ETV Bharat / state

ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; മാധ്യമങ്ങളോട് പ്രതികരിക്കാതെ തിരുവനന്തപുരത്തേക്ക്

കാറിൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം നേരെ ടെർമിനലിലേക്ക് കടന്നുപോവുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം കണ്ണൂർ ജില്ലയിലുണ്ടായിരുന്നു

Kerala Chief Minister News Pinarayi Vijayan Media Boycott Kannur To Trivandrum Trip Kerala Political Controversies
മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയപ്പോൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : May 5, 2026 at 9:39 AM IST

2 Min Read
Choose ETV Bharat

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സർക്കാർ നേരിടുന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകർ ഏറെ നേരം കാത്തുനിന്നിരുന്നെങ്കിലും പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. കാറിൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം നേരെ ടെർമിനലിലേക്ക് പോവുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ ജില്ലയിലായിരുന്ന അദ്ദേഹം സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താൻ മുതിർന്നിട്ടില്ല. വോട്ടെണ്ണൽ ദിവസം പിണറായിയിലെ വീട്ടിൽ തുടർന്ന അദ്ദേഹം ഇതുവരെ മുന്നണിയുടെ തോൽവിയിൽ പ്രതികരണം നടത്തിയിട്ടില്ല. ധർമടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് പിന്നാലെ വാർത്താ സമ്മേളനം അദ്ദേഹം ഒഴിവാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതൻ വഴിയാണ് ലോക്‌ഭവനിൽ എത്തിച്ചത്. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഉന്നതതല യോഗങ്ങൾ വിളിച്ചുചേർക്കും. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഓഫിസ് വൃത്തങ്ങൾ എന്നിവരുമായി അദ്ദേഹം നിർണായക ചർച്ചകൾ നടത്തും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചേക്കും.

പ്രതിപക്ഷ നേതാവായി കെ എൻ ബാലഗോപാൽ?
പുതിയ നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ എത്തിയേക്കില്ല. തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അദ്ദേഹം സ്ഥാനത്ത് നിന്ന് മാറിനിൽക്കും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത കൂടുതൽ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യത്തിൽ അന്തിമ ധാരണയുണ്ടാകും.

കെ എൻ ബാലഗോപാൽ തയ്യാറായില്ലെങ്കിൽ പി എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിജയിച്ച ഇവർ രണ്ട് പേരുമാണ് സാധ്യതാ പട്ടികയിലുള്ളത്. ഇവരിൽ ഒരാൾ ഭരണപക്ഷത്തെ നേരിടാൻ പ്രതിപക്ഷ നേതാവാകും. പിണറായി വിജയൻ തൻ്റെ നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും ഈ ചർച്ചകളിലേക്ക് സിപിഎം കടക്കുക.

പുതിയ നിയമസഭയിൽ പ്രതിപക്ഷത്ത് എൽഡിഎഫിൻ്റെ അംഗബലം 35 ആയി ചുരുങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശക്തരായ നേതാക്കളുടെ അഭാവം എൽഡിഎഫ് നിരയിൽ വലിയ തിരിച്ചടിയാണ്. തോൽവിയുടെ പശ്ചാത്തലത്തിൽ ക്രിയാത്മക പ്രതിപക്ഷമായി മാറാൻ മുന്നണിക്ക് എത്രത്തോളം സാധിക്കുമെന്നത് വലിയ ചോദ്യമാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ പൂർണമായും അടഞ്ഞ മട്ടാണ്.

സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ച വിവാദ വിഷയങ്ങളിൽ ഭാവിയിൽ എങ്ങനെ മുന്നോട്ടുപോകണം എന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം അടിയന്തര കൂടിയാലോചനകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഉയർന്നുവന്ന ആരോപണങ്ങളെ കേവലം രാഷ്ട്രീയമായി നേരിടുമോ അതോ മറ്റ് തുടർനടപടികൾ സ്വീകരിക്കുമോ എന്നത് നിർണായകമാണ്.

പാർട്ടിക്കുള്ളിലെ ഈ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച ശേഷമായിരിക്കും അദ്ദേഹം മാധ്യമങ്ങളെ കാണുക. അതുവരെ വിവാദ വിഷയങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നേതൃത്വം. ദയനീയ പരാജയത്തിൻ്റെ കാരണങ്ങൾ ബൂത്ത് തലം മുതൽ സൂക്ഷ്മമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പരാജയത്തിലേക്ക് നയിച്ച ഘടകങ്ങൾ വരും ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിശദമായി വിലയിരുത്തും. ഭരണത്തുടർച്ചയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത് വലിയ പാഠമായാണ് പാർട്ടി കേന്ദ്രങ്ങൾ കാണുന്നത്.

Also Read:- തെരഞ്ഞെടുപ്പ് ഫലം: വർഗീയത ഇളക്കിവിടാൻ ശ്രമിച്ചവർക്ക് ജനങ്ങൾ നൽകിയത് കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാൽ