സിസി മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും
കോണ്‍ഗ്രസ് നേതാക്കളുമായി സിസി മുകുന്ദന്‍ കൂടിക്കാഴ്‌ച നടത്തി. രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

Published : March 9, 2026 at 5:08 PM IST
തൃശ്ശൂർ: നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച് സിസി മുകുന്ദൻ എംഎൽഎ. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചു. പണം പിരിച്ചു നൽകുന്നതാണ് ഗീതാഗോപിയുടെ യോഗ്യത എന്ന മുകുന്ദന്‍റെ ആരോപണം ഗീതാ ഗോപിയും സിപിഐയും തള്ളി.
ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമൂഴം നൽകിയതിൽ കലഹിച്ചാണ് മുകുന്ദൻ പാർട്ടി വിട്ടത്. ഗീതാ ഗോപിക്കെതിരെ നാട്ടികയിൽ തന്നെ മത്സരിക്കാനാണ് മുകുന്ദന്‍റെ തീരുമാനം. യുഡിഎഫ് മുകുന്ദനെ പിന്തുണക്കും. പണം പിരിച്ചു നൽകുന്നതാണ് ഗീതാഗോപിയുടെ യോഗ്യതയെന്ന് ആദ്യം ആരോപണം ഉന്നയിച്ച മുകുന്ദൻ പിന്നീട് ആരോപണം കടുപ്പിച്ചു. പെയ്മെന്റ് സീറ്റ് എന്ന മുകുന്ദന്‍റെ ആക്ഷേപം പാർട്ടി തള്ളി. മുകുന്ദന്‍റെ ആക്ഷേപങ്ങൾക്ക് മറുപടി പറയാതെ ഗീതാഗോപി ഒഴിഞ്ഞു മാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ കുറച്ചു നാളായി പാർട്ടിയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല മുകുന്ദൻ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമ്മേളന വേദി ബഹിഷ്‌ക്കരിച്ചിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് കൂടെ നിർത്തുകയായിരുന്നു. പാർട്ടി ഒരുവട്ടം കൂടി മത്സരിക്കാൻ അവസരം നല്‍കുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇത്തവണ സ്ഥാനാർഥിത്വം നഷ്‌ടമായത്. ഗീതാഗോപി ആണ് സ്ഥാനാർഥി എന്നറിഞ്ഞതിന് പിന്നാലെ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. മുകുന്ദനെ കൂടെ കൂട്ടാൻ കഴിയുന്നതിലൂടെ നാട്ടിക സീറ്റ് പിടിക്കാൻ ആകുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ . തെരഞ്ഞെടുപ്പിൽ തൊട്ടുമുമ്പുള്ള മുകുന്ദന്‍റെ കലഹം സിപിഐക്ക് ഉണ്ടാക്കുന്ന പ്രഹരം ചെറുതല്ല.
അതേസമയം സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കി. സ്ഥാനാർത്ഥിയും എം എൽ എയും ആക്കിയത് സി പി ഐയും ഇടതുപക്ഷവും ആണെന്ന് മുകുന്ദൻ മറന്നുപോയി. സ്വന്തം പാർട്ടിക്കും മുന്നണിക്കുമെതിരെ സംസാരിക്കുന്ന മുകുന്ദൻ എതിരാളികളുടെ കയ്യിലെ കളിപ്പാവയായി മാറി. വലതു കൂടാരത്തിൽ. അഭയം തേടാനുള്ള സി സി മുകുന്ദന്‍റെ നീക്കം ഒരു തരത്തിലും എൽഡിഎഫിനെ ബാധിക്കില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്‌ദുൾ ഖാദർ പറഞ്ഞു.
അതേസമയം, നാട്ടിക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട 'പേയ്മെൻ്റ് സീറ്റ്' വിവാദത്തിൽ മുൻ എംഎൽഎയും സിപിഐ നേതാവുമായ ഗീത ഗോപി പ്രതികരിച്ചിരുന്നു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കുക എന്നതാണ് നിലവിലെ ലക്ഷ്യമെന്നും മറ്റ് ആരോപണങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമാണ് ഗീത പറഞ്ഞത്.
രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി
സിസി മുകുന്ദൻ്റെ സ്ഥാനാർഥിത്വം യുഡിഎഫ് നേതൃത്വം പോലും പറഞ്ഞിട്ടില്ലെന്നും മുകുന്ദൻ പാർട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും പ്രതികരിച്ച് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദൻ. മുകുന്ദൻ്റെ രാജിക്കത്ത് കിട്ടിയിട്ടില്ല. ഗീത ഗോപിക്ക് മത്സരിക്കാൻ അയോഗ്യതയില്ല. അവരുടെ പ്രവർത്തനം പൊതുമണ്ഡലത്തിൽ ഉള്ള എല്ലാവർക്കും അറിയാമെന്നും കെജി ശിവാനന്ദൻ പറഞ്ഞു.
മുകുന്ദനെതിരെ കഴിഞ്ഞ ആഴ്‌ച പോലും യുഡിഎഫ് പ്രകടനം നടത്തിയിരുന്നു. പിന്നെ എങ്ങനെയാണ് അവർ മുകുന്ദനെ സ്ഥാനാർത്ഥി ആക്കുന്നത്. സംസ്ഥാന നേതൃത്വം മികച്ച രീതിയിലാണ് സ്ഥാനാർത്ഥികളെ കണ്ടെത്തിയതെന്നും കെജി ശിവാനന്ദൻ വ്യക്തമാക്കി.

