ETV Bharat / state

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: പാർട്ടി പ്രവർത്തകരാണെങ്കിലും കർശന നടപടിയെന്ന് മന്ത്രി സണ്ണി ജോസഫ്‌, സംഘാടകരെ തള്ളി ജെനീഷ്

കുറ്റം ചെയ്തവർ സ്വന്തം പാർട്ടി പ്രവർത്തകരാണെങ്കിൽ പോലും കർശനമായ നടപടിയുണ്ടാകുമെന്നും സണ്ണി ജോസഫ്

JINEESH REJECTS ORGANIZERS CLAIMS  SUNNY JOSEPH
മന്ത്രി സണ്ണി ജോസഫ് (ETV Bharat)
author img

By ETV Bharat Kerala Team

Published : August 29, 2026 at 5:32 PM IST

2 Min Read
Choose ETV Bharat

കോട്ടയം/തൃശൂര്‍: മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ സർക്കാർ പൂർണ്ണമായും നിഷ്പക്ഷമായ സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് മന്ത്രി സണ്ണി ജോസഫ്. കുറ്റം ചെയ്തവർ സ്വന്തം പാർട്ടി പ്രവർത്തകരാണെങ്കിൽ പോലും കർശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസും പാർട്ടിയും നടപടിയെടുത്തു

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ നിർഭാഗ്യകരമായ സംഭവത്തിൽ പൊലീസ് ഇതിനകം തന്നെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന് പുറമെ, പാർട്ടി തലത്തിലും കുറ്റക്കാർക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പരിപാടി മാറ്റിവെച്ച വിവരം മുഖ്യമന്ത്രി മുൻകൂട്ടി തന്നെ അവരെ ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിഷ്പക്ഷ സമീപനം; മുൻ മുഖ്യമന്ത്രിമാരുമായി താരതമ്യം വേണ്ട

"നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. അത് സ്വന്തം പാർട്ടി അണികളാണെങ്കിൽ പോലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. തികച്ചും നിഷ്പക്ഷമായ സമീപനമായിരിക്കും ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിൻ്റേത്," മന്ത്രി പറഞ്ഞു. ഈ സംഭവത്തെ മുൻ മുഖ്യമന്ത്രിമാരുടെ കാലത്തുണ്ടായ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധിക സുരക്ഷ ആവശ്യമില്ല

മന്ത്രി സണ്ണി ജോസഫ് പ്രതികരിക്കുന്നു (ETV Bharat)

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തങ്ങൾക്ക് പൊലീസിൻ്റെ യാതൊരുവിധ അധിക സുരക്ഷയുടെയും ആവശ്യമില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകിയത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്ക് സാധാരണ സുരക്ഷ മതിയെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടകരെ തള്ളി മന്ത്രി ഒ.ജെ. ജെനീഷ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ സംഘാടകർക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി ഒ.ജെ. ജെനീഷ്. മുഖ്യമന്ത്രിയെ തടഞ്ഞ നടപടി ഒട്ടും അംഗീകരിക്കാനാകാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ പൂർണ്ണമായി തള്ളിപ്പറഞ്ഞ മന്ത്രി, ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയും നൽകി.

പുലികളി സംഘങ്ങൾക്ക് ധനസഹായം ഒരു ലക്ഷമാക്കി ഉയർത്തി; ഉത്തരവ് ഇന്ന്

സാംസ്കാരിക കേരളത്തിൻ്റെ പെരുമ വിളിച്ചോതുന്ന പുലികളി സംഘങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ വക വലിയ കൈത്താങ്ങ്. പുലികളി സംഘങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചുവെന്നും ജെനീഷ് പറഞ്ഞു.. കലാസംഘങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകുന്നേരത്തോടെ തന്നെ പുറത്തിറങ്ങുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉറപ്പുനൽകി. സർക്കാരിൻ്റെ ഈ തീരുമാനം പുലികളി കോർഡിനേഷൻ കമ്മിറ്റികളും കലാസ്നേഹികളും വലിയ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്നും ജെനീഷ് കൂട്ടിച്ചേര്‍ത്തു.

'മെസി വിവാദം': പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ ചെയ്ത് കായിക വകുപ്പ്

കായികലോകത്ത് വലിയ ചർച്ചയായ 'മെസി വിവാദത്തിൽ' നിർണ്ണായക നീക്കവുമായി കായിക വകുപ്പ്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കായിക വകുപ്പിൻ്റെ കർശന നിർദ്ദേശം. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കായിക വകുപ്പിന് മാത്രമായി ഇത് അന്വേഷിച്ചു തീർക്കാനാകില്ലെന്നും, മറ്റ് വിവിധ വകുപ്പുകളുടെ സഹായം ഇതിന് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി. ഒന്നിലധികം തലങ്ങളിൽ വിപുലമായ പരിശോധന നടത്തേണ്ട വിഷയമാണിതെന്നാണ് കായിക വകുപ്പിൻ്റെ വിലയിരുത്തൽ.

Also Read: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിലിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്