11:40 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും എംഎസ്‌സി- അദാനി ചർച്ച ഒരുവർഷമായി നടക്കുന്നത് എൽഡിഎഫിന് അറിവുള്ള കാര്യമായിരുന്നെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നിയമപരമായ നിർദേശം നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആ വിഷയത്തിൽ യുഡിഎഫ് സർക്കാർ ഒരു തെറ്റും ചെയ്‌തിട്ടില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ ഓഹരി കൈമാറ്റം നടന്നെന്നാണ് പറഞ്ഞത്. എന്നാൽ ഓഹരി കൈമാറ്റം നടന്നിട്ടില്ല. വിഷയം നേരത്തെ അറിയാമായിരുന്നില്ല.
എംഎസ്‌സി - അദാനി ചർച്ച ഒരുവർഷമായി നടക്കുന്നു. ഇത് സിപിഎം പത്രമായ ദേശാഭിമാനി റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് ഇത് അറിയാമായിരുന്നു. എന്നിട്ടാണ് ഇത് യുഡിഎഫ് സർക്കാരിന്‍റെ മുകളിൽ ഇടാൻ നോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ തയ്യാറാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ മന്ത്രി കെ ബാബുവിനും സല്യൂട്ട് കൊടുക്കണം. കോമൺ യൂസർ ഫെസിലിറ്റി വേണമെന്ന് യുഡിഎഫ് കൺസഷൻ എഗ്രിമെന്‍റിൽ പറഞ്ഞിരുന്നു. ഓഹരി കൈമാറ്റത്തിന് ആഭ്യന്തര ഷിപ്പിങ് മന്ത്രാലയങ്ങളുടെ അനുമതി വേണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്ര സർക്കാർ അനുമതി കിട്ടിയാൽ മാത്രമേ സംസ്ഥാനം വിഷയം പരിഗണിക്കൂ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 99 ശതമാനം കപ്പലുകളും എംഎസ്‌സിയുടേതായിരുന്നു. വിഴിഞ്ഞം തുറമുഖം സ്വപ്‌ന പദ്ധതിയായത് കൊണ്ടാണ് മുഖ്യമന്ത്രിയായ താൻ തുറമുഖ വകുപ്പ് ഏറ്റെടുത്തത്. വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് താത്‌പര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Also read: പിഎസ്‌സി നിയമന ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും; കർശന നടപടിയെന്ന് മുഖ്യമന്ത്രി

