തനത് കലാരൂപങ്ങളുടെ 'കലാങ്കണം'; സാംസ്‌കാരിക പൈതൃകത്തിന്‍റെ പുതിയ മുഖമായി കൊച്ചി വിമാനത്താവളം
ക്ഷേത്ര മാതൃകയിലുള്ള ഈ കേന്ദ്രത്തിൽ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്.

Published : January 3, 2026 at 8:51 PM IST
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരളത്തിന്‍റെ തനത് കലാരൂപങ്ങളുടെ പ്രചാരണത്തിനായി നവീകരിച്ച കലാങ്കണം സജ്ജമായി. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് ഗേറ്റ് ഏഴിന്‍റെ പരിസരത്താണ് കേരളത്തിന്‍റെ സമൃദ്ധമായ കലാസാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാങ്കണം പണി കഴിപ്പിച്ചിട്ടുള്ളത്. ക്ഷേത്ര മാതൃകയിലുള്ള ഈ കേന്ദ്രത്തിൽ കഥകളി, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, ഓട്ടൻ തുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിങ്ങനെ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്.
സിയാൽ മാനേജിങ് ഡയറക്‌ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്‌തു. എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ ജയരാജൻ വി, സജി കെ. ജോർജ്, സി.എഫ്.ഒ സജി ഡാനിയേൽ എയർപോർട്ട് ഡയറക്‌ടർ മനു ജി, പദ്ധതിയുടെ കൺസൾട്ടന്‍റ് വൈക്കം പി. രാജശേഖർ എന്നിവരും സിയാലിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
അതേസമയം ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു സ്ഥലത്തെ സജീവമായ കലാസമുച്ചയമാക്കി മാറ്റിയ ഈ സംരംഭം യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഉദ്‌ഘാടനത്തിന് ശേഷം നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാനെത്തിയത്. ടെർമിനലിലെ ഫോട്ടോ സ്പോട്ടായി കലാങ്കണം മാറുകയാണ്.

കയറ്റുമതി കാർഗോ സംഭരണ ശേഷി വർധിപ്പിച്ച് സിയാൽ: കയറ്റുമതി ചരക്കുകളുടെ സംഭരണ ശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് പ്രവർത്തനം തുടങ്ങി. ഇതോടെ സിയാലിലെ വാർഷിക എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്‌സ്-റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, +2°C മുതൽ +8°C വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്‌ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്‌പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്‌ടീവ് വസ്‌തുക്കൾ, വിലയേറിയ കൺസൈൻമെന്‍റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സിയാലിന്‍റെ ശേഷി വർധിച്ചു.
ചരക്കുകളുടെ ടേൺ അറൗണ്ട് സമയം കുറയ്ക്കാനും കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രത്യേക ചരക്കുകളുടെ കാര്യക്ഷമമായ കൈകാര്യം ചെയ്യലിനും വിപുലീകരിച്ച എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് സഹായകരമാകുമെന്ന് സിയാൽ എം.ഡി എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

വ്യാപാര–ലോജിസ്റ്റിക് മേഖലയുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സിയാലിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.


