ETV Bharat / state

എൽഡിഎഫ് എതിർക്കുന്നത് വർഗീയതയെ, ജനവിഭാഗങ്ങളെയല്ല; ബാലനെ പിന്തുണച്ചും മുഖ്യമന്ത്രി

ആർഎസ്എസിനെ എൽഡിഎഫ് എതിർക്കുന്നു എന്നതിന്‍റെ അർത്ഥം ഹിന്ദുക്കളെ എതിർക്കുന്നു എന്നതല്ലല്ലോ.

PINARAYI VIJAYAN  AK BALAN  CPM  RSS
Pinarayi Vijayan (Facebook.com)
author img

By ETV Bharat Kerala Team

Published : January 8, 2026 at 7:14 PM IST

5 Min Read
Choose ETV Bharat

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മാറാട് കലാപം ആവർത്തിക്കുമെന്നും ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നുമുള്ള മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലന്‍റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ കേരളത്തിലുണ്ടെങ്കിലും അവർക്ക് അഴിഞ്ഞാടാൻ ഇന്ന് എൽഡിഎഫ് ഭരണത്തിൽ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമിച്ചാൽ കർക്കശ നിലപാടിലൂടെ നേരിടുന്നതാണ് ഇന്നത്തെ രീതി. യുഡിഎഫിന്‍റെ നിലപാടുകളുടെ ഭാഗമായാണ് കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ആളിക്കത്തുന്ന സ്ഥിതിയുണ്ടായത്.

വർഗീയശക്തികളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് സ്വീകരിക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏത് വർഗീയത എന്ന പ്രത്യേകതയില്ലാതെ, ഏത് വർഗീയതയാണെങ്കിലും നാടിനാപത്ത് എന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു പോരുന്നത്. എൽഡിഎഫിന്‍റെ സ്ഥാനത്ത് യുഡിഎഫാണെങ്കിൽ എന്തായിരിക്കും എന്നത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ബാലൻ പറയാൻ ശ്രമിച്ചതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിനൊരു മാതൃകയാണ്. ഇവിടെ വർഗീയ സംഘർഷങ്ങളോ വർഗീയ കലാപങ്ങളോ ഇല്ല. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതാണ് എ.കെ. ബാലൻ ഓർമ്മിപ്പിച്ചത്. മാറാട് കലാപമുണ്ടായപ്പോൾ അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി എ.കെ. ആന്റണി തീരുമാനിച്ചപ്പോൾ, മുഖ്യമന്ത്രിക്കൊപ്പം മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി വരാൻ പാടില്ല എന്ന് ആർഎസ്എസ് നിബന്ധന വച്ചു.

കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് എ.കെ. ആന്റണി പോകുമ്പോൾ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടിയില്ല. ആർഎസ്എസിന്‍റെ അനുവാദം വാങ്ങുന്ന അവസ്ഥയാണ് അന്നുണ്ടായത്. അന്ന് പാർട്ടി ഭാരവാഹി എന്ന നിലയിൽ താൻ അവിടെ പോയത് ആരുടെയും അനുമതി വാങ്ങിയിട്ടല്ല. അവിടെപ്പോയി ആളുകളെ കണ്ട് സംസാരിച്ച് തിരിച്ചുവരികയും ചെയ്തു. കേരളത്തിന്‍റെ ഒരു മുഖ്യമന്ത്രി എന്തിനാണ് അങ്ങനെയൊരു നിലപാടെടുത്തത്? അതാണ് യുഡിഎഫിന്‍റെ രീതി. വർഗീയതയെ യുഡിഎഫ് എങ്ങനെ സമീപിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് അവിടെ കണ്ടത്.

യുഡിഎഫിന്‍റെ നിലപാടുകളുടെ ഭാഗമായാണ് വർഗീയ സംഘർഷങ്ങൾ ആളിക്കത്തുന്ന നിലയുണ്ടായത്. വർഗീയ ശക്തികളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് അന്ന് യുഡിഎഫിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഏത് വർഗീയത എന്ന പ്രത്യേകതയില്ലാതെ, ഏത് വർഗീയതയാണെങ്കിലും നാടിനാപത്ത് എന്ന സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചു പോരുന്നത്. കേരളത്തിന്‍റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെ ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കലാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അത് ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ആ പ്രചാരണത്തിലൂടെ, തങ്ങൾക്കെതിരായ പ്രചാരണം ഭൂരിപക്ഷ പ്രീണനമാണെന്ന് വരുത്തിത്തീർക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. എൽഡിഎഫ് എതിർക്കുന്നത് വർഗീയതയെ ആണ്; ആ വർഗീയത പ്രചരിപ്പിക്കുന്ന ആളുകൾ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തെയല്ല.

