ETV Bharat / state

ടോർച്ചും ഉറക്കവുമില്ലാതെ കാവൽ; ചിന്നക്കനാലില്‍ മരണമുനമ്പിൽ ആർആർടിയും ആദിവാസി കുടുംബങ്ങളും

കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് കടക്കുമ്പോൾ അവയെ കാടുകയറ്റി വിടാനും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാനും ആർആർടി സംഘം പട്രോളിംഗ് നടത്തി പ്രദേശത്തുണ്ടെങ്കിലും ഇവർക്ക് ലഭ്യമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും വനംവകുപ്പ് നൽകിയിട്ടില്ല.

CHAKKAKOMBAN  CHINNAKANAL ELEPHANT ATTACK  IDUKKI CHINNAKANAL CHAKKAKOMBAN  KERALA WHILED ELEPHANT ATTACK
Chinnakanal (ETV Bharat)
author img

By ETV Bharat Kerala Team

Published : June 16, 2026 at 5:18 PM IST

2 Min Read
Choose ETV Bharat

ഇടുക്കി: ചക്കക്കൊമ്പൻ്റെ നിഴലിൽ ഉറക്കമില്ലാ രാത്രികളുമായി ചിന്നക്കനാൽ. ടോർച്ചുപോലുമില്ലാതെയാണ് സ്പെഷ്യൽ ആർആർടി ജീവനക്കാർ വനാതിർത്തികളിൽ വന്യമൃഗങ്ങളെ തുരത്താൻ ഇറങ്ങുന്നത്. ഒരു രാത്രി പോലും സമാധാനത്തോടെ ഉറങ്ങാനാകാതെ ഭയത്തിൻ്റെ നിഴലിൽ കഴിയുകയാണ് ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് ഉന്നധിയിലെ ആദിവാസി കുടുംബങ്ങളും. ഭീതി പരത്തുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ഈ മനുഷ്യരെ രക്ഷിക്കാൻ വനംവകുപ്പ് യാതൊരു സംവിധാനവും ഒരുക്കാത്തതാണ് ജനങ്ങള മരണമുനമ്പിലാക്കുന്നത്.

വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാട്ടുന്ന ഗുരുതരമായ വീഴ്‌ചയും അനാസ്ഥയും ഈ പാവങ്ങളുടെ ജീവൻ വച്ചുള്ള പന്താടലായി മാറുകയാണ്. കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരു ശാശ്വത പരിഹാരം ഇവിടെ ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ഒരു രാത്രി പോലും സമാധാനത്തോടെ ഉറങ്ങാനാകാതെ ഭയത്തിൻ്റെ നിഴലിൽ കഴിയുകയാണ് ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് ഉന്നധിയിലെ ആദിവാസി കുടുംബങ്ങളും (ETV Bharat)

ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് ഉന്നധി കോളനി സ്ഥാപിച്ച് ഇരുപത്തിയാറ് വർഷങ്ങൾ പിന്നിടുമ്പോഴും വനാതിർത്തികളിൽ കുടിയിരുത്തിയ കാലത്ത് സർക്കാർ ഇവർക്ക് നൽകിയ വാഗ്‌ധാനങ്ങൾ ഇന്നും വെറും ജലരേഖയായി തുടരുന്നു. ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും വന്യജീവികളെ തടയാൻ ഒരു കിടങ്ങോ സൗരോർജ്ജ ഫെൻസിംഗോ തീർക്കാൻ അധികൃതർക്ക് ആയിട്ടില്ല.

ആനയിറങ്കൽ ജലാശയത്തിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ പിന്നീട് താവളമാക്കുന്നത് ഈ മുന്നൂറ്റിയൊന്നിലെ ജനവാസ മേഖലയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനക്കൂട്ടം വീട്ടുപടിക്കൽ എത്തുമ്പോൾ ജീവൻ ഭയന്നാണ് ഇവിടുത്തെ കുടുംബങ്ങൾ ഓരോ നിമിഷവും തള്ളിനീക്കുന്നത്.

