'വെള്ളാപ്പള്ളിയിൽ നിന്ന് 3 ലക്ഷം ഫണ്ട് പിരിച്ചിട്ടുണ്ട്, വാങ്ങിയത് പറയാൻ സിപിഐക്ക് മടിയില്ല' ; മറുപടിയുമായി ബിനോയ് വിശ്വം
വഴിവിട്ട സഹായങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞ് തന്നെയാണ് വെള്ളാപ്പള്ളിയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Published : January 5, 2026 at 6:25 PM IST
ഇടുക്കി: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക് സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നു. അദ്ദേഹത്തിൻ്റെ കൈയിൽ നിന്ന് ഫണ്ടും പിരിച്ചിട്ടുണ്ട്. അതിന് വ്യക്തമായ കണക്കുമുണ്ടെന്ന് ബിനോയ് വിശ്വം.
വഴിവിട്ട സഹായങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞ് തന്നെയാണ് വെള്ളാപ്പള്ളിയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയത്. സിപിഐ വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയും. കട്ടപ്പനയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
'ആലപ്പുഴയിലെ വ്യവസായ പ്രമുഖന്‍ എന്നനിലയിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത് ഫണ്ട് പിരിക്കാന്‍ പോയത്. അദ്ദേഹത്തോട് രാഷ്ട്രീയവും സംസാരിച്ചു. അതിനിടയില്‍ ചെറിയ സംഭാവനയും വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. 'എത്രയാ വേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ എത്രവേണമെന്നൊന്നും പറഞ്ഞില്ല. ആകാവുന്നതുപോലെ ഒരു സംഖ്യയെന്ന് പറഞ്ഞു. പണത്തിനായി അദ്ദേഹത്തെ ഞങ്ങളാരും നിർബന്ധിച്ചുമില്ല'.
'ഒന്നാണോ' എന്ന് അദ്ദേഹം ചോദിച്ചു. ഒന്നെങ്കില്‍ ഒന്ന് എന്ന് ഞങ്ങള്‍ പറഞ്ഞു. ഒരു വിലപേശലിനും പോയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് വന്ന് ഒരുപേപ്പര്‍ പൊതി തന്നു. എത്രയുണ്ടെന്ന് അറിയാമോയെന്ന് ചോദിച്ചു. ഒന്നുമല്ല, രണ്ടുമല്ല മൂന്ന് ലക്ഷമുണ്ടെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ അത് വാങ്ങിച്ചു. വഴിവിട്ട സഹായം പ്രതീക്ഷിക്കണ്ടയെന്നും പറഞ്ഞ് തന്നെയാണ് ഫണ്ട് കൈപ്പറ്റിയത് - ബിനോയ് വിശ്വം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഐക്കാര്‍ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശൻ്റെ ഈ ആരോപണത്തിനാണ് ബിനോയ് വിശ്വം മറുപടി കൊടുത്തത്. 'കാശ് വാങ്ങി മുങ്ങുന്ന പാര്‍ട്ടിയല്ല സിപിഐ. മേടിച്ചാല്‍ മേടിച്ചെന്ന് തന്നെ പറയും. തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സിപിഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്. അതാരും വിഴുങ്ങുകയും തോന്നിവാസം ചെയ്യുകയുമില്ല. ഇതാണ് സിപിഐയുടെ ഫണ്ട് പിരിവ്'- ബിനോയ് വിശ്വം വ്യക്തമാക്കി.
എൽഡിഎഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിൻ്റെ ആവശ്യം ഇല്ല. വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശനെതിരായ പുനർജനി അന്വേഷണത്തിൽ പ്രതിപക്ഷത്തിന് അങ്കലാപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവർ പോലും ഇപ്പോൾ അദ്ദേഹത്തിനൊപ്പം എത്തി. പേടി ഉള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

