പ്രായം വെറും അക്കം മാത്രം; തൃശൂരില്‍ ഭരതനാട്യത്തിന് അരങ്ങേറ്റം കുറിച്ചത് 60 വയസിന് മുകളിലുള്ള അമ്മമാര്‍
കൂട്ടനെല്ലൂർ ഹിൽ ഗാർഡൻസ് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് അരങ്ങേറ്റം കുറിച്ചത്.

Published : January 11, 2026 at 1:48 PM IST
തൃശൂർ: വീട്ടമ്മമാരും റിട്ടയർമെൻ്റ് കഴിഞ്ഞവരും എല്ലാം ഉൾപ്പെടുന്ന ഒരു സംഘം. മിക്കവർക്കും 60 വയസിന് മുകളിലാണ് പ്രായം. ശാരീരിക അസ്വസ്ഥതകളും മറ്റും ഉണ്ടെങ്കിലും അവര്‍ക്കെല്ലാവർക്കും ഒരേയൊരു ആഗ്രഹമാണുണ്ടായത്, നൃത്തം പഠിക്കണമെന്നും കുറച്ചുപേരുടെ മുന്നിലെങ്കിലും നൃത്തം ചെയ്യണമെന്നും. അങ്ങനെയിരിക്കെയാണ് ഈ അമ്മമാർക്ക് ഒരു ടീച്ചറെ ലഭിക്കുന്നത്. അവിടെ തുടങ്ങിയ പ്രയാണം ഇന്ന് എത്തി നിൽക്കുന്നത് ഭരതനാട്യത്തിൻ്റെ അരങ്ങേറ്റത്തിലാണ്.
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂരിലെ ഒരു കൂട്ടം അമ്മമാർ. പത്ത് അമ്മമാരുടെ ഭരതനാട്യം അരങ്ങേറ്റമാണ് പ്രായത്തിൻ്റെ അവശതകളെ നിഷ്പ്രഭമാക്കിയത്. വർഷങ്ങൾക്ക് മുമ്പ് കൂട്ടനെല്ലൂർ ഹിൽ ഗാർഡൻസ് റസിഡൻസ് അസോസിയേഷനിൽ തിരുവാതിര കളിക്കാൻ വന്നതാണ് ഈ പത്ത് അമ്മമാരും. അന്ന് എടുത്ത ഉറച്ച തീരുമാനമാണ് ഇന്ന് ഭരതനാട്യം എന്ന ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞത്.
പിന്തുണ നൽകിയത് സൗമ്യ ടീച്ചർ
ചെറിയ ചെറിയ സ്‌റ്റെപ്പുകളും മറ്റും കളിക്കും എന്നല്ലാതെ ഈ പ്രായത്തിൽ ഭരതനാട്യമോ ക്ലാസിക്കൽ ഡാൻസോ അഭ്യസിക്കാൻ കഴിയുമെന്ന് ആരും വിചാരിച്ചിരുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ നൃത്ത അധ്യാപികയായ സൗമ്യ സുജിത്തിൻ്റെ വരവോട് കൂടി അത് വെറും തെറ്റിദ്ധാരണയാണെന്ന് അവർക്ക് മനസിലായി. ഇതിന് തെളിവാണ് ഇക്കഴിഞ്ഞ ദിവസം നടന്ന അരങ്ങേറ്റം. മൂന്നുവർഷത്തെ പഠനത്തിനൊടുവിൽ നടന്ന അരങ്ങേറ്റം അക്ഷരാർഥത്തിൽ അമ്മമാരുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരുവാതിര പഠിപ്പിക്കാനാണ് ആദ്യം ഇവിടെയെത്തിയത്. അപ്പോൾ ഡാൻസ് പഠിച്ചൂടെ എന്ന് ചോദിച്ചു. എന്നാൽ എല്ലാവരെയും പോലെ പ്രായത്തിൻ്റെ ബുദ്ധിമുട്ടുകളും മറ്റും പറഞ്ഞ് ഒഴിയുകയാണ് ഉണ്ടായത്. പക്ഷേ ഭരതനാട്യം പഠിക്കാൻ നിർബന്ധിക്കുകയായിരുന്നു. കൊവിഡിന് ശേഷമാണ് പഠനം ആരംഭിച്ചത്. മൂന്ന് വർഷത്തോളം അമ്മമാർ നൃത്തം അഭ്യസിച്ചുവെന്നും അതിന് പിന്നാലെയാണ് അരങ്ങേറ്റം നടത്തിയതെന്നും റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി കൂടിയായ ആർ.എൽ.വി സൗമ്യ സുജിത്ത് പറഞ്ഞു.
പത്ത് പേർ ഇവരാണ്
പ്രായവും, അവശതകളും വിലങ്ങു തടിയാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ടീച്ചർ സൗമ്യ നൽകിയ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് തങ്ങൾക്ക് അരങ്ങേറ്റം വരെ എത്താൻ കഴിഞ്ഞതെന്ന് അമ്മമാരും വ്യക്തമാക്കി. ആദ്യം വിരലുകൾ ചേർത്ത് വയ്‌ക്കാനും മറ്റും പ്രായസമായിരുന്നു. എന്നാൽ നിരന്തരമായ പരിശീലനത്തോടെ അത് സായുക്തമാക്കിയെന്നും മുട്ട് വേദനയും മറ്റും ഉണ്ടെങ്കിലും അതെല്ലാം മറന്നാണ് നൃത്തം ചെയ്‌തതെന്നും അവർ കൂട്ടിച്ചേർത്തു.

അനീറ്റ, ദീപ, ജോഫി, ലൈല, മേരീസ്, പോളിൻ, സീമ, ഷീല, ഷൈനി, സുനിത എന്നിവരാണ് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ അവരുടെ ഭർത്താക്കന്മാർ എത്തിയതോടെ ചടങ്ങും വേറിട്ടതായി. മക്കളും, പേരക്കുട്ടികളും, റെസിഡൻസ് അസോസിയേഷനിലെ താമസക്കാരും പ്രോത്സാഹപ്പിച്ചതോടെ സദസും ആവേശഭരിതമായി. പ്രായവും അവശതകളും മതി മറന്ന് സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്താൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ ഏറെ പേരും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ അമ്മമാർ.