നോക്കുകുത്തിയായി വനംവകുപ്പ്

ഏറ്റവും ഒടുവിലത്തെയും ഭീകരവുമായ അവസ്ഥ എന്തെന്നാൽ പ്രദേശത്ത് നിരന്തരം ആക്രമണം നടത്തുന്ന ചക്കക്കൊമ്പൻ അടക്കമുള്ള കാട്ടാനക്കൂട്ടം കാടുകയറാതെ ഈ ജനവാസമേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണെന്നതാണ്. ആനക്കൂട്ടം ജനങ്ങളുടെ കൃഷിയിടങ്ങളും വീടുകളും തകർക്കുമ്പോഴും വനംവകുപ്പ് തികഞ്ഞ ഉദാസീനതയിലാണ്. കാട്ടാനകളെ പ്രതിരോധിക്കാൻ വനംവകുപ്പ് ഇവിടെ നിയമിച്ചിരിക്കുന്ന സ്പെഷ്യൽ ആർആർടി (റാപിഡ് റെസ്‌പോൺസ് ടീം) സംഘം പൂർണമായും നിസ്സഹായരാണെന്നതാണ് യാഥാർത്ഥ്യം.

ജീവനക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന തരത്തിലാണ് വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ. രാത്രികാലങ്ങളിൽ കാട്ടാനയിറങ്ങിയാൽ അവയെ തുരത്താൻ വെളിച്ചത്തിനായി ഒരു നല്ല ടോർച്ച് പോലും വനംവകുപ്പ് ഈ ജീവനക്കാർക്ക് നൽകിയിട്ടില്ല. വിശാലമായ ഈ മലയോര മേഖലയിൽ ആകെയുള്ളത് ഓടിയെത്താൻ ഒരൊറ്റ വാഹനം മാത്രമാണ്. വിവിധ ഇടങ്ങളിൽ ഒരേസമയം ഒറ്റയ്ക്കും കൂട്ടമായും ആനകൾ ഇറങ്ങുമ്പോൾ എങ്ങോട്ട് ഓടണമെന്നും ആരുടെ ജീവൻ രക്ഷിക്കണമെന്നുമറിയാതെ ഈ സംഘവും വലയുന്നു.

പല ദിവസങ്ങളിലും ഒരിറ്റുപോലും ഉറങ്ങാതെയാണ് ഈ ജീവനക്കാർ വനാതിർത്തിയിലും വനത്തിലുള്ളിലുമെല്ലാം മാറി മാറി ജോലി ചെയ്യുന്നത്.താൽക്കാലിക ആശ്വാസമല്ല ഇവിടുത്തെ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്, ശാശ്വത പരിഹാരം ആണ് അവർക്ക് ആവശ്യം. ചിന്നക്കനാലിൽ ആനക്കലിയുടെ ഇരകൾ ഇനി ഉണ്ടാകാതിരിക്കണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

താൽക്കാലിക ആശ്വാസ നടപടികൾക്കപ്പുറം, ആധുനിക പ്രതിരോധ സംവിധാനങ്ങളും സ്പെഷ്യൽ ആർആർടി സംഘത്തിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും ലഭ്യമാക്കണം. ഈ മനുഷ്യരുടെ ജീവൻ ആരുടെ ഉത്തരവാദിത്തമാണ്? തങ്ങളുടെ നിലനിൽപ്പിനായുള്ള ഈ ആദിവാസി ജനതയുടെ നിലവിളിക്ക് ഉടൻ പരിഹാരം കാണാത്ത പക്ഷം ചിന്നക്കനാലിലെ ഈ ഭീതിക്കഥകൾ, നാളെ കൂടുതൽ ദുരന്തങ്ങളായി മാറുമെന്ന് മുന്നറിപ്പ് സൂചനയും ഇവിടെ നിന്നുയരുന്നു.

Also Read: മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ മകൻ ഇഡി ഓഫിസിൽ ഹാജരായി