ETV Bharat / state

മന്ത്രിയെ അനുകൂലിച്ചുള്ള പ്രകടനത്തിൽ അസഭ്യവർഷം; ചിന്താ ജെറോമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്

കോൺഗ്രസിൻ്റെ പരാതിയിൽ 56 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. നാല്പതിനായിരം രൂപയുടെ ഫ്ലെക്സുകൾ നശിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.

ചിന്താ ജെറോമിനെതിരെ പൊലീസ് കേസ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം കൊല്ലം വീണാ ജോർജിന് നേരെയുള്ള ആക്രമണം
ചിന്ത ജെറോം മാധ്യമങ്ങളോട് (ETV Bharat)
author img

By ETV Bharat Kerala Team

Published : February 26, 2026 at 9:38 PM IST

2 Min Read
Choose ETV Bharat

കൊല്ലം: സമൂഹത്തിൽ സ്പർധ ഉണ്ടാക്കി കലഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ ജാഥ നയിച്ച സംഭവത്തിൽ സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ പൊലീസ് കേസെടുത്തു. അസഭ്യവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ താൻ വിളിച്ചിട്ടില്ലെന്ന് അവർ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനാലാണ് ഇരവിപുരം പൊലീസ് ഒന്നാം പ്രതിയാക്കിയത്. അഞ്ച് പേരുടെ വിവരങ്ങൾ വ്യക്തമായ കേസിൽ കണ്ടാലറിയാവുന്ന അൻപത് പേർ ഉൾപ്പെടെ ആകെ അൻപത്തിയാറ് പേർക്കെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രാത്രി നടത്തിയ പ്രകടനത്തിനിടെയാണ് പ്രകോപനപരവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്കൊപ്പം പ്രതിഷേധം നയിച്ച ചിന്ത, ആദ്യം മറ്റുള്ളവർക്കൊപ്പം മുദ്രാവാക്യം ഏറ്റുവിളിച്ചെങ്കിലും പിന്നീട് അധിക്ഷേപകരമാണെന്ന് മനസിലാക്കി വിളിക്കാതെ നടന്നുനീങ്ങുകയായിരുന്നു എന്നാണ് ന്യായീകരിക്കുന്നത്. എന്നാൽ എഫ്ഐആർ തയ്യാറാക്കിയപ്പോൾ പൊലീസ് അവരെ ഒന്നാം പ്രതിയാക്കുകയായിരുന്നു.

നഷ്ടപരിഹാരവും പരാതിയും

കോൺഗ്രസിൻ്റെ കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയാണ് സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. മണ്ഡലം കമ്മിറ്റിയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച് നാൽപതിനായിരം രൂപയുടെ സാമ്പത്തിക നഷ്ടം സംഘം ഉണ്ടാക്കിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അധിക്ഷേപകരമായ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പരാതി നൽകിയതും ഇരവിപുരം പൊലീസ് ചിന്തയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതും.

ചിന്ത ജെറോമിൻ്റെ വിശദീകരണം

അസഭ്യം പറഞ്ഞെന്ന തരത്തിലുള്ള പ്രചരണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും വസ്തുതകൾ മനസിലാക്കി ഇതിൽ നിന്ന് പിന്മാറണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ഏതെങ്കിലും പ്രവർത്തകൻ്റെ ഭാഗത്തുനിന്ന് വൈകാരികമായ മുദ്രാവാക്യം വിളി ഉണ്ടായാൽ അത് വിലക്കാനുള്ള രാഷ്ട്രീയം തങ്ങൾക്കറിയാമെന്നും അത് ചെയ്തിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. തെറ്റായ വാക്കുകൾ താൻ ഏറ്റുവിളിച്ചിട്ടില്ലെന്നും സ്ക്രോൾ വാർത്തകളിൽ തെറ്റായ വിവരങ്ങൾ കണ്ടതുകൊണ്ടാണ് തെറ്റിദ്ധാരണ ഒഴിവാക്കാൻ ഈ വിശദീകരണം നൽകുന്നതെന്നും അവർ വ്യക്തമാക്കി.

എന്നാൽ മന്ത്രിക്ക് നേരെയുണ്ടായ കൈയേറ്റത്തിൻ്റെ ഗൗരവം കുറച്ചുകാണാൻ പാടില്ലെന്നും കേരളത്തിൽ മുമ്പൊരിക്കലും ഇല്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പ് മന്ത്രിക്ക് നേരെ നാളുകളായി നടക്കുന്ന പ്രചരണങ്ങൾ ജനപക്ഷ സർക്കാരിനെയും ഇടതുപക്ഷ ബദലിനെയും തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ്. പ്രതിപക്ഷ നേതാവ് നിരന്തരമായി ജാഥ നടത്തി പറയുന്ന നുണകൾ ഓരോ ഘട്ടത്തിലും തകർന്നുവീഴുകയാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനൊപ്പം നിൽക്കുന്നതിനാൽ മുഖ്യമന്ത്രി മുതൽ സാധാരണ പ്രവർത്തകരെ വരെ ആക്രമിച്ച് നുണപ്രചരണങ്ങൾ നടത്തുകയാണെന്നും അവർ വിമർശിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ കണ്ടതുപോലെ വന്ന് കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇതിനെതിരെയുള്ള സ്വാഭാവിക പ്രതിഷേധങ്ങളിൽ വലിയ തോതിൽ ആളുകൾ പങ്കെടുക്കുമ്പോൾ വൈകാരിക പ്രകടനങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതൊക്കെ തിരുത്താനും സ്ത്രീപക്ഷ പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനുമാണ് വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ കാലം മുതൽ ശ്രമിച്ചിട്ടുള്ളതെന്നും മരണം വരെ അത് തുടരുമെന്നും അവർ പറഞ്ഞു.

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ കൊവിഡ് കള്ളിയെന്ന് വിളിച്ചതും പികെ ശ്രീമതി നേരിട്ട അധിക്ഷേപങ്ങളും നിലവിലെ ആരോഗ്യമന്ത്രി വീണ ജോർജ് നേരിടുന്ന അതിക്രമങ്ങളും അവർ ഓർമിപ്പിച്ചു. ചെറുപ്പം മുതൽ താനും വ്യക്തിഹത്യകൾ നേരിടുന്നുണ്ടെന്നും മന്ത്രിക്ക് നേരെയുണ്ടായ അതിക്രമം എന്ന പ്രധാന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഈ പ്രചരണങ്ങൾക്ക് പിന്നിലെന്നും ജനങ്ങൾ അത് മനസിലാക്കണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു.

Also Read:- ശബരിമല പടിപൂജ ബുക്കിങ്ങിൽ വൻ ക്രമക്കേട്; രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം