കശുവണ്ടി കോർപറേഷൻ അഴിമതി: ആർ. ചന്ദ്രശേഖരനെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ
എൽ.ഡി.എഫ് സർക്കാർ മൂന്ന് തവണ നിഷേധിച്ച വിചാരണാനുമതിയാണ് അധികാരത്തിലേറി ഒരു മാസത്തിനകം നിലവിലെ യു.ഡി.എഫ് സർക്കാർ നൽകിയത്.

Published : July 2, 2026 at 7:37 AM IST
|Updated : July 2, 2026 at 11:06 AM IST
എറണാകുളം: സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ (കെ.എസ്.സി.ഡി.സി) 500 കോടി രൂപയുടെ അഴിമതിക്കേസിൽ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റുമായ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മുൻ എൽ.ഡി.എഫ് സർക്കാർ മൂന്ന് തവണ നിഷേധിച്ച വിചാരണാനുമതിയാണ് അധികാരത്തിലേറി ഒരു മാസത്തിനകം നിലവിലെ യു.ഡി.എഫ് സർക്കാർ നൽകിയത്. പ്രോസിക്യൂഷൻ അനുമതി നൽകിയ വിവരം സർക്കാർ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഹാജരാക്കാൻ കോടതി നിർദേശിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ, കേസിൽ വിചാരണാനുമതി വൈകുന്നതിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന എ.പി.എം മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അഴിമതി നടന്നിട്ടില്ലെന്ന് കാണിച്ച് മൂന്ന് തവണ സത്യവാങ്മൂലം നൽകിയ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അദ്ദേഹം കോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ തയാറായത്.
വൻ അഴിമതി
2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.
വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഇതിനുപുറമെ, ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്തു. അക്കാലത്ത് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചത് ജെ.എം.ജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് മാത്രമായിരുന്നു. ഇതിനായി ചട്ടങ്ങൾ ലംഘിച്ചതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ രതീഷ്, ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കെ.എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ആദ്യം വിജിലൻസും പിന്നീട് 2015ൽ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സി.ബി.ഐ കണ്ടെത്തുകയും 2020ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ എൽ.ഡി.എഫ് സർക്കാർ തയാറായിരുന്നില്ല.
നിർണായക വഴിത്തിരിവ്
അഴിമതി നിരോധന നിയമമനുസരിച്ച് കുറ്റപത്രം ഫയൽ ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകാത്തതിനെതിരെ പരാതിക്കാരനായ പൊതുപ്രവർത്തകൻ കടകംപള്ളി മനോജ് 2021ൽ ഹൈക്കോടതിയിൽ ഹർജി നൽകി. കഴിഞ്ഞ 18 വർഷത്തോളമായി അദ്ദേഹം നടത്തുന്ന നിയമപോരാട്ടമാണ് ഇപ്പോൾ നിർണായക വഴിത്തിരിവിലെത്തി നിൽക്കുന്നത്. കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ഏറ്റവും മുതിർന്ന നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാൻ യു.ഡി.എഫ് സർക്കാർ തന്നെ അനുമതി നൽകി എന്നത് കേസിൻ്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. ഐ.എൻ.ടി.യു.സി ബൈലോ അനുസരിച്ച് അഴിമതിക്കേസിൽ ഉൾപ്പെട്ടാൽ സ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ടി വരും എന്നതിനാൽ ആർ. ചന്ദ്രശേഖരൻ്റെ ഭാവിയും ഇനി നിർണായകമാണ്. സർക്കാരിൻ്റെ പുതിയ തീരുമാനത്തോടെ സി.ബി.ഐക്ക് കുറ്റപത്രത്തിന്മേൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാകും.
Also Read:- വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

