എല്ലാത്തിനും ഓൾ ഇൻ ഓൾ സ്‌ത്രീകൾ; ആവേശം കൊട്ടിക്കയറി ചിനക്കത്തൂർ പെൺപൂരം
ചിനക്കത്തൂരിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകളുടെ മാത്രം നേതൃത്വത്തിൽ ഇത്തരമൊരു ആഘോഷം കാവ് കയറുന്നത്. പിങ്ക് പവർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ പൂരം ചർച്ചയാകുന്നു...

Published : March 2, 2026 at 2:57 PM IST
പാലക്കാട്: പൂരപ്രേമികൾക്ക് ഒരു ആപൂർവ കാഴ്‌ചയായിരുന്നു അത്. ശിങ്കാരിമേളത്തിനൊപ്പം ചുവട് വയ്‌ക്കുന്നതും ആർപ്പുവിളിക്കുന്നതും എല്ലാം മുന്നിൽ നിൽക്കുന്ന മിക്ക പുരഷന്മാർ ഇത്തവണ കാണികൾ മാത്രം. തിരക്ക് നിയന്ത്രിക്കുക, വേണ്ട സഹായങ്ങൾ ചെയ്യുന്നത് ഉൾപ്പടെ എല്ലാം നേതൃത്വം നൽകുന്നത് വനിതകളാണ്. ചുരക്കി പറഞ്ഞാൽ സ്‌ത്രീകൾ ഓൾ ഇൻ ഓൾ ആയ ഒരു പൂരം.
വള്ളുവനാട്ടിലെ ചരിത്ര പ്രസിദ്ധമായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പെൺപൂരം പെയ്‌തിറങ്ങിയത്. ചിനക്കത്തൂരിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകളുടെ മാത്രം നേതൃത്വത്തിൽ ഇത്തരമൊരു ആഘോഷം കാവ് കയറുന്നത്. ഒറ്റപ്പാലം 19-ാം മൈലിലെ ഒരു ഡസൻ വനിതകളുടെ പങ്കാളിത്തതോടെയാണ് പിങ്ക് പവർ കമ്മറ്റി സ്പെഷ്യൽ പൂരം കൊട്ടിക്കയറിയത്. അങ്ങനെ ഈ മേഖലയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം സ്‌ത്രീകൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ചിനക്കത്തൂർ പൂരം തനിക്കൊത്തവണം' എന്നാണ് ചൊല്ല്. എങ്കിൽ പിന്നെ പൂരം നമ്മൾക്കും ഒന്ന് അടിച്ചു പൊളിച്ചാലോ എന്ന ഒരു കൂട്ടം വനിതകളുടെ ആഗ്രഹമാണ് പിങ്ക് പവർ എന്ന സ്പെഷ്യൽ കമ്മറ്റിക്ക് വഴിവച്ചത്. പിന്നീടങ്ങ് പൂരത്തിനുള്ള ഒരുക്കങ്ങളിലേക്ക് ഇവർ ഒന്നടങ്കം കടന്നു. വനിതകളുടെ ശിങ്കാരിമേളവുമായാണ് പിങ്ക് പവർ ചിനക്കത്തൂർക്കാവിൽ എത്തിയത്. ഇമ്പമുള്ള താളത്തിനൊപ്പം ചുവടുവച്ച് കാവിലേക്ക് നടന്നു നീങ്ങിയ പെൺപടകൾക്കൊപ്പം കണ്ടു നിന്നവരും മതിമർന്ന് ആടി.
കമ്മിറ്റിയൽ ഉള്ളവരും മറ്റും ഓരേ നിറത്തിലുള്ള വസ്‌ത്രം, കൈയിൽ വെള്ളുത്ത റിബൺ എല്ലാം കൂടെ ഒത്തിണങ്ങിയപ്പോൾ ആവേശം ഇരട്ടിയായി. തൃശൂർ പെരിഞ്ഞനത്തെ വനിതാ ശിങ്കാരിമേള ടീമാണ് പിങ്ക് പവറിനായി ശിങ്കാരിമേളം അവതരിപ്പിച്ചത്. കയറം പാറയിലെ ഫീനിക്‌സ് ഫിറ്റ്നസ് സെൻ്ററിലെ 12 വനിതകളാണ് കമ്മറ്റിയിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവർ. അത് മാത്രമല്ല, ഉദ്യോഗസ്ഥരും, വീട്ടമ്മമാരും ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.
സാധാരണ വനിതാ ശിങ്കാരിമേളം കാണറുണ്ടെങ്കിലും ഒരു പൂരം വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നത് ഇതാദ്യമായാണ്. പൂരം വെറുതെ മാറി നിന്ന് കണ്ടാൽ പോരാ പുരുഷൻമാരെ പോലെ തന്നെ സംഘാടനത്തിൽ കൂടി പങ്കാളിയാകണം എന്ന തങ്ങളുടെ ആഗ്രഹം നിറവേറിയതായി ഭാരവാഹികൾ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ സംഘങ്ങൾ ഇത്തരത്തിൽ മുന്നോട്ടു വരണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്നും അവർ വ്യക്തമാക്കി.
Also Read: ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ലോകത്തിലെ ഏറ്റവും വലിയ സ്ത്രീസംഗമമായ ആറ്റുകാൽ പൊങ്കാല നാളെ

