ETV Bharat / state

കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പ്രസ്‌താവനകള്‍ വീണ്ടും പൊടിതട്ടിയെടുത്ത് മുഖ്യമന്ത്രി, കോണ്‍ഗ്രസ് തരാതരം പോലെ വര്‍ഗീയത കളിക്കും, എല്‍ഡിഎഫിനെന്നും ഒറ്റ നിലപാട്

വിഡി സതീശന്‍, കെ മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ പൊതു മണ്ഡലത്തിലുണ്ടെന്ന് മുഖ്യമന്ത്രി.

CM PINARAYI VIJAYAN  CONGRESS LEADERS OLD STATEMENTS  AK BALAN  AK BALAN JAMAAT STATEMENT
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : January 8, 2026 at 8:24 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: എകെ ബാലന്‍റെ ജമാഅത്തെ പ്രസ്‌താവനയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധങ്ങളുയുര്‍ത്തുന്നതിനെ നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്‍റണി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രസ്‌താവനകള്‍ ആയുധമാക്കിയായിരുന്നു ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യാക്രമണം. വര്‍ഗീയത വച്ച് കേരളത്തിലും രാജ്യത്തിലും മുതലെടുപ്പ് നടത്തുന്ന ചിലരുണ്ടെന്നും അവര്‍ ഇടയ്ക്കിടെ പ്രസ്‌താവനകള്‍ മാറ്റാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് ആ ഗണത്തില്‍ പെട്ടവരല്ല.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിയായിരുന്ന എകെ ആന്‍റണി എന്തുമാത്രം വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്‌താവനകളാണ് ഒരു കാലത്ത് നടത്തിയത്. കോണ്‍ഗ്രസിന്‍റെ സിംലാ സമ്മേളനം കഴിഞ്ഞെത്തിയ ശേഷമായിരുന്നല്ലോ ആന്‍റണി ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയത്. ന്യൂനപക്ഷം സംഘടിത ശക്തി ഉപയോഗിച്ച് കൊണ്ട് സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുകയും വിലപേശല്‍ നടത്തുകയും ചെയ്യുന്നുവെന്ന ആക്ഷേപം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്‍റണി ഉന്നയിച്ചതാണ്.

ഇത്തരത്തിലുള്ള ആക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ഇതെല്ലാം പറഞ്ഞ് കൊണ്ടാണ് അന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചതെന്നത് മറക്കരുത്. മാറാട് കലാപത്തിന്‍റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും പരസ്യപ്പെടുത്തണമെന്ന് എകെ ആന്‍റണി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ഇവിടെയാണ് നാം രമേശ് ചെന്നിത്തലയുടെ ഒരു പ്രസ്‌താവനയെ കുറിച്ച് ഓര്‍ക്കേണ്ടത്.

മലബാറില്‍ മൂന്നോ നാലോ സീറ്റ് ലീഗിന് നല്‍കുന്നത് ഭാവിയില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗ് ആവശ്യപ്പെടുന്നതിന് ഇടയാക്കുമെന്നും ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു സികെ ഗോവിന്ദന്‍നായര്‍ എന്നും കെപിസിസി പ്രസിഡന്‍റായിരിക്കെ പറഞ്ഞ ആളാണ് രമേശ് ചെന്നിത്തല. സികെ ഗോവിന്ദന്‍നായര്‍ പറഞ്ഞ കാര്യം അക്ഷരം പ്രതിയായിരുന്നുവെന്ന് കേരളം തെളിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അന്ന് പറഞ്ഞിട്ടുണ്ട്.

വര്‍ഗീയ കക്ഷികളുമായും സാമുദായിക സംഘടനകളുമായും ബന്ധം സ്ഥാപിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു ലക്ഷ്‌മണ രേഖ വേണം എന്നത് ഉയര്‍ത്തിപ്പിടിക്കുകയാണ് രമേശ് ചെന്നിത്തല ചെയ്‌തത്. അതേ രമേശ് ചെന്നിത്തലയാണ് ജമാഅത്തെ ഇസ്‌ലാമിയെ അണിനിരത്തുന്നതില്‍ ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളത്.

വിഡി സതീശന്‍, കെ മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ പൊതു മണ്ഡലത്തിലുണ്ട്. അഞ്ചാം മന്ത്രി സ്ഥാനം മുസ്‌ലീം ലീഗിന് ലാഭമാണോ നഷ്‌ടമാണോ ഉണ്ടാക്കിയതെന്ന് ലീഗ് നേതൃത്വം ചിന്തിക്കണം എന്നായിരുന്നു അന്ന് വിഡി സതീശന്‍റെ പ്രസ്‌താവന. ഈ വിഷയം വഷളാക്കി സാമുദായികമായ ചേരി തിരിവുണ്ടാക്കി അനാവശ്യമായ ഒരു വിഷയമാക്കി വളര്‍ത്തിയതിന് പകരം അവര്‍ക്ക് ആഗ്രഹം കൊടുത്താല്‍ മതിയായിരുന്നുവെന്നും അപക്വമായ തീരുമാനങ്ങളാണ് നാമെടുത്തെന്നതും സതീശന്‍റെ വാക്കുകളാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭരണപരമായ പക്വത ഇക്കാര്യത്തില്‍ നാം കാണിച്ചിട്ടില്ലെന്ന് പറഞ്ഞത് തെറ്റാണോയെന്ന് പരസ്യമായി സതീശന്‍ പ്രസംഗിച്ച കാര്യമാണ്. കേരളത്തിലെ സാമൂഹിക പശ്ചാത്തലം നോക്കി വേണം സ്‌കൂളുകള്‍ അനുവദിക്കേണ്ടതെന്നും മലബാറിന് അനുവദിച്ച 33 സ്‌കൂളുകള്‍ ഭൂരിപക്ഷ സമുദായത്തിന്‍റെ കേന്ദ്രീകരണത്തിനിടയാക്കും എന്നും മലബാറില്‍ 33 സ്‌കൂളുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ പ്രസംഗിച്ച ആളാണ് സതീശന്‍.

ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്ര വാദം ഉന്നയിക്കുന്നില്ലെന്ന് ഇപ്പോള്‍ പറയുന്നതും ഇതേ സതീശനാണ്. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചിട്ടില്ലെന്ന് സതീശന് മറുപടി നല്‍കിയത് ആ സംഘടനയുടെ മുന്‍ അമീര്‍ ആയ ടികെ അബ്‌ദുള്ളയാണ്. തരാതരം പോലെ വര്‍ഗീയത കളിക്കുകയും അത് മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ എല്‍ഡിഎഫിന് ഓരോ ഘട്ടത്തിലും ഓരോ നിലപാടല്ല, വര്‍ഗീയതയെ എതിര്‍ക്കുക എന്ന സ്ഥായിയായ നിലപാടാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: യൂട്യൂബ്‌ നോക്കി പഠിച്ചെടുത്തു; കരവിരുത് കൈമുതലാക്കി സീമ, നെറ്റിപ്പട്ടം നിര്‍മാണത്തില്‍ ശ്രദ്ധേയമായ സംരംഭ