ETV Bharat / state

റോഡ് വികസനത്തിന് കേന്ദ്രത്തിൻ്റെ 2039 കോടി രൂപ; ശബരിമലയിലും മൂന്നാറിലും റോപ് വേ, തേനി നാലുവരിപ്പാതയ്ക്ക് ഉൾപ്പെടെ അനുമതിയെന്ന് മന്ത്രി പി കെ ബഷീർ

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തുക അനുവദിച്ചത്

P K Basheer, Nitin Gadkari
നിധിൻ ഗഡ്കരിയുമായി മന്ത്രി പി കെ ബഷീർ നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് (Special Arrangement)
author img

By ETV Bharat Kerala Team

Published : July 8, 2026 at 6:05 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പദ്ധതികൾക്കായി 2039 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തുക അനുവദിച്ചത്.

വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലുള്ള ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ, പാലം നിർമിക്കുന്നതിനുള്ള 49 കോടി രൂപ,
ദേശീയ പാത 744 ൽ കൊല്ലം - തിരുമംഗലം നിലവിലുള്ള ദേശീയ പാതക്ക് 98.40 കോടി,
ദേശീയ പാത - 966 ൽ രാമനാട്ടുകര മുതൽ ചന്ദ്രനഗർ വരെയുള്ള ദേശീയ പാതക്ക് 172 കോടി രൂപ,
ദേശീയ പാത - 66 ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയ പാതയ്ക് 66 കോടി രൂപ എന്നിങ്ങനെ, ഒറ്റത്തവണ നന്നാക്കാനായി (one time improvement )അനുമതി നൽകിയിട്ടുണ്ട്.

കൊല്ലം - തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനായി 1663 കോടി രൂപയുടെ കേന്ദ്രാനുമതിയും തന്നിട്ടുണ്ട്.

ഇതിന് പുറമെ, ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമിക്കുന്നതിന് തത്വത്തിൽ അംഗീകാരം കിട്ടിയെന്ന് മന്ത്രി പി കെ ബഷീർ പറഞ്ഞു.

ദേശീയ പാത - 185 ൽ അടിമാലി -കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടനേ ലഭ്യമാകും. കോതമംഗലം, മൂവാറ്റുപുഴ ബൈ പാസുകളുടെ പുതുക്കിയ അലൈന്‍മെന്റിൻ്റെ അംഗീകാരം ഉടനെ കിട്ടുമെന്നും, കോഴിക്കോട് രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി പി കെ ബഷീർ അറിയിച്ചു.

P K Basheer, Nitin Gadkari
നിധിൻ ഗഡ്കരിയുമായി മന്ത്രി പി കെ ബഷീർ നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് (Special Arrangement)

പൊതു മരാമത്ത് സെക്രട്ടറി അദീന അബ്ദുള്ള, പൊതു മരാമത്ത് അഡീഷണൽ സെക്രട്ടറി വി ആർ വിനോദ്, പ്രൈവറ്റ് സെക്രട്ടറി ഷൈല എ പി എന്നിവരും പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Also Read: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: വ്യക്തത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്