പ്രണയപ്പക! യുവതിയെ ആൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ
ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Published : August 13, 2026 at 8:29 PM IST
എറണാകുളം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിയെ ആൺസുഹൃത്ത് സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി ദാരുണമായി കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്ന് (ഓഗസ്‌റ്റ് 13) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആലുവയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന സുരമ്യയെ, ചില കാര്യങ്ങൾ സംസാരിച്ച് തീർക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ഷിബിൻ പറവൂരിൽ ഇറക്കുകയായിരുന്നു. തുടർന്ന് തൻ്റെ ബൈക്കിൽ കയറ്റി വടക്കേക്കര മുറവൻതുരുത്തിലുള്ള സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടിലെത്തി ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ തർക്കം രൂക്ഷമാകുകയും ഷിബിൻ പ്രകോപിതനാവുകയുമായിരുന്നു. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഷിബിനുമായുള്ള സൗഹൃദവും ബന്ധവും അവസാനിപ്പിക്കാൻ സുരമ്യ തീരുമാനിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ഷിബിൻ തയ്യാറായിരുന്നില്ല. തന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നതിലുള്ള കടുത്ത പ്രകോപനവും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
കൊലപാതകത്തിന് ശേഷം പ്രതി തന്നെ നേരിട്ട് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു. പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വീട്ടിലെത്തിച്ച് നടത്തിയ മുൻകൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമാണോ ഇതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പടെ ശേഖരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
Also Read: ബെംഗളൂരു അപകടത്തില്‍ ദുരൂഹത; കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറുണ്ടായതായി സംശയം; അന്വേഷണത്തിന് ഉത്തരവ്

