പോഷക സമൃദ്ധമായ ആരോഗ്യമോദകവും ഹെല്‍ത്ത് മിക്‌സും, "ആരോഗ്യരഹസ്യം" തേടി തരംഗമായി കണ്ണൂരിലെ ആയുര്‍വേദ എക്‌സ്‌പോ
ആയുർവേദത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, ആരോഗ്യകരമായ ജീവിതത്തെ നിലനിർത്താനുള്ള വഴികൾ ഡോക്‌ടർമാർ പറഞ്ഞു തരുന്നു. ജീവിതശൈലി, ഭക്ഷണം, വ്യായാമം എന്നിവയിലെല്ലാം ആയുർവേദം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വ്യക്തമാക്കുന്നു.

Published : February 24, 2026 at 9:09 PM IST
കണ്ണൂര്‍: രോഗപ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനും നല്‍കുന്ന വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ ആരോഗ്യത്തിൻ്റെ നിര്‍വചനം തന്നെ കേവലം രോഗമില്ലാത്ത അവസ്ഥ എന്നല്ല. ദോഷങ്ങളുടേയും ദാതുക്കളുടേയും സന്തുലിതാവസ്ഥ, ഇന്ദ്രിയങ്ങളുടെ ശരിയായ പ്രവൃത്തി, ആനന്ദപൂര്‍ണമായ മനസ് ഇവയെല്ലാമാണ്.
ആരോഗ്യ ലക്ഷണമായി ആയുര്‍വേദം വ്യക്തമാക്കുന്നത് ദിനചര്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ഒരാള്‍ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങളാണ് ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാൽ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും ദിനചര്യകള്‍ കൃത്യമായി അനുഷ്‌ഠിക്കണമെന്നും ആയുര്‍വേദം അനുശാസിക്കുന്നു. നാഷണല്‍ ആയുഷ് മിഷനും കേരള ആയുഷ് വകുപ്പും ചേര്‍ന്ന് കണ്ണൂരില്‍ ഒരുക്കിയ ആയുര്‍വേദ എക്‌സ്പോയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കൃത്യമായ ഇടവേളകളില്‍ വിശപ്പ് വരുമ്പോള്‍ ഭക്ഷണം ശീലമാക്കുക, കടന്നു വരുന്ന ഭക്ഷണശീലങ്ങളിലെ അപകടം തിരിച്ചറിയാന്‍ പ്രാപ്‌തമാക്കുക എന്ന് ഡോക്‌ടർമാർ നിർദേശിക്കുന്നു. ഇടവേളകളില്‍ കഴിക്കാവുന്ന ആരോഗ്യ ദായകമായ ഭക്ഷണ രീതികള്‍ പ്രദര്‍ശിപ്പിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചും ആയുര്‍വേദ ഡോക്‌ടര്‍മാരും ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവരും ആയുര്‍വേദ എക്‌സ്‌പോയില്‍ ശ്രദ്ധേയമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"അവില്‍, എള്ള്, നിലക്കടല, പനംകല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ഹെല്‍ത്ത് മിക്‌സ്, വൈറ്റമിന്‍ ഡിയുടേയും കാൽസ്യത്തിൻ്റേയും കലവറയാണ്. ഇവയുടെ അഭാവം നേരിടുന്നവര്‍ക്ക് പാലില്‍ ചേര്‍ത്ത് ടോണിക്കായും നേരിട്ടും കഴിക്കാവുന്നതാണെന്ന്", ചെറുകുന്നത്തെ ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിലെ ഡോക്‌ടർ മാലിനി പറയുന്നു. സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ "കാരറ്റ്, നറുനീണ്ടിക്കിഴങ്ങ്, നന്നാറി, കല്‍ക്കണ്ടം, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജാം ആണ് മറ്റൊരു ശ്രദ്ധേയമായ ഇനം. വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ള ഈ ജാം മാര്‍ക്കറ്റില്‍ ലഭിക്കുന്ന ജാമുകളെ പോലെ രാസവസ്‌തു തീണ്ടിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രായഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാം", എന്ന് ഡോ. പി രാധിക പറയുന്നു.
തിലമോദകമാണ് മറ്റൊരു പലഹാരം. "എള്ള്, അവില്‍, കടല എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ പലഹാരം ആയുര്‍വേദത്തിലെ ലഡുവാണ്. ചായക്കൊപ്പം കഴിക്കുമ്പോള്‍ തന്നെ പോഷകവും ലഭിക്കുന്നു.
ആരോഗ്യമോദകം എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരിനമുണ്ട്. നിലക്കട, എള്ള്, ഏലക്ക, ശര്‍ക്കര എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ആരോഗ്യമോദകം. ഇതും ലഡുവിന് പകരം ഉപയോഗിക്കാവുന്നതാണെന്ന്", ഡോ. കെ ധന്യ നിർദേശിക്കുന്നു.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള പോഷക സമൃദ്ധമായ ധാന്യങ്ങളും മറ്റും ചേര്‍ത്ത് വര്‍ത്തമാന കാലത്തിന് അനുയോജ്യമായ തരത്തില്‍ ഉണ്ടാക്കാവുന്നതാണ് ആരോഗ്യമോദകം. "വീടുകളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സാധനമാണ് ആരോഗ്യമോദകം. ലഡുവിൻ്റെ ആയുർവേദ വേർഷനാണിത്. ഇത് വളരെ പ്രയോജനം ചെയ്യുന്നതാണ്. മുടികൊഴിച്ചിൽ, ദഹനം എന്നവയ്‌ക്കൊക്കെ ഇത് നല്ലതാണെന്ന്", ആരോഗ്യമോദകത്തെപ്പറ്റി ഡോ. അനുരാജ് തോമസ് വ്യക്തമാക്കുന്നു. ഏതു കാലാവസ്ഥയിലും ഇവയെല്ലാം ഉപയോഗിക്കാം എന്നതാണ് സവിശേഷത. ഇതിനെല്ലാമുപരി കുടിവെളളവുമുണ്ട് ആയുര്‍വേദ എക്‌സ്‌പോയില്‍. പാനകം എന്ന് അവര്‍ വിളിക്കുന്ന ദാഹശമിനി രുചിച്ച് നോക്കാവുന്നതാണ്.
ആരോഗ്യമോദകവും ഹെല്‍ത്ത് മിക്‌സും ഒക്കെ സന്ദര്‍ശകര്‍ക്ക് ഡോക്‌ടര്‍മാര്‍ നല്‍കുന്നുമുണ്ട്. അതിമധുരവും രാസവസ്‌തുക്കളും ചേര്‍ത്ത ബേക്കറി ഉത്‌പ്പന്നങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ആയുര്‍വേദ എക്‌സ്‌പോ. ആരോഗ്യകരമായ ശീലങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരു ചുവടുവയ്‌പ്പായി എക്‌സ്‌പോ മാറിയിട്ടുണ്ട്. ആയുര്‍വേദത്തിന് പുറമേ സിദ്ധ, യുനാനി എന്നീ ചികിത്സാ വിഭാഗങ്ങളും എക്‌സ്‌പോയിലുണ്ട്.
Also Read: കേരളം മാത്രമല്ല... ഇന്ത്യയില്‍ പേര് മാറ്റിയ സംസ്ഥാനങ്ങള്‍ ഏതെല്ലാമെന്ന് അറിയാമോ?


