ETV Bharat / state

നിയമസഭ തെരഞ്ഞെടുപ്പ്; അങ്കത്തിനൊരുങ്ങി കോൺഗ്രസ്, സീറ്റ് വിഭജന ചർച്ചകൾ ഉടൻ

ഈ മാസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടി തീരുമാനം.

KERALA ASSEMBLY ELECTION NEWS  KERALA ASSEMBLY ELECTION 2026  CONGRESS  UDF
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 6, 2026 at 8:24 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങി കോൺഗ്രസ്. യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കും. ജനുവരി മാസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് പാർട്ടി അറിയിച്ചു. മുസ്‌ലീം ലീഗ് അടക്കമുള്ള പാർട്ടികളുമായാണ് സീറ്റ് വിഭജന ചർച്ച നടത്തുന്നത്.

എന്നാൽ ഇത്തവണ മുൻ വർഷത്തേക്കാൾ കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കാം. കൂടാതെ ചില സീറ്റുകൾ വച്ചു മാറണമെന്ന് ആവശ്യപ്പെട്ട് ആർഎസ്‌പി ഉൾപ്പെടെയുള്ള പാർട്ടികളും മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ എല്ലാം ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് കോൺഗ്രസിൻ്റെ ശ്രമം. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക ലക്ഷ്യമിട്ടുള്ള നടപടികളും കോൺഗ്രസിൽ ആരംഭിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഈ മാസം കേരളത്തിൽ എത്തും. ശേഷം സിറ്റിങ് എംഎൽഎമാർ അടങ്ങുന്ന പട്ടികയായിരിക്കും ആദ്യം പ്രഖ്യാപിക്കുക. ഇത്തവണ ഭരണം തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയും നേതാക്കളും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായാണ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ജനുവരി അഞ്ചിന് കെപിസിസി നേതൃസംഗമം ലക്ഷ്യ 2026 സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കരുത്താർജിച്ച കോൺഗ്രസ് അതിൻ്റെ ടെമ്പോ നിലനിർത്തി കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ഒത്തുച്ചേര്‍ന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 140ൽ 100 സീറ്റുകൾ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർഥികളെ മുൻകൂട്ടി നിശ്ചയിക്കും.

പ്രശസ്‌ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവും അദ്ദേഹത്തിൻ്റെ ടീമും ക്യാമ്പിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തെയും കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഇവർ പാർട്ടിക്ക് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ 90 സീറ്റുകൾ നേടുമെന്നാണ് കനുഗോലുവിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് വയനാട്ടിൽ കോൺഗ്രസ് നേതൃത്വം ഒത്തുകൂടിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അത് പുറത്ത് വരാതായതോടെ നേതാക്കളുടെ തമ്മിലടിയിൽ സ്ഥാനാർഥി നിർണയം വൈകിയെന്നും വാർത്തകൾ വന്നു. എന്നാൽ ഇത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പരിപാടി അല്ല എന്നായിരുന്നു വിഡി സതീശൻ്റെ മറുപടി.

ഇത്തവണ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കും. സ്ഥാനാർഥി പട്ടികയുടെ ആദ്യഘട്ടം ഈ മാസം തന്നെ പുറത്തിറക്കാനാണ് നീക്കം. ഫെബ്രുവരി ആദ്യവാരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന 'കേരള യാത്ര'യിൽ സ്ഥാനാർഥികളെയും അവതരിപ്പിക്കാനാണ് ലക്ഷ്യം. പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചാൽ അത് ഗുണകരമാകും എന്നാണ് പൊതുവിലയിരുത്തൽ. സംസ്ഥാനത്തെ തെക്ക്, മധ്യ, വടക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കും.

Also Read: അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും; യുദ്ധകാലാടിസ്ഥാനത്തിൽ സര്‍ക്കാര്‍ നടപടി, രേഖകൾ സൗജന്യമായി ലഭ്യമാക്കും