ETV Bharat / state

ശിവൻകുട്ടിയെ ആശയക്കുഴപ്പത്തിലാക്കിയത് നേമത്തെ ബിജെപി തേരോട്ടമോ? വോട്ടു കണക്കുകളിൽ ഉറക്കംകെട്ട് ഇടതു-വലതു മുന്നണികള്‍

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ പരാജയപ്പെട്ടു എന്നതൊഴിച്ചാൽ 2009-നു ശേഷമുള്ള ഒരു തെരഞ്ഞെടുപ്പിലും നേമം ബിജെപിയെ നിരാശപ്പെടുത്തിയിട്ടില്ല.

NEMOM  BJP  LDF  ELECTION
വി ശിവന്‍കുട്ടി നേമം മണ്ഡലത്തിലെ പൊതുപരിപാടിയില്‍- ഫയല്‍ ചിത്രം (Facebook.com)
author img

By ETV Bharat Kerala Team

Published : January 7, 2026 at 6:12 PM IST

4 Min Read
Choose ETV Bharat

ബിജു ഗോപിനാഥ്

തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിലൊരു ഗുജറാത്ത് ഉണ്ടെന്ന് അവർ പരസ്യമായും രഹസ്യമായും പറയും. അങ്ങനെ പറയാൻ ആ പാർട്ടിക്ക് അത്രയധികം ആത്മവിശ്വാസം നൽകുന്ന ഒരേയൊരു മണ്ഡലം തിരുവനന്തപുരം ജില്ലയിലെ നേമം ആണ്. 2009-ലെ മണ്ഡല പുനർനിർണയത്തിനു ശേഷമാണ് നേമം ഇത്തരത്തിൽ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്ന നിലയിലേക്ക് എത്തിയത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ പരാജയപ്പെട്ടു എന്നതൊഴിച്ചാൽ 2009-നു ശേഷമുള്ള ഒരു തെരഞ്ഞെടുപ്പിലും നേമം ബിജെപിയെ നിരാശപ്പെടുത്തിയിട്ടില്ല. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അത് അരക്കിട്ടുറപ്പിക്കുന്ന റിസൾട്ട് കൂടി പുറത്തുവന്നതോടെയാണ് എതിരാളികൾ, പ്രത്യേകിച്ചും സിപിഎം അമ്പരന്നുപോയത്.

NEMOM  BJP  LDF  ELECTION
വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്കൊപ്പം - ഫയല്‍ചിത്രം (Facebook.com)

ഈ അമ്പരപ്പിൽ നിന്നാകണം സിറ്റിംഗ് എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി മത്സരിക്കാനില്ലെന്ന പ്രസ്താവനയുമായി ആദ്യം രംഗത്തുവന്നതെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകർ കുറവല്ല. തിരുവനന്തപുരം കോർപ്പറേഷനിലെ 22 വാർഡുകൾ ചേർന്നതാണ് നേമം നിയമസഭാ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആകെയുള്ള 22 വാർഡുകളിൽ 17 ഇടത്തും ബിജെപിയാണ് വിജയിച്ചത്.

എൽഡിഎഫിന് 5 വാർഡുകൾ മാത്രമാണ് വിജയിക്കാനായത്. നിലവിലെ ഈ സാഹചര്യത്തിൽ മത്സരത്തിനിറങ്ങുന്നത് അത്ര പന്തിയാകില്ലെന്ന് സ്വാഭാവികമായും മന്ത്രി വി. ശിവൻകുട്ടി കണക്കുകൂട്ടിയിട്ടുണ്ടാകണം. ബിജെപിക്ക് കേരളത്തിലുണ്ടായിരുന്ന ഏക അക്കൗണ്ട് പൂട്ടിച്ചത് താനാണെന്ന് നിരന്തരം അവകാശവാദമുന്നയിക്കുന്ന ശിവൻകുട്ടിയെ സംബന്ധിച്ചിടത്തോളം ബിജെപി സ്ഥാനാർഥിയോട് തോൽക്കുക എന്നത് അചിന്ത്യമാണ്.

