ETV Bharat / state

ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്, ഭക്തരെ സ്വീകരിക്കാനൊരുങ്ങി നഗരം

ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും. അനന്തപുരിയെ യാഗശാലയാക്കുന്ന ഈ പുണ്യോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി

ATTUKAL PONGALA ON MARCH 3
ആറ്റുകാല്‍ പൊങ്കാല (ഫയല്‍ ചിത്രം) (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 2:32 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഉത്സവം മാർച്ച് മൂന്നിന് നടക്കും. വിവിധയിടങ്ങളിൽ നിന്നെത്തുന്ന ഭക്തരെ സ്വീകരിക്കാനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ മൂന്നിന് ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകൾ എത്തും. തിരുവനന്തപുരം നഗരം പൊങ്കാല അർപ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാൽ നിറയും. നഗരവീഥികളിലും വീടുകളിലും പൊങ്കാലക്കലങ്ങൾ നിറയുമ്പോൾ നഗരമൊട്ടാകെ ഭക്തർക്ക് ആതിഥ്യമരുളും.

കഴിഞ്ഞ 23നാണ് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി ഉത്സവം ആരംഭിച്ചത്. മാർച്ച് മൂന്നിന് രാവിലെ 9.45നാണ് അടുപ്പിൽ തീ പകരുന്നത്. ഉച്ചക്ക് 02:15 നാണ് പൊങ്കാല നിവേദ്യം. അന്നു രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മാർച്ച് നാലിന് രാത്രി 12:45ന് നടക്കുന്ന കുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. കുംഭമാസത്തിലെ കാർത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാൽ ഭഗവതി. കണ്ണകി, അന്നപൂർണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കൽപ്പിക്കുന്നു.

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തൻ്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്‌നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നൽകി എതിരേറ്റെന്നും വിശ്വാസമുണ്ട്. സർവാഭീഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ തപസ്സനുഷ്ഠിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാൻ വേണ്ടിയാണ് സ്ത്രീകൾ പൊങ്കാല സമർപ്പിക്കുന്നത്. പൊങ്കാലയ്ക്ക് പുതിയ മൺകലം, പച്ചരി, ശർക്കര, നെയ്യ്, നാളികേരം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പൊങ്കാല ദിവസം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം ആ ദീപം സഹമേൽശാന്തിക്കു കൈമാറും. സഹമേൽശാന്തി ദീപം ഭക്തരുടെ അടുപ്പുകളിലേക്ക് കൈമാറുന്നതോടെ പൊങ്കായക്ക് തുടക്കമാകും. ക്ഷേത്രത്തിനു ചുറ്റും കിലോമീറ്ററുകളോം ദൂരത്തിൽ അടുപ്പുകൂട്ടുന്ന ഭക്തർ നഗരത്തെ യാഗശാലയാക്കി ആത്മസമർപ്പണം ചെയ്യും. ക്ഷേത്രതന്ത്രി ബ്രഹ്‌മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, മേൽശാന്തി ബ്രഹ്‌മശ്രീ അനീഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ദീപം പകരുന്നത്.

ഇക്കൊല്ലത്തെ പൊങ്കാല മാഹാത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത് 132 പേരടങ്ങുന്ന ഒരു ഉത്സവ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നതിനായി ജനറൽ കൺവീനർ, ജോയിൻ്റ് ജനറൽ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ അക്കോമഡേഷൻ, കുത്തിയോട്ടം, മീഡിയ ആന്‍ഡ് ഇൻഫർമേഷൻ, മെസ്സ്, പ്രസാദ ഊട്ട്, പ്രൊസഷൻ ആന്‍ഡ് താലപ്പൊലി, പ്രോഗ്രാം, റിസപ്ഷൻ, വോളൻ്റിയേഴ്‌സ്സ് എന്നീ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ഗ്രീൻ പ്രോട്ടോക്കോളനുസരിച്ച് പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ് വേണുഗോപാൽ, പ്രസിഡൻ്റ് വി ശോഭ, സെക്രട്ടറി കെ ശരത്കുമാർ എന്നിവർ അറിയിച്ചു.