ETV Bharat / state

കൊച്ചിയിൽ ബ്രിക്‌സ്‌ സമ്മേളനത്തിന് ഇന്ന് തുടക്കം; വനിതാ ശാക്തീകരണവും ആഗോള സഹകരണവും പ്രധാന അജണ്ട

ബ്രസീൽ, ചൈന, ഈജിപ്‌ത്‌, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

BRICS SUMMIT BEGINS IN KOCHI TODAY  BRICS SUMMIT  BRICS SUMMIT AT BOLGATTY PALACE
BRICS (ETV Bharat)
author img

By ETV Bharat Kerala Team

Published : July 6, 2026 at 9:29 AM IST

2 Min Read
Choose ETV Bharat

എറണാകുളം: ആഗോള സാമ്പത്തിക കൂട്ടായ്‌മയായ 'ബ്രിക്‌സ്‌' (BRICS) രാജ്യങ്ങളുടെ വനിതാ വർക്കിങ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്‍റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ ഇന്ന് തുടക്കമാകും. ജൂലൈ 06 മുതൽ 09 വരെ നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തിന് ബോൾഗാട്ടി പാലസ്, ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ എന്നിവിടങ്ങളാണ് വേദിയാകുന്നത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിലാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

"ശാക്തീകരണം, നവീകരണം, സഹകരണം, സുസ്ഥിരത" എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്‍റെ പ്രധാന പ്രമേയം. ആതിഥേയ രാജ്യമായ ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, ചൈന, ഈജിപ്‌ത്‌, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ഉന്നതതല പ്രതിനിധികളാണ് ഈ യോഗങ്ങളിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയിട്ടുള്ളത്. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ഘട്ടമായ വനിതാ വർക്കിങ് ഗ്രൂപ്പ് യോഗം ജൂലൈ 06, 07 തീയതികളിൽ ബോൾഗാട്ടി പാലസിലും ഗ്രാൻഡ് ഹയാത്തിലുമായി നടക്കും.

BRICS SUMMIT BEGINS IN KOCHI TODAY  BRICS SUMMIT  BRICS SUMMIT AT BOLGATTY PALACE
BRICS member countries. (ETV Bharat)

വനിതാ മുന്നേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ കരട് നിർദേശങ്ങളാണ് ഈ ദിവസങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യുക. രണ്ടാം ഘട്ടമായ മന്ത്രിതല യോഗം ജൂലൈ 08, 09 തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന ഈ യോഗത്തിൽ കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണാ ദേവി പങ്കെടുക്കും. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ സംയുക്ത പ്രഖ്യാപനത്തിന്‍റെ കരട് രൂപത്തിന്മേൽ വിശദമായ ചർച്ചകൾ നടത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സമ്മേളനത്തിന്‍റെ സമാപന ദിവസമായ ജൂലൈ 9ന് 'സംയുക്ത വനിതാ മന്ത്രിതല പ്രമേയത്തിന്‍റെ കരട്' ഔദ്യോഗികമായി അവതരിപ്പിക്കുന്നതോടെ യോഗങ്ങൾക്ക് സമാപനമാകും. കേരളത്തിന്‍റെ സാമൂഹിക വികസന മാതൃകകളോട് ഏറെ അടുത്തുനിൽക്കുന്ന സ്ത്രീശാക്തീകരണം, ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ, പ്രാദേശിക വനിതാ നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ 8ന് പ്രത്യേക പാനൽ ചർച്ചകൾ നടക്കും. ഈ ചർച്ചകളിൽ കേരളത്തിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും പങ്കെടുക്കും.

കേരളത്തിന്‍റെ തനതായ സ്ത്രീ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ഇത് സഹായിക്കും. സമ്മേളനത്തിന്‍റെ ഭാഗമായി ജൂലൈ 8, 9 തീയതികളിൽ പ്രത്യേക എക്‌സിബിഷനും ഒരുക്കുന്നുണ്ട്. നൈപുണ്യ വികസനം, സംരംഭകത്വം, സാമ്പത്തിക പങ്കാളിത്തം, നേതൃപാടവം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച മികച്ച വനിതാ മുന്നേറ്റങ്ങൾ ഈ പ്രദർശനത്തിൽ അണിനിരത്തും. ആഗോളതലത്തിൽ സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക പദവി ഉയർത്തുന്നതിനും പുതിയ നയരൂപീകരണങ്ങൾക്കും കൊച്ചിയിൽ നടക്കുന്ന ഈ ബ്രിക്‌സ്‌ സമ്മേളനം വലിയ രീതിയിൽ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: ആശുപത്രിയിൽ കണ്ടയാളോട് കുശലം ചോദിച്ചു... ചുരുളഴിഞ്ഞത് 40 വർഷം മുൻപ് നടന്ന കൊലപാതകം