ETV Bharat / state

'കേരള സ്റ്റോറി' രണ്ടാം ഭാഗം ബഹിഷ്‌കരിക്കണം; സംഘപരിവാർ പ്രോജക്‌ടിനെതിരെ ലോകമലയാളികൾ ഒന്നിക്കണമെന്ന് എ എ റഹിം

കേരള സ്റ്റോറി രണ്ടാം ഭാഗം ബഹിഷ്കരിക്കാൻ എ എ റഹിം ആഹ്വാനം ചെയ്തു. സംഘപരിവാർ പ്രോജക്ടായ സിനിമ കേരളത്തെ അപമാനിക്കാനാണ്. കോൺഗ്രസിൻ്റെ സീറ്റ് കച്ചവടവും കെജരിവാളിൻ്റെ മോചനവും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചർച്ചയാക്കി

BOYCOTT THE KERALA STORY 2 , A A Rahim
എ എ റഹിം (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 4:12 PM IST

2 Min Read
Choose ETV Bharat

എറണാകുളം: 'കേരള സ്റ്റോറി' രണ്ടാം ഭാഗത്തിന് പ്രദർശനാനുമതി നൽകിയ നടപടി അത്യന്തം ഗൗരവതരമാണെന്നും സിനിമയ്‌ക്കെതിരെ ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്ക്കരണവുമായി രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹിം.
'കേരള സ്റ്റോറി' എന്നത് കേവലം ഒരു സിനിമയല്ല, മറിച്ച് സംഘപരിവാറിൻ്റെ കൃത്യമായ ഒരു രാഷ്ട്രീയ പ്രോജക്ടാണെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ റഹിം ആരോപിച്ചു.

ഒരു വശത്ത് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും മറുവശത്ത് ലോകത്തിന് മുന്നിൽ മലയാളികളെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇതിന് പിന്നിൽ. സാമൂഹ്യ പുരോഗതിയിൽ രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തെ കലാപത്തിലേക്ക് തള്ളിവിടാനാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നത്. ഇത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയ്ക്ക് അനുമതി നൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ അസാധാരണ വേഗതയിലുള്ള നടപടി ആശങ്കാജനകമാണ്. ഇത് സുപ്രീം കോടതിയുടെ സമീപകാല വിധികളുടെ സാരാംശത്തിന് വിരുദ്ധമാണോ എന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ എ റഹിം (ETV Bharat)
കോൺഗ്രസിനെതിരെ രൂക്ഷവിമർശനംഹരിയാന മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ് നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസിൻ്റെ തകർച്ചയെയാണ് കാണിക്കുന്നതെന്ന് റഹിം പറഞ്ഞു. സീറ്റ് വിഭജനത്തിനായി കോൺഗ്രസ് നേതാക്കൾ പണം വാങ്ങുന്നു എന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബിഹാറിലും സമാനമായ രീതിയിൽ സീറ്റിനായി കച്ചവടം നടക്കുന്നുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സീറ്റ് കച്ചവടത്തിലൂടെ കോൺഗ്രസ് കള്ളപ്പണം സമ്പാദിക്കുകയാണ്. ഈ പണം എവിടെപ്പോകുന്നു എന്ന് വ്യക്തമാക്കണം. കള്ളപ്പണ ഇടപാടുകൾ പുറത്തുവന്നിട്ടും ഇഡി എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ കൈയിലെ വെറും കളിപ്പാവയായി കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണ്.കെജരിവാളിൻ്റെ മോചനം കേന്ദ്രത്തിനുള്ള തിരിച്ചടിമദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിൻ്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് എ എ റഹിം വിശേഷിപ്പിച്ചു. ബിജെപിക്ക് അധികാരം പിടിച്ചെടുക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു ഈ കേസ്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത് എന്നത് കോൺഗ്രസ് ബിജെപിയുമായി പുലർത്തുന്ന അന്തർധാരയ്ക്ക് തെളിവാണ്. ഈ വിധി ബിജെപിക്ക് മാത്രമല്ല, കോൺഗ്രസിന് നേരെയുമുള്ള വിരൽചൂണ്ടലാണ്. കെജരിവാളിനെതിരെ വ്യാജ പരാതി നൽകിയ നടപടിയിൽ രാഹുൽ ഗാന്ധി ക്ഷമാപണം നടത്താൻ തയാറാകുമോ എന്നും റഹിം ചോദിച്ചു.

Also Read: ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്, ഭക്തരെ സ്വീകരിക്കാനൊരുങ്ങി നഗരം