NEMOM  BJP  LDF  ELECTION
ഒ രാജഗോപാല്‍, വി ശിവന്‍കുട്ടി, ശശി തരൂര്‍- ഫയല്‍ ചിത്രം (Facebook.com)

ചില്ലറ ആരോഗ്യപ്രശ്നങ്ങൾ കൂടി ചൂണ്ടിക്കാട്ടി തന്ത്രത്തിൽ രക്ഷപ്പെടാനുള്ള ശിവൻകുട്ടിയുടെ ആ നീക്കം പക്ഷേ കയ്യോടെ കോൺഗ്രസ് പൊളിച്ചതോടെ ശിവൻകുട്ടിക്ക് നിലപാട് മാറ്റേണ്ടി വന്നു. മത്സരിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും എല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും പിന്നാലെ അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു.

ശിവൻകുട്ടി പിന്മാറിയാൽ ബിജെപി-സിപിഎം ഒത്തുകളി ആരോപണം ഉയരും. ശിവൻകുട്ടിയോ ശിവൻകുട്ടിയെക്കാൾ കരുത്തനായ മറ്റൊരു സ്ഥാനാർഥിയെയോ നിർത്തുകയല്ലാതെ സിപിഎമ്മിനു മുന്നിൽ മറ്റു വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്.

NEMOM  BJP  LDF  ELECTION
കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ- ഫയല്‍ചിത്രം (Facebook.com)

കണ്ണൂരിൽ നിന്ന് കെ.കെ. ശൈലജ, പി. ജയരാജൻ എന്നീ പേരുകൾ നേമത്ത് പ്രചരിച്ചു തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണെന്നു വേണം കരുതാൻ. 2025-ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടു കണക്ക് പരിശോധിച്ചാൽ ബിജെപിക്ക് മണ്ഡലത്തിൽ എൽഡിഎഫിനെക്കാൾ 7,664 വോട്ട് കൂടുതൽ നേടാനായിട്ടുണ്ട്.

2009-നു ശേഷമുള്ള നേമത്തിന്‍റെ വോട്ടു കണക്കുകള്‍

2008-ൽ മണ്ഡല പുനർനിർണയത്തിനു മുൻപ് തുടർച്ചയായി രണ്ടു തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് കോൺഗ്രസിലെ എൻ. ശക്തനായിരുന്നു. എന്നാൽ 2008-ലെ മണ്ഡല പുനർനിർണയത്തോടെ നേമം ആകെ മാറി. പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലുള്ള ഒരു നഗര നിയമസഭാ മണ്ഡലം എന്ന നിലയിലേക്കു നേമം മാറി. 2008-ലെ മണ്ഡലം പുനർനിർണയത്തിനു ശേഷം നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പ് 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. ശശി തരൂർ ആദ്യമായി കോൺഗ്രസ് സ്ഥാനാർഥിയായി ഭാഗ്യപരീക്ഷണത്തിനിറങ്ങിയത് 2009-ലായിരുന്നു. അന്ന് 99,998 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു തരൂരിന്‍റെ വിജയം. അന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പി.കെ. കൃഷ്ണദാസിന് വെറും 14,174 വോട്ടു മാത്രം നേടി മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.

NEMOM  BJP  LDF  ELECTION
കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ- ഫയല്‍ചിത്രം (Facebook.com)

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ഓരോ മുന്നണിക്കും കിട്ടിയ വോട്ടുകൾ ഇങ്ങനെ:

ശശി തരൂർ (യുഡിഎഫ്): 42,122

പി. രാമചന്ദ്രൻ നായർ (എൽഡിഎഫ്): 35,297

പി.കെ. കൃഷ്ണദാസ് (ബിജെപി): 14,174

പക്ഷേ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഥ മാറി. 2009-ലെ 14,174 വോട്ടിൽ നിന്ന് 43,661 എന്ന ഭീമൻ ലീഡിലേക്ക് ബിജെപി കുതിച്ചു. 2009-ൽ ഒന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി.

