ETV Bharat / state

ബെംഗളൂരു അപകടത്തില്‍ ദുരൂഹത; കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറുണ്ടായതായി സംശയം; അന്വേഷണത്തിന് ഉത്തരവ്

ഇന്നലെ ബിഡദിക്ക് സമീപം കെഎസ്ആര്‍ടിസി ബസിനു നേരേ മുട്ടയേറ് ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിലും ഇത്തരത്തിലുള്ള അട്ടിമറി ശ്രമമുണ്ടായിട്ടുണ്ടോ എന്നതില്‍ അധികൃതർ വിശദമായ പരിശോധന ആരംഭിച്ചത്.

Bengaluru Bus Accident  KSRTC  Accident
Bengaluru Bus Accident (X.com)
author img

By ETV Bharat Kerala Team

Published : August 13, 2026 at 6:47 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ബെംഗളൂരു ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തില്‍ ദുരൂഹതയും അട്ടിമറി സാധ്യതയും ശക്തമാകുന്നു. ഡ്രൈവറുടെ കാഴ്‌ച മറച്ച് വലിയ അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുട്ടയെറിഞ്ഞുള്ള ആക്രമണം നടന്നതെന്ന സംശയത്തെ തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോൺ സമഗ്രമായ അന്വേഷണത്തിന് കെഎസ്ആർടിസിക്ക് നിർദേശം നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ ബിഡദിക്ക് സമീപം കെഎസ്ആര്‍ടിസി ബസിനു നേരേ മുട്ടയെറ് ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് പിന്നിലും ഇത്തരത്തിലുള്ള അട്ടിമറി ശ്രമമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർ വിശദമായ പരിശോധന ആരംഭിച്ചത്. ഓഗസ്റ്റ് എട്ടിലെ അപകടത്തില്‍ ഡ്രൈവര്‍ കോഴിക്കോട് വെള്ളയിലിലെ കെ. മിഥിലേഷ്, കോവൂർ-ചേവായൂർ സ്വദേശി കണ്ടക്ടർ എൻ.എം. അരുൺ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അതേസമയം, ഓഗസ്റ്റ് 12-ന് രാത്രി ഒൻപത് മണിയോടെ ബെംഗളുരുവിൽ നിന്ന് കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കാസർകോട് യൂണിറ്റിലെ എ.ടി.സി 142 ഡീലക്‌സ് ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കർണാടകയിലെ ബിഡദിക്ക് (വിടുതി) സമീപം വച്ച് അജ്ഞാതർ ബസിന്‍റെ മുൻവശത്തെ ഗ്ലാസിലേക്ക് മുട്ടയെറിയുകയായിരുന്നു. ഇതേ തുടർന്ന് ഡ്രൈവറുടെ കാഴ്‌ച പൂർണ്ണമായി തടസ്സപ്പെട്ടു. മുൻപിലെ ചില്ലിലേക്ക് മുട്ട പതിച്ച ഉടൻ വൈപ്പർ പ്രവർത്തിപ്പിക്കാതെ ബസിന്‍റെ വേഗം സുരക്ഷിതമായി കുറച്ച് സൈഡിലേക്ക് ഒതുക്കി നിർത്തിയതിനാൽ മാത്രമാണ് അറുപതോളം യാത്രക്കാരുമായി പോയ ബസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുട്ട വീഴുമ്പോൾ വൈപ്പർ അടിച്ചാൽ വിൻഡ് സ്ക്രീൻ മുഴുവൻ മങ്ങി കാഴ്‌ച പൂർണ്ണമായും മറയുന്ന രീതിയിലുള്ള കവർച്ചാശ്രമമോ അട്ടിമറിയോ ആണ് ഇവിടെ നടന്നിരിക്കുന്നത്.

ഇന്നലെ രാത്രി ആക്രമണമുണ്ടായ സ്ഥലത്തിന് വെറും രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഓഗസ്റ്റ് എട്ടിന് മറ്റൊരു കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അന്നത്തെ അപകടത്തിന് കാരണവും മുട്ടയേറായിരുന്നോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് എട്ടിലെ അപകടത്തിൽപ്പെട്ട ബസിന്‍റെ ചില്ലിൽ മുട്ട പതിച്ചിട്ടുണ്ടോ എന്നറിയാൻ ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.

സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേ കേന്ദ്രീകരിച്ച് കെഎസ്ആർടിസി അന്വേഷണം ഊർജ്ജിതമാക്കി. ബസിന്‍റെ യാത്രാവഴി, ആക്രമണം നടന്ന സ്ഥലം, സമീപകാലത്തുണ്ടായ സമാന സംഭവങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. രണ്ട് സംഭവങ്ങളിലുമായി അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഡിജിപിക്കും ബിഡദി പൊലീസിനും കെഎസ്ആർടിസിയും പ്രാദേശിക മലയാളി സമാജവും പരാതി നൽകിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അട്ടിമറി സ്ഥിരീകരിച്ചാൽ കർശന നിയമനടപടികളിലേക്ക് കടക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Also Read: അർജൻ്റീനയും മെസ്സിയും: അവ്യക്തതകൾ പരിശോധിച്ചശേഷം നടപടിയെന്ന് മന്ത്രി ഒ ജെ ജനീഷ്