ആർഎസ്എസിനെ എൽഡിഎഫ് എതിർക്കുന്നു എന്നതിന്‍റെ അർത്ഥം ഹിന്ദുക്കളെ എതിർക്കുന്നു എന്നതല്ലല്ലോ. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിർക്കുന്നു എന്നതുകൊണ്ട് മുസ്ലീങ്ങളെയാണോ എതിർക്കുന്നത്? വർഗീയ നിലപാടു സ്വീകരിക്കുന്നവരെ എതിർക്കുന്നു എന്നല്ലാതെ ജനവിഭാഗങ്ങളെ എതിർക്കുന്നില്ല.

അതിൽ ഭൂരിപക്ഷ ജനവിഭാഗങ്ങളെന്നോ ന്യൂനപക്ഷ ജനവിഭാഗങ്ങളെന്നോ വ്യത്യാസമില്ല. ഈ രണ്ടു ജനവിഭാഗങ്ങളിലുമുള്ള മഹാഭൂരിപക്ഷം പേരും മതേതര ചിന്താഗതിക്കാരാണ്. ഈ വർഗീയ ശക്തികൾക്ക് വളരെ ചെറിയ സ്വാധീനമേയുള്ളൂ. ആ വർഗീയത നാടിന് വലിയ ആപത്താണെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. അത് തിരിച്ചറിയാൻ യുഡിഎഫിന് കഴിയുന്നില്ലെന്നതാണ് പ്രശ്നം. ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നതും എൽഡിഎഫ് പറയുന്നതും ഒന്നല്ല.

എൽഡിഎഫ് പറയുന്നത് മതനിരപേക്ഷതയെ ശക്തിപ്പെടുത്താനാണ്. മതനിരപേക്ഷത ശക്തിപ്പെടുത്താൻ ബിജെപിക്കോ രാജീവ് ചന്ദ്രശേഖരനോ ഒരുഘട്ടത്തിലും താൽപ്പര്യമില്ല. അപരമത വിദ്വേഷം വളർത്താനുള്ള ശ്രമം ഏതു വർഗീയ ശക്തികളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെനിസ്വേല : കേന്ദ്രത്തിന് അമേരിക്കൻ പേടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വെനിസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്ക നടത്തുന്ന നഗ്നമായ കടന്നുകയറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും പത്നിയെയും തട്ടിക്കൊണ്ടുപോവുകയും തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നടപടി ലോക മനസാക്ഷിയെ അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

വിയറ്റ്‌നാം മുതൽ ഇറാഖ് വരെ അമേരിക്ക നടത്തിയിട്ടുള്ള സൈനിക അധിനിവേശങ്ങളുടെയും മനുഷ്യക്കുരുതിയുടെയും തുടർച്ചയാണിത്. വെനിസ്വേലയിൽ ഇന്ന് സംഭവിക്കുന്നത് നാളെ മറ്റേതൊരു രാജ്യത്തും സംഭവിക്കാമെന്നും ഇത് ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം അടിച്ചേൽപ്പിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഗൗരവത്തോടെ കാണുന്നതിന് പകരം കേന്ദ്ര സർക്കാർ അമേരിക്കൻ വിധേയത്വമാണ് പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിക്കാൻ കേന്ദ്രം തയ്യാറായില്ല. ഇന്ത്യയുടെ പരമാധികാരത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാൻ പോലും കേന്ദ്രത്തിന് സാധിക്കുന്നില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ഇതേ പാതയിലാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ പേരിൽ റോഡ് നിർമ്മിക്കാനാണ് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ മത്സരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അമേരിക്കൻ ഫണ്ടിങ്ങോടെ സി.ഐ.എ ആസൂത്രണം ചെയ്ത 'വിമോചന സമര'ത്തിലൂടെ അട്ടിമറിക്ക് നേതൃത്വം നൽകിയവർക്ക് ഇതിലപ്പുറം ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് സി.ഐ.എയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയ പ്രമുഖ മാധ്യമങ്ങളുടെ പ്രേതങ്ങളാണ് ഇന്നും നമ്മുടെ മാധ്യമരംഗം നിയന്ത്രിക്കുന്നത്. വെനിസ്വേലയിലെ അധിനിവേശത്തിന് മധുരം പുരട്ടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ ശബ്ദമുയർത്തണമെന്നും വെനിസ്വേലയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