2011-ലെ അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടു നില:

വി. ശിവൻകുട്ടി (എൽഡിഎഫ്): 50,076

ഒ. രാജഗോപാൽ (ബിജെപി): 43,661

ചാരുപാറ രവി (യുഡിഎഫ്): 20,248

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാം സ്ഥാനത്ത്: 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഒ. രാജഗോപാൽ 50,685 വോട്ടു നേടി നേമത്ത് ഒന്നാം സ്ഥാനത്തെത്തി.

ഒ. രാജഗോപാൽ (ബിജെപി): 50,685

ഡോ. ശശി തരൂർ (യുഡിഎഫ്): 32,639

ഡോ. ബെന്നറ്റ് എബ്രഹാം (എൽഡിഎഫ്): 31,643

NEMOM  BJP  LDF  ELECTION
ഒ രാജഗോപാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം- ഫയല്‍ചിത്രം (Facebook.com)

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാലിലൂടെ ബിജെപി ആദ്യമായി നിയമസഭയിൽ അക്കൗണ്ട് തുറന്നു

ഒ. രാജഗോപാൽ (ബിജെപി): 67,813

വി. ശിവൻകുട്ടി (എൽഡിഎഫ്): 59,142

വി. സുരേന്ദ്രൻ പിള്ള (യുഡിഎഫ്): 13,680

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേമം നിയമസഭയിൽ ബിജെപി മുന്നേറ്റം തുടർന്നു

കുമ്മനം രാജശേഖരൻ (ബിജെപി): 58,513

ശശി തരൂർ (യുഡിഎഫ്): 46,472

സി. ദിവാകരൻ (എൽഡിഎഫ്): 33,921

2021-ൽ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വി. ശിവൻകുട്ടി നേമം ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു

വി. ശിവൻകുട്ടി (എൽഡിഎഫ്): 55,837

കുമ്മനം രാജശേഖരൻ (ബിജെപി): 51,888

കെ. മുരളീധരൻ (യുഡിഎഫ്): 36,524

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തുടർന്നു. അന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖരൻ 61,227 വോട്ട് നേമത്തു നിന്നു മാത്രം നേടി. ശശി തരൂരിന് 39,101 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് 33,322 വോട്ടും ലഭിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി ഭൂരിപക്ഷം 22,126 വോട്ടായിരുന്നു. അതുമായി താരതമ്യം ചെയ്താൽ ഇത്തവണ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിൽ വോട്ടിൽ കുറവു വന്നിട്ടുണ്ട്.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 48,693 വോട്ട് നേടാൻ മാത്രമേ ബിജെപിക്കു സാധിച്ചിട്ടുള്ളൂ. എൽഡിഎഫിനാകട്ടെ 2024-ൽ ലഭിച്ച 33,322-ൽ നിന്ന് 41,032-ലേക്ക് വോട്ടുയർത്താൻ കഴിഞ്ഞു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 39,101 വോട്ടു നേടിയ യുഡിഎഫിന് 22,097 വോട്ടിലൊതുങ്ങേണ്ടി വന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി ഭൂരിപക്ഷമായ 7,664 വോട്ട് എന്നത് ശിവൻകുട്ടിയുടെയും സിപിഎമ്മിന്‍റെയും ഉറക്കം കെടുത്തുന്നതാണ്. അതിനെ മറികടക്കാൻ അപ്രതീക്ഷിത സ്ഥാനാർഥിയെ ഇറക്കണോ അതോ നിലവിലെ സ്ഥാനാർഥി മതിയോ എന്നതിലാണ് സിപിഎമ്മിൽ ആശയക്കുഴപ്പവും.

Also Read: 20 വർഷമായി ഒരു എംഎൽഎ പോലുമില്ല; കോഴിക്കോട് പിടിക്കാൻ കോൺഗ്രസ്, തന്ത്രങ്ങൾ ഇങ്ങനെ