ഇന്നും ഗുഹകളിൽ അന്തിയുറങ്ങുന്ന മനുഷ്യന്മാർ; കേരളത്തിലെ 'ചോലനായ്ക്ക' സമൂഹം ദുരിതക്കയത്തിൽ
പ്രദേശത്ത് ആകെ 60 വീടുകളാണ് ഉള്ളത്. ഭൂരിഭാഗവും താമസ യോഗ്യമല്ലാത്തവ. അതിൽ ചിലത് ഇതിനകം പൊളിഞ്ഞ നിലയിലും ചിലത് ഏത് നിമിഷവും നിലംപൊത്താവുന്ന അപകടാവസ്ഥയിലുമാണെന്ന് ഇവർ പറയുന്നു.

Published : February 26, 2026 at 5:30 PM IST
നവീൽ തയാറാക്കിയ റിപ്പോർട്ട്
മലപ്പുറം: ആധുനിക ലോകം ഉയർന്ന കെട്ടിടങ്ങളിലേക്ക് വളരുമ്പോഴും കേരളത്തിൻ്റെ വനഹൃദയത്തിൽ ഇന്നും ഗുഹകളിൽ അന്തിയുറങ്ങുന്ന മനുഷ്യരുണ്ട്. നിലമ്പൂർ കാടിനകത്ത് ഗുഹാവാസികൾ എന്നറിയപ്പെടുന്ന ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര സമൂഹം. ഏഷ്യയിലെ ഗോത്ര സമൂഹവും ഗുഹാവാസികളെന്നും അറിയപ്പെടുന്ന ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബം അവരുടെ ദുരിതയാത്ര വിവരിക്കുന്നു.
കാടിനുള്ളറകളിലെ ഉന്നതിയിലെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്. പ്രദേശത്ത് ആകെ 60 കുടുംബങ്ങളാണ് ഉള്ളത്. വീടുകളിൽ ഭൂരിഭാഗവും താമസ യോഗ്യമല്ലാത്തവ. അതിൽ ചിലത് ഇതിനകം പൊളിഞ്ഞ നിലയിലും ചിലത് ഏത് നിമിഷവും നിലംപൊത്താവുന്ന അപകടാവസ്ഥയിലുമാണെന്ന് നാട്ടുകാർ പറയുന്നു.
"വീടിനു പുറത്ത് ഇറങ്ങുന്നത് ഭയത്തോടെയാണ്. വന്യമൃഗ ശല്യം മൂലം രാത്രികൾ ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ആനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വീടുകൾക്കരികിലെത്തുന്നത് പതിവായിരിക്കുകയാണ്.
അടിസ്ഥാന സൗകര്യമെങ്കിലും ലഭ്യമാക്കണം. കാട്ടാന ആക്രമണത്തിൽ പാതി തകർന്ന വാതിലുകളാലുള്ള വീട്ടിലാണ് അന്തിയുറങ്ങുന്നത്. അടച്ചുറപ്പുള്ള വീടും കാടിനുള്ളിൽ വേലികൾ കെട്ടുകയുമാണ് അടിയന്തിരമായി പ്രധാനപ്പെട്ട ആവശ്യമെന്ന്" ഗോത്ര സമൂഹത്തിലെ മാതി (95) പറഞ്ഞു.
"വൈദ്യുതിയില്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. നിരവധി തവണ പഞ്ചായത്തുകളിലും ബന്ധപ്പെട്ട അധികാരികളോടും ആവശ്യങ്ങളും അവകാശങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ അവരാരും യാരൊരു പരിഹാര മാർഗങ്ങൾക്കും മുൻകൈയെടുത്തിട്ടില്ല," മഞ്ചേരി ഉന്നതിയിൽ നിന്നും ദിവ്യ പറഞ്ഞു.

വന്യമൃഗങ്ങളെ പേടിച്ച് പലരും തന്നാൽ കഴിയും വിധം വീടുകൾ സംരക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും ശാശ്വത പരിഹാരമല്ല. വീടിൻ്റെ മുകൾ ഭാഗം ടാർപായ ഷീറ്റുകൾ കൊണ്ട് കെട്ടി അതിന്മുകളിൽ വരെ കിടന്നുറങ്ങേണ്ട അവസ്ഥയാണെന്നും പ്രദേശവാസികൾ പറഞ്ഞു. എന്നിരുന്നാലും കുഞ്ഞുങ്ങളുടെ ആദ്യ ചിരിയും അമ്മമാരുടെ താരാട്ടുപാട്ടും മൂപ്പന്മാരുടെ ജീവിതപാഠങ്ങളും അവിടെ കേൾക്കാം.
വനത്തോടൊപ്പം വളർന്ന മനുഷ്യർ
ചോലനായ്ക്കരുടെ പാരമ്പര്യ ജീവിതരീതി വേട്ടയാടലും വനോത്പന്ന ശേഖരണവുമായിരുന്നു. തേൻ ശേഖരിക്കൽ, കാട്ടുവേര്, കിഴങ്ങുകൾ കണ്ടെത്തൽ, പഴങ്ങൾ ശേഖരിക്കൽ തുടങ്ങി പ്രകൃതി നൽകുന്നത് ഒരു വരദാനമായി കണ്ട് ജീവിച്ചിരുന്നവർ. കാട് അവർക്കു വെറും ആവാസമല്ല, അത് അവരുടെ ജീവശ്വാസവും ആശ്രയവുമാണ്. സ്വതന്ത്രമായ ഭാഷയും പ്രത്യേക ആചാരങ്ങളും ഇവരെ മറ്റു ഗോത്രവിഭാഗങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നു. തലമുറകളായി കൈമാറിയ കഥകളും വിശ്വാസങ്ങളും ഇന്നും തീച്ചൂളയുടെ ചുറ്റുമിരുന്ന് പറയപ്പെടുന്നു.

കാലം മാറിയെങ്കിലും നെടുങ്കയത്തിൻ്റെ ഉള്ളറകളിലെ ജീവിതം പൂർണമായും മാറിയിട്ടില്ല. സർക്കാർ ഇടപെടലുകൾ വഴി വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിലർ പുറംലോകവുമായി കൂടുതൽ ഇടപഴകുന്നുണ്ടെങ്കിലും, പലരും ഇന്നും ഗുഹകളുടെ സുരക്ഷിതത്വത്തിലാണ് വിശ്വാസം കണ്ടെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനനിയമങ്ങളും സാമൂഹിക മാറ്റങ്ങളും അവരുടെ പാരമ്പര്യ ജീവിതരീതിയെ ബാധിക്കുന്നുവെന്ന ആശങ്കയും നിലനിൽക്കുന്നു. പ്രകൃതിയോട് ചേർന്ന് ജീവിച്ച ഈ സമൂഹത്തിൻ്റെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ചോലനായ്‌ക്കരുടെ ചരിത്രം വെറും ഒരു ഗോത്രചരിത്രമല്ല. അത് നിലനിൽപ്പിനായുള്ള നിശബ്‌ദ പോരാട്ടത്തിൻ്റെ കഥ കൂടിയാണ്. ഗുഹകളുടെ ഇരുട്ടിൽ പോലും പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കുന്ന ഒരു സമൂഹമാണവരുടേത്. നിലമ്പൂർ നെടുങ്കയത്തിൻ്റെ കാടുകളിലെ ഗുഹകളിൽ നിന്നുയരുന്ന ഈ ജീവിതഗാഥ, കേരള ഗോത്രചരിത്രത്തിലെ ഹൃദയസ്‌പർശിയായ ഒരു അധ്യായമാണ്.