'വ്യാജ കേരള സ്റ്റോറികൾ' വികസനത്തെ മറയ്ക്കാന്‍, ആസൂത്രണ മികവിൽ കേരളം മുന്നോട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആസൂത്രണ പ്രക്രിയയെ അട്ടിമറിച്ച കേന്ദ്ര നയങ്ങൾക്കെതിരെ കേരളം ബദൽ മാതൃക സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ദിശാബോധം നൽകിയിരുന്ന ആസൂത്രണ കമ്മീഷനെ കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോൾ, വികസന പാതയിൽ ശാസ്ത്രീയമായ ആസൂത്രണം അത്യന്താപേക്ഷിതമാണെന്ന നിലപാടിൽ കേരളം ഉറച്ചുനിന്നു.

ആസൂത്രണ സംവിധാനങ്ങൾ ഉപേക്ഷിച്ചത് വഴി സംസ്ഥാനങ്ങളിൽ മൂലധന നിക്ഷേപം വർദ്ധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ആസൂത്രണ ബോർഡിന്‍റെ ഇടപെടലുകൾ വഴി കേരളത്തിന് മൂലധന ചെലവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) നടത്തിയ പുതിയ പഠനത്തെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

കേന്ദ്ര സർക്കാർ ആസൂത്രണ സംവിധാനങ്ങൾ ഇല്ലാതാക്കിയ 18 പ്രധാന സംസ്ഥാനങ്ങളിൽ മൂലധന ചെലവ് ശരാശരി 11.3 ശതമാനമായി കുറഞ്ഞപ്പോൾ, കേരളം ഇത് 8.2 ശതമാനമായി വർദ്ധിപ്പിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ കിഫ്ബി വഴി നടത്തിയ ബൃഹത്തായ നിക്ഷേപങ്ങൾ കൂടി പരിഗണിച്ചാൽ കേരളത്തിലെ മൂലധന ചെലവ് റിപ്പോർട്ടിൽ പറയുന്നതിനേക്കാൾ എത്രയോ മുകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണം അനാവശ്യ ഭാരമാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ് കേരളത്തിന്റെ ഈ നേട്ടം. അനാവശ്യമായ റവന്യൂ ചെലവുകൾ നിയന്ത്രിക്കാനും കൃത്യമായ ധനകാര്യ മാനേജ്‌മെന്റിലൂടെ വികസന കുതിപ്പ് ഉറപ്പാക്കാനും ആസൂത്രണ ബോർഡിന്റെ ഇടപെടലുകൾ വഴി സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും കേരളം രാജ്യത്തിന് കോട്ടയായി നിലകൊള്ളുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അവയെ കൂടുതൽ മത്സരക്ഷമമാക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. വ്യവസായ വകുപ്പിന് കീഴിലെ 51 പൊതുമേഖലാ സ്ഥാപനങ്ങൾ 15.14 ശതമാനം വളർച്ചയോടെ 5,135.89 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.

ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചതായും അദ്ദേഹം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊതുമേഖലാ ഫാക്ടറികളുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായപ്പോൾ കേരളം അവയെ സംരക്ഷിച്ചു നിർത്തി.

സാമ്പത്തിക മൂല്യവർദ്ധനവിന്‍റെ (GVA) കാര്യത്തിൽ രാജ്യത്തെ ആകെ വിഹിതത്തിന്റെ 11.3 ശതമാനം സംഭാവന നൽകി കേരളം രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 15.6 ശതമാനം സഞ്ചിത വളർച്ചയോടെ രാജ്യം ശ്രദ്ധിക്കുന്ന മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും കേരളം കൈവരിക്കുന്ന ഈ നേട്ടങ്ങൾ പുകമറകൾ സൃഷ്ടിച്ച് ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആസൂത്രിതമായ 'വ്യാജ കേരള സ്റ്റോറികൾ' പടച്ചുവിടുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Also Read: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒപി അടക്കം തടസപ്പെടും