ആകാശവേഗത്തിൽ സിയാൽ; തുടർച്ചയായ മൂന്നാം വർഷവും ഒരു കോടി യാത്രക്കാർ, 5 ലക്ഷത്തിൻ്റെ വർധനവ്
കഴിഞ്ഞ മെയ് മാസം ഉദ്‌ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്

Published : January 6, 2026 at 5:22 PM IST
എറണാകുളം: കേരളത്തിൻ്റെ വ്യോമയാന മേഖലയിൽ ചരിത്രനേട്ടം ആവർത്തിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). തുടർച്ചയായ മൂന്നാം വർഷവും ഒരു കോടി യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ട സിയാൽ, മുൻവർഷത്തേക്കാൾ അഞ്ച് ലക്ഷത്തിലധികം യാത്രക്കാരുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർ എത്തുന്ന നാലാമത്തെ വിമാനത്താവളമെന്ന പദവിയും കേരളത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വിമാനത്താവളമെന്ന ഖ്യാതിയും സിയാലിന് സ്വന്തം.
2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സിയാലിലൂടെ യാത്ര ചെയ്തത് 1,15,19,356 യാത്രക്കാരാണ്. 2024-ൽ ഇത് 1,09,86,296 ആയിരുന്നു. ഏകദേശം 4.85% വളർച്ചയാണ് ഒരു വർഷത്തിനിടെ വിമാനത്താവളം കൈവരിച്ചത്. അതായത്, മുൻവർഷത്തേക്കാൾ 5.33 ലക്ഷം യാത്രക്കാർ അധികമായി കൊച്ചി വിമാനത്താവളത്തെ ആശ്രയിച്ചു.
2025-ൽ സിയാലിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് മെയ് മാസത്തിലായിരുന്നു. വെക്കേഷൻ കാലമായ മെയ് മാസത്തിൽ മാത്രം 11.07 ലക്ഷം യാത്രക്കാരാണ് സിയാൽ വഴി പറന്നത്. വർഷത്തിൻ്റെ തുടക്കമായ ജനുവരിയിൽ 10.44 ലക്ഷവും, വർഷാവസാനമായ ഡിസംബറിൽ 10.06 ലക്ഷവും യാത്രക്കാരെ സിയാൽ കൈകാര്യം ചെയ്തു. വർഷം മുഴുവൻ കൃത്യമായ ഇടവേളകളിൽ സുസ്ഥിരമായ പാസഞ്ചർ ട്രാഫിക് നിലനിർത്താൻ സിയാലിന് സാധിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവ്
ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 55.17 ലക്ഷം രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2024-ൽ ഇത് 75,074 വിമാന സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളാണ് ഈ കുറവിനുണ്ടായ കാരണം.
സിയാൽ 2.0
കഴിഞ്ഞ മെയ് മാസം ഉദ്‌ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെൻ്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിൽ സമീപ ഭാവിയിൽ തന്നെ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കാനും സിയാൽ പദ്ധതിയിടുന്നു. ഇതിലൂടെ ബോഡി - ഫ്രിസ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇല്ലാതാക്കി, യാത്ര വേഗത്തിലാക്കാൻ സഹായിക്കുമെന്നും സുഹാസ് പറഞ്ഞു. ഡിജിറ്റലൈസേഷൻ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ പുതിയ സംരംഭങ്ങൾ വഴി, ഓരോരുത്തരുടേയും യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലുമാക്കുക എന്നതുമാണ് സിയാലിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കയറ്റുമതി കാർഗോ സംഭരണ ശേഷി വർധിപ്പിച്ച് സിയാൽ
കയറ്റുമതി ചരക്കുകളുടെ സംഭരണ ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് പ്രവർത്തനം തുടങ്ങി. ഇതോടെ സിയാലിലെ വാർഷിക എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
പുതിയ സംവിധാനത്തിൽ, രണ്ട് അധിക എക്‌സ്-റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, +2°C മുതൽ +8°C വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ, എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെൻ്റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സിയാലിന്റെ ശേഷി വർധിച്ചു.
ചരക്കുകളുടെ ടേൺ അറൗണ്ട് സമയം കുറയ്ക്കാനും കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രത്യേക ചരക്കുകളുടെ കാര്യക്ഷമമായ കൈകാര്യം ചെയ്യലിനും വിപുലീകരിച്ച എക്‌സ്‌പോർട്ട് കാർഗോ വെയർഹൗസ് സഹായകരമാകുമെന്ന് സുഹാസ് ഐഎഎസ് പറഞ്ഞു. വ്യാപാര–ലോജിസ്റ്റിക് മേഖലയുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സിയാലിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി എന്നും അദ്ദേഹം അറിയിച്ചു.

